Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എയർബസിന് തുണയായി എമിറേറ്റ്സിന്റെ ഓർഡർ

flight എയർബസ് എ 380. (ഫയൽ ചിത്രം)

ബർലിൻ∙ ലോകത്തെ ഏറ്റവും വലിയ യാത്രാ വിമാനമായ എയർബസ് എ 380ന് ആവശ്യക്കാർ കുറഞ്ഞതിനാൽ  പ്രതിസന്ധിയിൽ പെട്ട എയർബസ് കമ്പനിക്ക് ആശ്വാസമായി എമിറേറ്റ്സ് എയർലൈൻസിന്റെ വമ്പൻ ഓർഡർ.  എ 380 ന്റെ 36 വിമാനമാണു ദുബായ് ആസ്ഥാനമായ എമിറേറ്റ് വാങ്ങുന്നത്.

ജർമൻ–ഫ്രഞ്ച് സംരംഭമായ എയർബസ് കമ്പനിയുമായി കഴിഞ്ഞ ദിവസം എമിറേറ്റ്സ് ധാരണാപത്രം ഒപ്പിട്ടു. 1600 കോടി ഡോളറാണ് (ലക്ഷം കോടി രൂപ) എയർബസ് കമ്പനിക്കു ലഭിക്കുക. 2020 മുതൽ വിമാനങ്ങൾ കൈമാറും. 

20 വിമാനങ്ങൾ ഉടനെയും ബാക്കി പിന്നീടും നിർമിച്ചു നൽകാനാണു കരാർ. 44.56 കോടി ഡോളറാണ് (2800 കോടി രൂപ) ഒരു എ 380 ന്റെ വില. എല്ലാ സീറ്റിലും യാത്രക്കാരുണ്ടെങ്കിൽ മാത്രം നഷ്ടം കൂടാതെ സർവീസ് നടത്താമെന്ന അവസ്ഥയുള്ള  ഈ വിമാനങ്ങൾക്ക് ആവശ്യക്കാർ കുറവായതിനാൽ ഉൽപാദനം നിർത്താൻ കമ്പനി ആലോചിക്കുന്നതിനിടെയാണു എമിറേറ്റ്സിന്റെ സഹായ ഹസ്തം.

2007 ൽ വിപണിയിലിറക്കിയെങ്കിലും ഇതുവരെ 222 വിമാനങ്ങൾ മാത്രമാണ് നിർമിച്ചു നൽകിയത്. കഴിഞ്ഞ വർഷം ഒരു വിമാനത്തിനുപോലും ഓർഡർ ലഭിച്ചതുമില്ല. അതേസമയം ബിസിനസ് എതിരാളികളായ ബോയിങിന്റെ 787 ഡ്രീംലൈനർ വിമാനങ്ങൾക്ക് കഴിഞ്ഞവർഷം മാത്രം കിട്ടിയത് 94 ഓർഡർ.

വർഷം ആറ് എ 380 വിമാനമെങ്കിലും നിർമിച്ചാലേ പ്രതിസന്ധി കൂടാതെ ഉൽപാദനം മുന്നോട്ടു കൊണ്ടുപോകാൻ കഴിയൂ എന്നതാണ് എയർബസിന്റെ കണക്കുകൂട്ടൽ. എമിറേറ്റ്സിന്റെ ഓർഡർ ചുരുങ്ങിയത് ആറു വർഷത്തേക്കു  സുഗമമായി പ്രവർത്തിക്കാൻ വഴിയൊരുക്കുന്നു.