Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സെൻസെക്സ് @ 35,000; സെൻസെക്സും നിഫ്റ്റിയും സർവകാല റെക്കോർഡിൽ

sensex

കൊച്ചി ∙ 34,000 പോയിന്റിൽ റെക്കോർഡ് രേഖപ്പെടുത്തിയ സെൻസെക്സ് ഒരു മാസം പോലും പിന്നിടുന്നതിനു മുൻപു 35,000 പോയിന്റിൽ. ഓഹരി വില സൂചികയായ നിഫ്റ്റിക്കും സർവകാല ഔന്നത്യം. ലോകമെങ്ങുമുള്ള ഓഹരി വിപണികളിൽ വില സൂചികകൾ പടിയിറങ്ങിയ ദിവസം പുതിയ ഉയരങ്ങൾ കീഴടക്കാനായത് ഇന്ത്യൻ വിപണിക്കു മാത്രം. സെൻസെക്സ് 310.77 പോയിന്റ് ഉയർന്ന് 35,081.82ൽ അവസാനിച്ചപ്പോൾ നിഫ്റ്റി എത്തിനിന്നത് 88.10 പോയിന്റ് ഉയർന്നു 10,788.55 പോയിന്റിൽ. ഇക്കഴിഞ്ഞ ഡിസംബർ 26നു 34,000 പോയിന്റ് കീഴടക്കിയ സെൻസെക്സിന് 1000 പോയിന്റ് കൂടി നേടാൻ 17 വ്യാപാരദിനങ്ങൾ മാത്രമേ വേണ്ടിവന്നുള്ളൂ.

ബാങ്കിങ്, ഐടി വ്യവസായങ്ങളിൽ നിന്നുള്ള ഓഹരികളുടെ കനത്ത പിന്തുണയിലായിരുന്നു വിപണിയുടെ ഇന്നലത്തെ കുതിപ്പ്. അതിവേഗ വിൽപനയുള്ള ഉപഭോക്തൃ ഉൽപന്നങ്ങൾ, മൂലധന വസ്തുക്കൾ എന്നീ മേഖലകളുമായി ബന്ധപ്പെട്ട ഓഹരികളും മുന്നേറ്റത്തിനു കരുത്തേകി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഇൻഫോസിസ്, ഐടിസി, എൽ ആൻഡ് ടി തുടങ്ങിയ കമ്പനികളുടെ ഓഹരികളിലായിരുന്നു ശക്തമായ മുന്നേറ്റം.

വിദേശ ധനസ്ഥാപനങ്ങൾ (എഫ്ഐഐ) വിപണിക്കു കനത്ത പിന്തുണയേകിയപ്പോൾ കോർപറേറ്റ് മേഖലയിൽ നിന്നു പുറത്തുവന്നുകൊണ്ടിരിക്കുന്ന മൂന്നാം ത്രൈമാസ പ്രവർത്തനഫലങ്ങൾ നിക്ഷേപകരിൽ പ്രതീക്ഷ വർധിപ്പിച്ചു. ധനക്കമ്മി നിയന്ത്രണത്തിന്റെ ഭാഗമായി വായ്പ വിഹിതം കുറയ്ക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചതും വിപണിക്ക് അനുകൂലമായാണു നിക്ഷേപകർ കണ്ടത്.

കേന്ദ്രബജറ്റ് അവതരണത്തിനു രണ്ട് ആഴ്ച മാത്രം ബാക്കിനിൽക്കെ വിപണി അസാധാരണ വേഗത്തിൽ മുന്നേറിക്കൊണ്ടിരിക്കുന്നതിൽ അസ്വാഭാവികത കാണുന്ന നിരീക്ഷകരുണ്ട്. വിപണി തിരുത്തലിനു വിധേയമാകേണ്ട സമയമായിരിക്കുന്നു എന്ന് അവർ ചൂണ്ടിക്കാട്ടുമ്പോൾ മുന്നേറാനുള്ള ശേഷി നിലനിൽക്കുകയാണെന്നു നിരീക്ഷിക്കുന്നവരും കുറവല്ല. കടന്നുപോയ വർഷത്തെപ്പോലെ ഈ വർഷവും വിപണിക്കു ചരിത്ര നേട്ടത്തിന്റേതായിരിക്കുമെന്നാണ് അവരുടെ പ്രവചനം.

കഴിഞ്ഞ വർഷം സെൻസെക്‌സിൽ 27.9 ശതമാനവും നിഫ്‌റ്റിയിൽ 28.6 ശതമാനവും വർധന രേഖപ്പെടുത്തുകയുണ്ടായി. വിദേശ ധനസ്‌ഥാപനങ്ങളിൽ നിന്ന് ഇന്ത്യൻ വിപണിയിലേക്ക് ഒഴുകിയത് 52,000 കോടി രൂപയിലേറെ. മ്യൂച്വൽ ഫണ്ടുകൾ ഓഹരി വിപണിയിൽ നിക്ഷേപിച്ചത് 1.25 ലക്ഷം കോടി രൂപ.