Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്രിപ്റ്റോ കറൻസി: വിലക്കുകളുടെ ചങ്ങല മുറുകുന്നു

Author Details
Bitcoin-controlled-chain

ക്രിപ്റ്റോ കറൻസികൾക്കെതിരെ മുന്നറിയിപ്പു നൽകുന്ന രാജ്യങ്ങളുടെയും സാമ്പത്തിക വിദഗ്ധരുടെയും എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. കടുത്ത നടപടികളുമായി രംഗത്തുള്ളത് ഏറ്റവും കൂടുതൽ ക്രിപ്റ്റോ കറൻസി ഇടപാടു നടക്കുന്ന ദക്ഷിണ കൊറിയതന്നെ. പേരു വെളിപ്പെടുത്താതെയുള്ള നിക്ഷേപം വിലക്കിയതിനു പുറമെ ഇടപാടുകൾക്ക് 24 ശതമാനം വരെ നികുതി ചുമത്താനും ദക്ഷിണ കൊറിയ തീരുമാനിച്ചു.

ഇന്ത്യയിൽ ആർബിഐ പലതവണ മുന്നറിയിപ്പു നൽകിയതു കൂടാതെ, ക്രിപ്റ്റോ കറൻസികൾക്കു രാജ്യത്ത് അംഗീകാരമില്ലെന്നു ധനമന്ത്രി കേന്ദ്ര ബജറ്റിൽതന്നെ പ്രഖ്യാപിച്ചു. നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കു സാമ്പത്തിക സഹായം നൽകാൻ ഇവ ഉപയോഗിക്കുന്നതു തടയുമെന്നും വ്യക്തമാക്കി. ഇതിലൂടെയുള്ള വരുമാനത്തിനു നികുതി ഈടാക്കാൻ ആദായനികുതി വകുപ്പും നടപടി തുടങ്ങിക്കഴിഞ്ഞു. ഇന്ത്യയിലെ വൻ നിക്ഷേപകരിൽ ഭൂരിഭാഗവും ടെക്കികളായ യുവാക്കളും റിയൽ എസ്റ്റേറ്റ്, ജ്വല്ലറി മേഖലകളിലുള്ളവരുമാണെന്നു നികുതിവകുപ്പ് പറയുന്നു.

ഈജിപ്ത് ഗ്രാൻഡ് മുഫ്തി ക്രിപ്റ്റോ കറൻസികൾക്കെതിരെ ഫത്‌വ പുറപ്പെടുവിച്ചത് കഴിഞ്ഞ മാസമാണ്. ചൂതാട്ടത്തിനു തുല്യമായ ക്രിപ്റ്റോ കറൻസി നിക്ഷേപം ഇസ്‌ലാമിക വിരുദ്ധമാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. സമാനമായ നിലപാട് സൗദി ഗ്രാൻഡ് മുഫ്തിയും സ്വീകരിച്ചിരുന്നു. 

ഫെയ്സ്ബുക് തങ്ങളുടെ പ്ലാറ്റ്ഫോമുകളിൽ ക്രിപ്റ്റോ കറൻസികളുടെ പരസ്യം തടഞ്ഞത് ഈയിടെയാണ്. അമേരിക്കയും ബ്രിട്ടനും ഉൾപ്പെടെ പല രാജ്യങ്ങളിലെയും പ്രമുഖ ബാങ്കുകൾ തങ്ങളുടെ ക്രെഡിറ്റ് കാർഡ് വഴി ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ചുകളിലേക്കു പണം മാറ്റുന്നതു തടഞ്ഞിട്ടുണ്ട്. മാർച്ചിൽ അർജന്റീനയിൽ നടക്കുന്ന ജി20 ഉച്ചകോടി ക്രിപ്റ്റോ കറൻസികൾക്ക് ഏതുരീതിയിൽ നിയന്ത്രണങ്ങൾ കൊണ്ടുവരാമെന്നു ചർച്ച ചെയ്യാനിരിക്കുന്നു.

വിലക്കുന്നതെന്തിന്?

ക്രിപ്റ്റോ കറൻസികളെ അംഗീകരിക്കില്ലെന്നതിനു നാലു കാരണങ്ങളാണ് ആർബിഐ വ്യക്തമാക്കിയത്. 

