Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്റ്റാംപ് ഡ്യൂട്ടിക്കു പകരം ജിഎസ്ടി: നിയമപരമായി നേരിടാൻ കേരളം

Goods and Services Tax - GST

തിരുവനന്തപുരം ∙ ഭൂമി റജിസ്ട്രേഷന്റെ സ്റ്റാംപ് ഡ്യൂട്ടിക്കു പകരമായി ജിഎസ്ടി കൊണ്ടുവരാനുള്ള ജിഎസ്ടി കൗൺസിലിന്റെ നീക്കത്തെ നിയമവഴിയിൽ നേരിടാൻ സംസ്ഥാന സർക്കാർ. ഇന്നു ചേരുന്ന കൗൺസിലിന്റെ അജൻഡയിൽ വിഷയം ഉൾപ്പെടുത്തിയെന്ന അറിയിപ്പു ലഭിച്ചതിനു പിന്നാലെ ധനമന്ത്രി ടി.എം.തോമസ് ഐസക് നിയമോപദേശം തേടി. സംസ്ഥാനങ്ങൾക്ക് അവകാശപ്പെട്ട ഡ്യൂട്ടികൾ കേന്ദ്രം ഏറ്റെടുക്കുന്നതിനെ ഭരണഘടനാപരമായി തന്നെ എതിർക്കാൻ കഴിയുമെന്നാണു മന്ത്രിക്കു കിട്ടിയ നിയമോപദേശം. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര നീക്കത്തെ കൗൺസിലിൽ ശക്തമായി എതിർക്കുമെന്നു ധനവകുപ്പ് വൃത്തങ്ങൾ വ്യക്തമാക്കി. ഇതു ചെവിക്കൊണ്ടില്ലെങ്കിൽ കോടതിയെ സമീപിക്കാനും സർക്കാർ ആലോചിക്കുന്നുണ്ട്.

സംസ്ഥാനത്തിന്റെ അധികാരപരിധിയിലുള്ള നികുതികൾ കൂടി കേന്ദ്രം ഏറ്റെടുക്കുന്നതിന്റെ ആദ്യപടിയാണു സ്റ്റാംപ് ഡ്യൂട്ടിക്കു പകരം ജിഎസ്ടി കൊണ്ടുവരുന്നതെന്നാണു സംസ്ഥാനം കരുതുന്നത്. നിലവിൽ ഭൂമി വിലയുടെ എട്ടു ശതമാനമാണു സ്റ്റാംപ് ഡ്യൂട്ടി. റജിസ്ട്രേഷൻ ഫീസ് രണ്ടു ശതമാനവും. ഇതു രണ്ടും ഒഴിവാക്കി പകരം 12% ജിഎസ്ടി ഏർപ്പെടുത്തുമെന്നാണു സൂചനകൾ. ഇതോടെ, ഭൂമിയിടപാടിന് ഇപ്പോഴത്തേതിനെക്കാൾ ചെലവേറും. അഞ്ചു ശതമാനം ജിഎസ്ടിയാണ് ഏർപ്പെടുത്തുന്നതെങ്കിൽ ഇടപാടുകാർക്കു നേട്ടമാകും. റിയൽ എസ്റ്റേറ്റ് മേഖലയിൽ ജിഎസ്ടി നടപ്പാക്കുന്നതോടെ വർഷം ആയിരം കോടി രൂപയിലേറെ വരുമാന നഷ്ടമുണ്ടാകുമെന്നാണു സംസ്ഥാന സർക്കാർ കണക്കുകൂട്ടുന്നത്.