Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോക സാമ്പത്തിക ഉച്ചകോടി: മോദി - ട്രംപ് ചർച്ചയ്ക്കു സാധ്യത

modi-trump

ദാവോസ് ∙ യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുടെ സാന്നിധ്യം കൊണ്ടു ശ്രദ്ധാകേന്ദ്രമാകുകയാണ് ഈ വർഷത്തെ ലോക സാമ്പത്തിക ഫോറം ഉച്ചകോടി. 23ന് ഇവിടെ കോൺഗ്രസ് സെന്ററിൽ നടക്കുന്ന പ്ലീനറി സമ്മേളനം മോദി ഉദ്ഘാടനം ചെയ്യുന്നതോടെ സാമ്പത്തിക ഫോറത്തിനു തുടക്കമാകും. ഉച്ചകോടിക്കിടെ ട്രംപ്-മോദി കൂടിക്കാഴ്ചയ്ക്കുള്ള സാധ്യതയുണ്ട്. 

ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മക്രോ, ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേ, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രുഡോ, ഇറ്റാലിയൻ പ്രധാനമന്ത്രി പൗളോ ജെന്റിലോനി, ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു തുടങ്ങി എഴുപതോളം രാജ്യത്തലവന്മാരാണു ദാവോസിൽ നടക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കുന്നത്. 

ആന്ധ്ര മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, കേന്ദ്രമന്ത്രിമാരായ അരുൺ ജയ്റ്റ്ലി, പിയുഷ് ഗോയൽ, സുരേഷ് പ്രഭു, എം.ജെ. അക്ബർ, ധർമേന്ദ്ര പ്രധാൻ, ജിതേന്ദ്ര സിങ് എന്നിവരും പ്രധാനമന്ത്രിയെ അനുഗമിക്കുന്നുണ്ട്. 

റിലയൻസ് ചെയർമാൻ മുകേഷ് അംബാനി, ബജാജ് ഗ്രൂപ്പ് ചെയർമാൻ രാഹുൽ ബജാജ്, വിപ്രോ ചെയർമാൻ അസിം പ്രേംജി, മഹീന്ദ്ര ചെയർമാൻ ആനന്ദ് മഹീന്ദ്ര, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി, സ്പൈസ് ജെറ്റ് ചെയർമാൻ അജയ് സിങ്, അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി, എസ്ബിഐ ചെയർമാൻ രജനീഷ് കുമാർ, ജെറ്റ് എയർവെയ്സ് ചെയർമാൻ നരേഷ് ഗോയൽ, ഭാരതി ഗ്രൂപ്പ് ചെയർമാൻ സുനിൽ മിത്തൽ തുടങ്ങിയവരുൾപ്പെടെ നൂറിലധികം വരുന്ന വ്യവസായികളുടെ വൻസംഘമാണ് ഇന്ത്യൻ ബിസിനസ് സമൂഹത്തെ പ്രതിനിധാനം ചെയ്യുന്നത്. 

സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങൾക്കായി നിലകൊള്ളുന്ന മിർ ഫൗണ്ടേഷൻ സ്ഥാപകനും ബോളിവുഡ് താരവുമായ ഷാരുഖ് ഖാന് ഇത്തവണത്തെ ലോക സാമ്പത്തിക ഫോറം വാർഷിക ക്രിസ്റ്റൽ പുരസ്കാരം ലഭിക്കും.

related stories