1. നിയന്ത്രിക്കാൻ കേന്ദ്ര അതോറിറ്റികളില്ല, 

2. തർക്കപരിഹാരത്തിന് അംഗീകൃത ചട്ടക്കൂടുകളില്ല, 

3. അടിസ്ഥാനമൂല്യമില്ല, 

4. വരുമാനം നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നു.

നിലവിലുള്ള എല്ലാ ക്രിപ്റ്റോ കറൻസികളും സ്വകാര്യ വ്യക്തികളോ സ്ഥാപനങ്ങളോ സൃഷ്ടിച്ചതാണ്. പരമ്പരാഗത കറൻസികൾക്കുള്ളതുപോലെ ഒരു സമ്പദ്‌വ്യവസ്ഥയുടെ പിന്തുണയോ കമ്പനികളുടെ ഓഹരികളുടേതു പോലെ ബിസിനസിലൂടെയുള്ള വരുമാനമോ ഇല്ല. ഊഹക്കച്ചവടത്തിലൂടെ ലഭിക്കുന്ന മൂല്യവർധന മാത്രം. അതുകൊണ്ടുതന്നെ ഇതൊരു കുമിളയായി പൊട്ടിത്തകരുമെന്നു ലോകത്തെ പ്രശസ്തരായ നിക്ഷേപകവിദഗ്ധരെല്ലാം മുന്നറിയിപ്പു നൽകുന്നു.

പ്രതിസന്ധിയായി  ചാഞ്ചാട്ടം

അനുനിമിഷം വിലയിലുണ്ടാകുന്ന വൻ ചാഞ്ചാട്ടം ക്രിപ്റ്റോ കറന്‍സികുളുടെ മുഖ്യ പ്രതിസന്ധിയാണ്. കൈവശമുള്ള ബിറ്റ്കോയിനിന്റെ ഇപ്പോഴത്തെ മൂല്യം പ്രകാരം ഒരു ഉൽപന്നം വാങ്ങാമെന്നു വച്ചാൽ ആ ഇടപാടു നടക്കുമ്പോഴേക്കും കോയിനിന്റെ മൂല്യം മാറിയിരിക്കും. ഇടപാടിനാകട്ടെ വളരെ സമയമെടുക്കുകയും ചെയ്യും. ഈ അസ്ഥിരത ഉപഭോക്താവിനെ മാത്രമല്ല വ്യാപാരിയെയും ബാധിക്കും. ബിസിനസ് ഒരു ചൂതാട്ടമാകും. ഇക്കാരണത്താൽ, പണത്തിനു പകരം ബിറ്റ്കോയിൻ സ്വീകരിച്ചിരുന്ന ചില ഓൺലൈൻ ഷോപ്പുകൾ ഈയിടെ അതു നിർത്തി.

കടം വാങ്ങിയാൽ കട്ടപ്പൊക

ഒന്നര മാസം മുൻപ് 12 ലക്ഷം രൂപയ്ക്കു മുകളിലുണ്ടായിരുന്ന ബിറ്റ്കോയിനിന്റെ ഇന്നലത്തെ ഏകദേശവില അഞ്ചു ലക്ഷം രൂപയാണ്. ഇതു കറൻസിയായി അംഗീകരിക്കപ്പെട്ടെന്നിരിക്കട്ടെ. നിങ്ങൾ 10 ബിറ്റ്കോയിൻ (50 ലക്ഷം രൂപ) കടം വാങ്ങുന്നു. സ്വാഭാവികമായി 10 ബിറ്റ്കോയിനും പലിശയും തിരച്ചടയ്ക്കണം. തിരിച്ചടവു നടക്കുന്നതിനിടെ ബിറ്റ്കോയിൻ വില എട്ടു ലക്ഷത്തിലേക്കു പോയാലും 10 ബിറ്റ്കോയിൻ തന്നെ തിരിച്ചടയ്ക്കണമല്ലോ. അപ്പോൾ 50 ലക്ഷം രൂപ വാങ്ങിയതിന്റെ മുതലിലേക്കുള്ള തിരിച്ചടവുതന്നെ 80 ലക്ഷം രൂപയാകുമെന്നർഥം. നേരെ തിരിച്ചാണു സംഭവിക്കുന്നതെങ്കിലോ, ബാങ്കുകൾ പൂട്ടിപ്പോകാൻ ഏറെക്കാലം വേണ്ടിവരില്ല. ചുരുക്കിപ്പറഞ്ഞാൽ പരമ്പരാഗത കറൻസിയുടെ ഉപയോഗങ്ങൾ നിലവിലുള്ള ക്രിപ്റ്റോ കറൻ‌സികളിൽ അസാധ്യമാകും.

