Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊഴിഞ്ഞുവീഴുമോ ബിറ്റ്കോയിൻ കനവുകൾ

Author Details
bitcoin-series

കഴിഞ്ഞ ഒരു വർഷത്തിനിടെ വ്യക്തിയല്ലാതെ ഒരു വാർത്താ താരമുണ്ടെങ്കിൽ അത് ബിറ്റ്കോയിൻ ആണ്. ഡിജിറ്റൽ കറൻസി, ക്രിപ്റ്റോ കറൻസി, വെർച്വൽ കറൻസി തുടങ്ങി പലപല പേരുകളിൽ വിളിക്കപ്പെടുന്ന ബിറ്റ്കോയിൻ ഉൾപ്പെടെയുള്ള ‘അയഥാർഥ’ കറൻസികൾക്ക് അംഗീകാരമില്ലെന്നും നിക്ഷേപം നടത്തരുതെന്നും ലോകം മുഴുവനുമുള്ള രാജ്യങ്ങളിലെ കേന്ദ്രബാങ്കുകളും സർക്കാരുകളും മുന്നറിയിപ്പു നൽകിക്കൊണ്ടിരിക്കുമ്പോഴും നിക്ഷേപകരുടെ എണ്ണം അനുദിനം കൂടിക്കൊണ്ടിരിക്കുന്നു.

ഇന്ത്യയിൽതന്നെ ഒന്നര കോടിയിലേറെ നിക്ഷേപകർ ഈ രംഗത്തുണ്ടെന്നാണു കണക്ക്. ദിവസവും പുതുതായി അയ്യായിരത്തിലേറെ അപേക്ഷകൾ അക്കൗണ്ട് തുടങ്ങാൻ എക്സ്ചേഞ്ചുകളിൽ ലഭിക്കുന്നു. പ്രതിമാസം രണ്ടായിരം കോടി രൂപയുടെ ഇടപാടുകൾ ഇന്ത്യയിലെ മാത്രം എക്സ്ചേഞ്ചുകളിൽ നടക്കുന്നുണ്ടെന്ന് ആദായനികുതിവകുപ്പ് കണ്ടെത്തി.

പേരിൽ എന്തിരിക്കുന്നു

ഏറ്റവും ലളിതമായി പറഞ്ഞാൽ, ഓൺലൈൻ ലോകത്തുമാത്രം ഇടപാടു നടക്കുന്ന കറൻസികളാണിവ. അതുകൊണ്ടാണ് ഡിജിറ്റൽ കറൻസി എന്നു വിളിക്കുന്നത്. ലാളിത്യം അവിടെ തീരുന്നു. കംപ്യൂട്ടർ നെറ്റ്‌വർക്കിൽ ഗോപ്യഭാഷ (ക്രിപ്റ്റോഗ്രഫി) ഉപയോഗിച്ച് സൃഷ്ടിച്ചതായതിനാൽ ഇതിനെ ക്രിപ്റ്റോ കറൻസി എന്നു വിളിക്കുന്നു. അതേസമയം, മറ്റു പരമ്പരാഗത കറൻസികളെപ്പോലെ കടലാസ് നിർമിതമോ ലോഹനിർമിതമോ ആയ യഥാർഥരൂപം ഇല്ലാത്തതിനാൽ അയഥാർഥ (വെർച്വൽ) കറൻസി എന്നും വിളിക്കപ്പെടുന്നു. ബിറ്റ്കോയിൻ കൂടാതെ, എതീറിയം, റിപ്പിൾ, ലൈറ്റ്കോയിൻ, ബിറ്റ്കോയിൻ കാഷ്, ട്രോൺ, സ്റ്റെല്ലാർ, മണീറോ, ഡാഷ്, അയോട്ട തുടങ്ങി രണ്ടായിരത്തോളം ക്രിപ്റ്റോ കറൻസികൾ നിലവിലുണ്ട്. ദിനംപ്രതി പുതിയവ സൃഷ്ടിക്കപ്പെട്ടുകൊണ്ടുമിരിക്കുന്നു.

