Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എണ്ണ, വാതക പര്യവേക്ഷണം: 55 ബ്ലോക്കുകൾ ലേലത്തിന്

മുംബൈ ∙ രാജ്യത്തെ 28 ലക്ഷം ചതുരശ്ര കിലോമീറ്റർ പ്രദേശം എണ്ണ, വാതക പര്യവേക്ഷണത്തിനായി നൽകുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായി 55 പര്യവേക്ഷണ ബ്ലോക്കുകളുടെ ലേലത്തിന് കേന്ദ്ര സർക്കാർ. പുതിയ ഹൈഡ്രോ കാർബൺ എക്സ്പ്ലൊറേഷൻ ആൻഡ് ലൈസൻസിങ് പോളിസി (ഹെൽപ്) പ്രകാരം ആദ്യമായി നടത്തുന്ന ലേലം എട്ടു വർഷത്തിനിടെയുള്ള ഏറ്റവും വലുതാണ്.

സർക്കാർ പര്യവേക്ഷണ ബ്ലോക്കുകൾ കണ്ടെത്തി ലേലം ചെയയുന്ന പഴയ രീതിക്കു പകരം പുതിയ നയമായ ഹെൽപ് പ്രകാരം, നിലവിൽ പര്യവേക്ഷണം നടക്കാത്ത പ്രദേശങ്ങൾ കണ്ടെത്തി താൽപര്യം അറിയിക്കാൻ കഴിഞ്ഞ ജൂലൈയിൽ കമ്പനികൾക്ക് അവസരം നൽകിയിരുന്നു. ഇപ്രകാരം ലഭിച്ച അപേക്ഷകളിൽനിന്നു  തിരഞ്ഞെടുത്ത 55 ബ്ലോക്കുകളാണ് ലേലത്തിനു വയ്ക്കുന്നതെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹൈഡ്രോ കാർബൺസിന്റെ ഡയറക്ടർ ജനറൽ അതാനു ചക്രവർത്തി അറിയിച്ചു.

55 ബ്ലോക്കുകളിലായി 59,282 ചതുരശ്ര കിലോമീറ്റർ പ്രദേശമാണ് വരിക. രാജ്യത്തു നിലവിൽ പര്യവേക്ഷണം നടന്നുകൊണ്ടിരിക്കുന്നത് 1,02,000 ചതുരശ്ര കിലോമീറ്ററിലാണ്. 28 ലക്ഷം ചതുരശ്ര കിലോമീറ്ററിൽ പര്യവേക്ഷണം നടത്തുന്നതോടെ എണ്ണയ്ക്കും വാതകത്തിനുമായി ഇറക്കുമതിയെ അമിതമായി ആശ്രയിക്കുന്നത് ഒഴിവാക്കാനാകുമെന്ന് അതാനു ചക്രവർത്തി പറഞ്ഞു. ഏപ്രിൽ ആദ്യവാരത്തിനകം ലേലത്തിനുള്ള ബിഡ് നൽകണം. ജൂൺ അവസാനത്തോടെ ബ്ലോക്കുകൾ അനുവദിക്കും. പര്യവേക്ഷണത്തിനുള്ള ബ്ലോക്കുകൾ തിരഞ്ഞെടുക്കുകയും താൽപര്യം പ്രകടിപ്പിക്കുകയും ചെയ്ത കമ്പനികൾക്ക് ലേലത്തിൽ നിശ്ചിത കണക്കിൽ മുൻഗണനയുണ്ടാകും.