ആശങ്ക വിതച്ച് ബിറ്റ്ഫിനെക്സും റ്റെതറും

ലോകത്തെ ഏറ്റവും വലിയ ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ചുകളിലൊന്നായ ബിറ്റ്ഫിനെക്സ് ആരംഭിച്ച റ്റെതർ ലിമിറ്റഡ് എന്ന കമ്പനിയാണ് വിപണിയിലെ പുതിയ ആശങ്ക. യുഎസ് ഡോളർ ടോക്കൺ എന്നു വിളിക്കപ്പെടുന്ന റ്റെതർ കോയിൻ ആണ് ബിറ്റ്ഫിനെക്സ് പുറത്തിറക്കിയത്. റ്റെതറിന്റെ വില ഒരു യുഎസ് ഡോളറുമായി ബന്ധിപ്പിച്ചിരിക്കുകയാണെന്നും തങ്ങൾ ഇറക്കുന്ന ഓരോ റ്റെതർ ടോക്കണും തുല്യതുകയ്ക്കുള്ള യുഎസ് ഡോളർ നിക്ഷേപം നിലനിർത്തുന്നുണ്ടെന്നുമാണു ബിറ്റ്ഫിനെക്സ് അവകാശപ്പെടുന്നത്.

അതായത് ബിറ്റ്കോയിന് 19000 ഡോളർ വിലയുണ്ടായിരുന്നപ്പോൾ അതു വിറ്റ് റ്റെതർ വാങ്ങിയവർക്കു ബിറ്റ്കോയിൻ വില 10,000 ഡോളറിനു താഴെ പോയപ്പോഴും 19000 ഡോളർ സുരക്ഷിതമായി റ്റെതർ നിക്ഷേപമായി ഉണ്ടാകണം. എന്നാൽ, റ്റെതർ ടോക്കൺ ഇറക്കുമ്പോൾ തത്തുല്യമായ ഡോളർ നിക്ഷേപം സൂക്ഷിക്കുന്നുണ്ടെന്നു പറയുന്നതു തട്ടിപ്പാണെന്നു ‘ബിറ്റ്ഫിനെക്സ്ഡ്’ എന്ന പേരിലുള്ള ബ്ലോഗിൽ തുടർച്ചയായി കണക്കുകൾ സഹിതം വന്ന ആരോപണമാണു റ്റെതറിനെ വിവാദത്തിലേക്കു നയിച്ചത്. തുടർന്ന്, വിശ്വാസ്യത ഉറപ്പാക്കാനായി ഓഡിറ്ററെ വച്ച ബിറ്റ്ഫിനെക്സ് ഓഡിറ്റ് റിപ്പോർട്ടൊന്നും പുറത്തിറക്കിയില്ലെന്നു മാത്രമല്ല, ഓഡിറ്ററെ പറഞ്ഞു വിടുകയും ചെയ്തു. 

നിലവിൽ 200 കോടി ഡോളറിന്റെ റ്റെതർ ടോക്കൺ ബിറ്റ്ഫിനെക്സ് ഇറക്കിക്കഴിഞ്ഞു. ഇതിനു തത്തുല്യമായ ഡോളർ നിക്ഷേപം അവരുടെ കൈവശമില്ലെന്നു തെളിയിക്കപ്പെട്ടാൽ അത് ബിറ്റ്കോയിന്റെ മാത്രമല്ല മൊത്തം ക്രിപ്റ്റോ കറൻസികളുടെ മൂല്യത്തിൽ വൻ തകർച്ചയ്ക്കു വഴിവയ്ക്കുമെന്നുറപ്പ്.

വാറൻ ബഫറ്റ്:

ക്രിപ്റ്റോ കറൻസികൾക്കുമേൽ ഇപ്പോൾ കാണുന്ന ഭ്രമം നല്ല രീതിയിൽ അവസാനിക്കില്ലെന്ന് ഉറപ്പ്. അത്  എപ്പോഴാവുമെന്നോ എങ്ങനെയാവുമെന്നോ പറയാനാവില്ല.

(നാളെ: ചില്ലറയല്ല, ഈ കറൻസി ആശങ്ക)

related stories