Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോളുകൾ മിസ് ആയി; ജാൻ കോം വാട്സാപ് തുടങ്ങി! ആ ഐഡിയ കത്തിയത് ഇങ്ങനെ...

Jan-kom ജാൻ കോം.

സാഫ്രാൻസിസ്കോ ∙ 2009ൽ പുതുതായി വാങ്ങിയ ഐഫോണിൽ കോളുകൾ മിസ് ചെയ്യാൻ തുടങ്ങിയപ്പോൾ പരിഹാരം തേടിയുള്ള ചിന്തയിൽ നിന്നാണ് വാട്സാപ് എന്ന ആശയം ഉരുത്തിരിഞ്ഞതെന്നു വാട്സാപ് സഹ സ്ഥാപകനും സിഇഒയുമായ ജാൻ കോം. ബ്രയാൻ ആക്‌ഷനുമായി ചേർന്ന് അന്നു തുടങ്ങിയ സംരംഭം പിന്നീട് 1900 കോടി ഡോളറിന്റെ (1.2 ലക്ഷം കോടി രൂപ) മഹാ പ്രസ്ഥാനമായി. കോളുകൾ നഷ്ടപ്പെടരുന്നതെന്ന ചിന്ത മാത്രമാണ് ആപ് വികസിപ്പിക്കാൻ കാരണമായതെന്നും കമ്പനി തുടങ്ങാൻ ചിന്തിച്ചിരുന്നില്ലെന്നും കോം പറയുന്നു.

‘‘പുതിയ ഐ ഫോൺ വാങ്ങിയതാണ് എല്ലാറ്റിന്റെയും തുടക്കം. ജിമ്മിൽ പോകുന്ന സമയത്ത് ധാരാളം കോളുകൾ മിസ് ആകുന്നത് ഏറെ അസ്വസ്ഥതയുണ്ടാക്കി.’’– സിലിക്കൻവാലിയിലെ കംപ്യൂട്ടർ ചരിത്ര മ്യൂസിയത്തിൽ നടന്ന ചടങ്ങിൽ കോം പറഞ്ഞു. 

ജാൻ കോമും ബ്രയാൻ ആക്‌ഷനും ചേർന്ന് ആദ്യമുണ്ടാക്കിയ ആപ് ലളിതമായിരുന്നു. ആപ് ഉപയോഗിക്കുന്നയാൾ ഫോണിൽ ലഭ്യമാണോ എന്ന് സുഹൃത്തുക്കൾക്കു മനസ്സിലാകുന്ന ഒന്ന്. സ്റ്റാറ്റസ് എന്ന ഫീച്ചർ അടിസ്ഥാനമാക്കി രൂപപ്പെടുത്തിയത്. 

കമ്പനിയൊന്നും ആദ്യം മനസ്സിലുണ്ടായിരുന്നതേയില്ല. ജനങ്ങൾ ഉപയോഗിക്കുന്ന ഉൽപന്നം ഉണ്ടാക്കുകയായിരുന്നു ലക്ഷ്യം. ആപ്പിളിന്റെ ആപ് സ്റ്റോറിൽ അത് സ്വീകരിക്കപ്പെട്ടെങ്കിലും തൽക്ഷണ വിജയമൊന്നുമായിരുന്നില്ല. ആപ് അവതരിപ്പിച്ചപ്പോൾ ആവേശമായിരുന്നു. ആരും അത് ഉപയോഗിക്കാൻ തയാറാകാതിരുന്നപ്പോൾ നിരാശയും– കോം പറഞ്ഞു. പക്ഷേ, ആ അവസ്ഥ പെട്ടെന്നു മാറി. 

2014 ആയപ്പോഴേക്കു വാട്സാപിന് 40 കോടി ഉപയോക്താക്കളായി. അനായാസം ഉപയോഗിക്കാമെന്ന ഗുണവും ലളിതമായ ഡിസൈനും ആപ്പിനെ ജനപ്രിയമാക്കി. അങ്ങനെയാണ് ഫെയ്സ്ബുക് വാട്സാപ്പിനു വിലപറഞ്ഞത്. 

ആ കച്ചവടത്തെക്കുറിച്ചൊന്നും ഇപ്പോൾ ഓർക്കുന്നില്ലെന്നാണ് ജാൻ കോം പറയുന്നത്. എല്ലാം മായപോലെ. സഹസ്ര കോടീശ്വരനായിട്ടും എന്തിനു ജോലിക്കു പോകുന്നു എന്ന ചോദ്യത്തിന് മറുപടി ഇതായിരുന്നു: ഇന്നും ലോകത്ത് വാട്സാപ് ഉപയോഗിക്കാത്ത ധാരാളം പേരുണ്ട്. അവരെ ഇതിന്റെ ഗുണം ബോധ്യപ്പെടുത്തണം, പിന്നെ കുറേ പ്രശ്നങ്ങൾ പരിഹരിക്കാനുമുണ്ട്.