Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആറുമാസത്തിനകം ഇലക്ട്രിക് കാറുകൾ വാടകയ്ക്ക്

തിരുവനന്തപുരം∙ വൈദ്യുതി ബോർഡിന്റെ ഇലക്ട്രിക് കാറുകൾ ആറു മാസത്തിനുള്ളിൽ ജനങ്ങൾക്കു വാടകയ്ക്കു കൊടുത്തു തുടങ്ങും. നാലു കേന്ദ്രങ്ങളിൽ ചാർജിങ് സ്റ്റേഷൻ സ്ഥാപിക്കുന്നതിനു വൈദ്യുതി ബോർഡ് ടെൻഡർ വിളിച്ചു. ഈ നടപടി പൂർത്തിയായാൽ ഉടൻ കാറുകൾ വാടകയ്ക്കു നൽകാനാണു തീരുമാനം.

ഇലക്ട്രിക് കാറുകൾ ജനകീയമാക്കുന്നതിന്റെ ഭാഗമായാണ് ആറു കാറുകൾ വൈദ്യുതി ബോർഡ് വാങ്ങിയത്. മഹീന്ദ്രയുടെ ഇ2ഒപ്ലസ് എസി കാറുകളാണ് എത്തിയിരിക്കുന്നത്. 10.5 ലക്ഷം രൂപ വിലയുള്ള കാർ കേന്ദ്ര സബ്സിഡി കഴിച്ച് 9.25 ലക്ഷത്തിനാണു വാങ്ങിയത്. രണ്ടെണ്ണം തിരുവനന്തപുരത്തും രണ്ടെണ്ണം കൊച്ചിയിലും രണ്ടെണ്ണം കോഴിക്കോട്ടും എത്തി. ഇത് ഇപ്പോൾ ബോർഡിന്റെ ആവശ്യങ്ങൾക്ക് ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്. ഇതിൽ നാലെണ്ണം സർക്കാരിന്റെ ഇന്നവേഷൻ ഫണ്ടിൽനിന്നും രണ്ടെണ്ണം ബോർഡിന്റെ പണം ഉപയോഗിച്ചുമാണു വാങ്ങിയത്. ഇപ്പോൾ സാധാരണ പ്ലഗിൽനിന്ന് ആറു മുതൽ എട്ടുമണിക്കൂർ വരെ ചാർജ് ചെയ്ത് 85 കിലോമീറ്റർ വരെയാണ് എസി ഇട്ട് ഓടിക്കുന്നത്.

ഈ മാസം 30നു ടെൻഡർ പൂർത്തിയാക്കി ആറു മാസത്തിനുള്ളിൽ ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതോടെ ചാർജിങ്ങിനു സമയം പാഴാക്കാതെ  ബാറ്ററി മാറ്റി വച്ച് ഓടിക്കാനാകും. സൗരോർജംകൂടി ഉപയോഗിച്ചു ചാർജ് ചെയ്യുന്ന സ്റ്റേഷനുകളാണു തിരുവനന്തപുരത്തു പട്ടം വൈദ്യുതി ഭവൻ, ടെക്നോപാർക്ക്, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ സ്ഥാപിക്കുക.

ഇപ്പോൾ ഹ്രസ്വദൂര ഓട്ടമാണ് ഉദ്ദേശിക്കുന്നത്. ദീർഘദൂര ഓട്ടത്തിന് ഈ കാർ ഉപയോഗിക്കണമെങ്കിൽ കൂടുതൽ ചാർജിങ് സ്റ്റേഷനുകൾ തുടങ്ങേണ്ടി വരും. കാർ വാടകയും മറ്റു നിബന്ധനകളും വൈദ്യുതി ബോർഡ് തീരുമാനിച്ചിട്ടില്ല. ഡ്രൈവറില്ലാതെയാണു കാർ കൊടുക്കുന്നത് എന്നതിനാൽ വണ്ടി മോഷണം പോകാതെ മുൻകരുതൽ എടുക്കേണ്ടതുണ്ട്. വാടകയ്ക്കു നൽകുന്നതിനുള്ള നിബന്ധനകൾ ആറു മാസത്തിനുള്ളിൽ ബോർഡ് തീരുമാനിക്കും. വൈദ്യുതി കാർ ജനകീയമാക്കുകയെന്ന ലക്ഷ്യം മാത്രമാണ് ഇതിനുള്ളതെന്നും കൂടുതൽ കാർ വാങ്ങാൻ ബോർഡിനു തൽക്കാലം പദ്ധതിയില്ലെന്നും അധികൃതർ അറിയിച്ചു.

related stories