Bitcoin

കംപ്യൂട്ടർ പസിൽ ഗെയിം പോലെ മൈനിങ്

ആകെ 2.1 കോടി ബിറ്റ്കോയിനുകളാണു സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്.  ഇവ ലഭിക്കാൻ രണ്ടുവഴിയുണ്ട്. ഒന്നാമത്തേത് സ്വർണം ഖനനം ചെയ്തെടുക്കുന്നതുപോലെ ഓരോ കോയിനും ഖനനം ചെയ്തെടുക്കണം. എന്നാൽ ഈ ഖനനം നടത്തേണ്ടത് കംപ്യൂട്ടർ നെറ്റ്‌വർക്കിൽ ഗോപ്യഭാഷ ഉപയോഗിച്ചാണെന്നുമാത്രം. രണ്ടാമത്തേത്, ബിറ്റ്കോയിൻ നേടിക്കഴിഞ്ഞവരിൽനിന്നു വില കൊടുത്തു വാങ്ങാം.

കംപ്യൂട്ടർ നെറ്റ്‌വർക്കിൽ നടത്തുന്ന ഖനനം അഥവാ ബിറ്റ്കോയിൻ മൈനിങ് തീർത്തും സങ്കീർണമായ പ്രക്രിയയാണ്. ഈ ആശയത്തെ അതിസങ്കീർണമായ ഒരു കംപ്യൂട്ടർ പസിൽ ഗെയിമായി സങ്കൽപിക്കാം. ഈ പസിലിലെ ഓരോ കണ്ണിയും പൂർത്തീകരിക്കുന്നതിനുള്ള പ്രതിഫലമായാണ് ഓരോ ബിറ്റ്കോയിനും റിലീസ് ചെയ്യപ്പെടുന്നത്. 1.68 കോടിയോളമേ ഇത്തരത്തിൽ ലഭ്യമായിട്ടുള്ളൂ. ബാക്കിയുള്ളവ നേടാനായി പലരും ശ്രമം നടത്തിവരികയാണ്.

പസിൽ ഗെയിമിന്റെ ഓരോ ഘട്ടം കഴിയുന്തോറും അതു പരിഹരിക്കാനുള്ള ബുദ്ധിമുട്ടും കൂടിവരുന്നതുപോലെ തന്നെയാണ് ബിറ്റ്കോയിൻ മൈനിങ്ങും. നിലവിലുള്ള കാഠിന്യനില പ്രകാരം മൈനിങ്ങിലൂടെ ഒരാൾക്ക് സ്വന്തമായി ഒരു ബിറ്റ്കോയിൻ ലഭിക്കാൻ 1367 വർഷം വേണ്ടിവരുമെന്നാണു കണക്ക്. പൂർണമായി ഒരു ബിറ്റ്കോയിൻ ഖനനം ചെയ്തെടുക്കാൻ ഇനി ഒരു വ്യക്തിക്കും സാധ്യമല്ലെന്നർഥം. ഇതനുസരിച്ച് 2.1 കോടി ബിറ്റ്കോയിനും റിലീസ് ചെയ്യപ്പെടാൻ 2140 ആകും. പിന്നെ പുതുതായി ബിറ്റ്കോയിൻ ലഭിക്കില്ല. ഇവയുടെ കൈമാറ്റം മാത്രമേ നടക്കുകയുള്ളൂ.

