Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സാമ്പത്തികഞെരുക്കം: ഭക്ഷ്യവിതരണവും നെല്ലു സംഭരണവും പ്രതിസന്ധിയിലേക്ക്

car

കൊച്ചി ∙ സാമ്പത്തിക ഞെരുക്കം മൂലം സംസ്ഥാനത്തെ ഭക്ഷ്യവിതരണവും പ്രതിസന്ധിയിലേക്ക്. ഭക്ഷ്യവസ്തുക്കൾ നൽകുന്ന കമ്പനികൾക്കു പണം കൊടുക്കാൻ കഴിയാത്ത ഗുരുതര സഥിതിയിലേക്കു സിവിൽ സപ്ലൈസ് കോർപറേഷൻ നീങ്ങുകയാണെന്നു കാണിച്ച് എംഡി വകുപ്പു മന്ത്രിക്കും സെക്രട്ടറിക്കും കത്തയച്ചു. ബാങ്കുകളിൽ നിന്ന് ഒരു രൂപ പോലും ഇനി കടമെടുക്കാൻ കഴിയാത്ത നിലയ്ക്ക് വായ്പ പരിധി കഴിഞ്ഞുവെന്നും നെല്ലു സംഭരിച്ച വകയിൽ കർഷകർക്കുള്ള പ്രതിഫലവിതരണം നിർത്തിവയ്ക്കേണ്ട സാഹചര്യത്തിലേക്കു നീങ്ങുകയാണെന്നും കത്തിൽ പറയുന്നു.

സപ്ലൈകോയ്ക്ക് അനുവദനീയമായ കടമെടുപ്പു പരിധി 925 കോടി രൂപയാണ്. ഈ പരിധിയെത്തി. ഇനി ബാങ്കിൽനിന്നു വായ്പ കിട്ടില്ല. ഭക്ഷ്യവസ്തുക്കൾ സബ്സിഡിയായി നൽകിയ വകയിലും കർഷകരിൽനിന്നു നെല്ലു സംഭരിച്ച വകയിലും സർക്കാരിൽ നിന്നു ലഭിക്കേണ്ട തുക ലഭിക്കാത്തതാണു പ്രതിസന്ധി രൂക്ഷമാക്കിയത്. സബ്സിഡി ഇനത്തിൽ 100 കോടി രൂപയാണു സർക്കാർ നൽകാനുള്ളത്. നെല്ലു സംഭരിച്ച വകയിൽ സർക്കാരിൽനിന്നു മാത്രം 82.51 കോടി രൂപ കിട്ടാനുണ്ട്. ഇതിനു പുറമേ, സിവിൽ സപ്ലൈസ് ഡയറക്ടർ 18.87 കോടി രൂപ നൽകണം. ഈ തുകകൾ ലഭിക്കാൻ കാലതാമസമുണ്ടായാൽ നെല്ലു സംഭരണവും ഭക്ഷ്യസാധന വിതരണവും ഗുരുതര പ്രതിസന്ധിയിലേക്കു നീങ്ങുമെന്നു സൂചിപ്പിച്ചാണു കത്ത്. കഴിഞ്ഞ മൂന്നു മാസത്തിനിടെ ഇതേ വിഷയത്തിൽ മൂന്നാമത്തെ കത്താണ് അയയ്ക്കുന്നതെന്ന കാര്യവും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

എന്നാൽ, ഈ സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഓഫിസ് മോടി പിടിപ്പിക്കാനും കാറുകൾ വാങ്ങിക്കൂട്ടാനും ലക്ഷങ്ങൾ ചെലവഴിക്കുകയാണു സപ്ലൈകോ എന്ന് ആക്ഷേപമുണ്ട്. ഈയിടെ സപ്ലൈകോ ആസ്ഥാനത്തെ കോൺഫറൻസ് മുറി നവീകരിച്ചതു 15 ലക്ഷം രൂപ മുടക്കിയാണ്. അതിഥിമുറി നാലു ലക്ഷം മുടക്കിയും നവീകരിച്ചു. പുതിയ ലിഫ്റ്റ് സ്ഥാപിക്കാൻ 35 ലക്ഷം രൂപയും ചെലവിട്ടു. ഇതിനു പുറമേ, ഉദ്യോഗസ്ഥർക്കു സഞ്ചരിക്കാനായി എട്ടു ലക്ഷത്തോളം രൂപ വീതം വിലവരുന്ന രണ്ടു പുതിയ കാറുകൾ വാങ്ങാനുള്ള തീരുമാനം ഡയറക്ടർ ബോർഡിനു മുൻപിൽ വച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം അവസാനം രണ്ടു കാറുകൾ ഉദ്യോഗസ്ഥരുടെ ആവശ്യത്തിനായി വാങ്ങിയതിനു പുറമേയാണിത്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ സപ്ലൈകോയുടെ ഒൻപതു കാറുകളാണു കണ്ടം ചെയ്തത്. പൊതുമേഖലാ സ്ഥാപനങ്ങൾ പുതിയ വാഹനങ്ങൾ വാങ്ങിക്കൂട്ടേണ്ടെന്നും ആവശ്യാനുസരണം വാടകയ്ക്കെടുക്കുകയും ഓട്ടത്തിനനുസരിച്ചു വാടക നൽകുകയും ചെയ്താൽ മതിയെന്നുമാണു ധനകാര്യ വകുപ്പിന്റെ നിർദേശം.