Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വടിയെടുത്ത് ദക്ഷിണ കൊറിയ; ക്രിപ്റ്റോ കറൻസികളിൽ കനത്ത വിലയിടിവ്

BITCOIN

ലോകത്ത് ഏറ്റവും കൂടുതൽ ക്രിപ്റ്റോ കറൻസി ഇടപാടു നടക്കുന്ന ദക്ഷിണ കൊറിയയിൽ ഇത്തരം ഇടപാടുകൾക്കെതിരെ കർശന നടപടികൾ പ്രഖ്യാപിച്ചതിനെ തുടർന്നു ബിറ്റ്കോയിൻ ഉൾപ്പെടെയുള്ള പ്രമുഖ ക്രിപ്റ്റോ കറൻസികളുടെ വിലയിൽ കനത്ത ഇടിവ്. കഴിഞ്ഞ മാസം 19,000 ഡോളറിനു മുകളിൽ വരെ വില കയറിയ ബിറ്റ്കോയിൻ പടിപടിയായി ഇറങ്ങിവന്ന് ഇന്നലെ 12,000 ഡോളറിനു താഴെയെത്തി.

1500 ഡോളറിനടുത്തു വിലയുണ്ടായിരുന്ന എതീറിയം 1100 ഡോളറിനു താഴെ വരെ ഇറങ്ങി. കഴിഞ്ഞ മാസം 340 ഡോളറിനു മുകളിൽ പോയ ലൈറ്റ്കോയിൻ വില 200 ഡോളറിനു താഴെ വന്നു. റിപ്പിൾ, ട്രോൺ, സ്റ്റെല്ലാർ തുടങ്ങി മറ്റു പ്രമുഖ കറൻസികളുടെയെല്ലാം വിലയിൽ 15 മുതൽ 30 ശതമാനം വരെ ഇടിവുണ്ടായിട്ടുണ്ട്.

ഒരു രാജ്യത്തെയും കേന്ദ്ര ബാങ്കുകളുടെ നിയന്ത്രണമില്ലാത്ത ക്രിപ്റ്റോ കറൻസികളിൽ ഇടപാടു നടത്തുന്നവർ സ്വന്തം പേരു വെളിപ്പെടുത്തേണ്ടതില്ല. എന്നാൽ, ഇങ്ങനെ ഇടപാടു നടത്തുന്നവർ ഉടൻതന്നെ പേരു വിവരങ്ങൾ വെളിപ്പെടുത്തണമെന്നും അല്ലാത്തപക്ഷം കനത്ത പിഴ ഈടാക്കുമെന്നും ദക്ഷിണ കൊറിയ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടർച്ചയായി രാജ്യത്ത് ക്രിപ്റ്റോ കറൻസി ഇടപാടുകൾ വിലക്കുമെന്നും എക്സ്ചേഞ്ചുകൾ അടച്ചുപൂട്ടുമെന്നും വാർത്തകൾ വന്നതാണു വിപണിയിലെ കനത്ത വിലയിടിവിനു കാരണം. 

ദക്ഷിണ കൊറിയയിൽ ക്രിപ്റ്റോ കറൻസി വോലറ്റ് സൗകര്യം നൽകുന്ന  സ്ഥാപനങ്ങളിലൊന്നിൽനിന്നു രണ്ടു തവണയായി ബിറ്റ്കോയിനുകൾ മോഷ്ടിക്കപ്പെട്ടതിനെ തുടർന്നു കഴിഞ്ഞമാസം സ്വയം പാപ്പരായി പ്രഖ്യാപിച്ച് അടച്ചുപൂട്ടിയിരുന്നു.

related stories