bitcoin

ബിറ്റ്കോയിൻ ട്രേഡിങ്

ബിറ്റ്കോയിൻ മൈനിങ് എന്ന പ്രക്രിയ സങ്കീർണമാണെങ്കിലും ട്രേഡിങ് തീർത്തും ലളിതമാണ്. ഓഹരി എക്സ്ചേഞ്ചുകളിൽനിന്ന് വിവിധ കമ്പനികളുടെ ഓഹരികൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നതുപോലെ ക്രിപ്റ്റോകറൻസി എക്സ്ചേഞ്ചുകൾ വഴിയാണ് ബിറ്റ്കോയിൻ ഇടപാടു നടക്കുന്നത്. ഇന്ത്യയിൽതന്നെ പത്തിലേറെ ട്രേഡിങ് പ്ലാറ്റ്ഫോമുകളുണ്ട്. കോയിൻസെക്യൂർ, യൂനോ കോയിൻ, സെബ്പേ എന്നിവ ഇതിൽ ചിലതാണ്. ബിറ്റ്സ്റ്റാംപ്, കോയിൻ ബേസ്, ബിറ്റ്ഫിനെക്സ്, ബിടിസി ചൈന തുടങ്ങി ആഗോളതലത്തിൽ ഒട്ടേറെ എക്സ്ചേഞ്ചുകൾ വിവിധ രാജ്യങ്ങളിലായി ഉണ്ട്. ഒരു ബിറ്റ്കോയിന് നിലവിൽ നാലു ലക്ഷം രൂപയ്ക്കു മുകളിൽ വിലയുണ്ടെങ്കിലും ഇതിന്റെ ചെറിയ ഘടകങ്ങളായും ഇടപാടു നടത്താം.

ഉറങ്ങാത്ത വിപണി

പരമ്പരാഗത ഓഹരി വിപണികൾക്കെല്ലാം നിയന്ത്രിതമായ പ്രവർത്തനസമയമുള്ളപ്പോൾ ദിവസവും 24 മണിക്കൂറും ഇടപാടു നടക്കുന്നവയാണ് ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ചുകൾ. അതുകൊണ്ടുതന്നെ ഒരു ദിവസത്തെ ക്ലോസിങ് പ്രൈസ് എന്നൊരു വിലയില്ല. അതതു ദിവസം രാത്രി 12 മണിക്കുള്ള വില അന്നത്തെ അവസാന വിലയായി വേണമെങ്കിൽ കണക്കാക്കാമെന്നു മാത്രം. ഒരേ കറൻസിക്കു തന്നെ വിവിധ എക്സ്ചേഞ്ചുകളിലായി പല വിലയുമായിരിക്കും. പ്രതികൂല വാർത്തകൾ വരുമ്പോൾ വൻ വിലയിടിവുണ്ടാകുന്നതിനാൽ ഈ വിപണി നിക്ഷേപകനു നൽകുന്നതും അക്ഷരാർഥത്തിൽ ഉറക്കമില്ലാത്ത രാവുകൾ.

Bitcoin

4 പൈസ X 8 വർഷം = 12 ലക്ഷം രൂപ

2009   ഒക്ടോബറിൽ  ഒരു യുഎസ് ഡോളറിന് 1309 ബിറ്റ്കോയിനുകൾ ലഭിക്കുമായിരുന്നു. ഇന്ത്യയിൽ അക്കാലത്ത് എക്സ്ചേഞ്ചുകൾ നിലവിലുണ്ടായിരുന്നില്ലെങ്കിലും അന്നത്തെ ഡോളറുമായുള്ള രൂപയുടെ വിനിമയമൂല്യം കണക്കാക്കിയാൽ (46–47 രൂപ) ഒരു ബിറ്റ്കോയിന് മൂന്നര പൈസയ്ക്കും നാലു പൈസയ്ക്കും ഇടയിലായിരിക്കും വില. അതാണ് കഴിഞ്ഞമാസം 12 ലക്ഷം രൂപയ്ക്കു മുകളിൽവരെ പോയത്.  

2011 ഫെബ്രുവരിയിൽ ആദ്യമായി വില ഒരു ഡോളറിലെത്തിയ ബിറ്റ്കോയിൻ 2017 ഡിസംബറിൽ 20,000 ഡോളറിനടുത്തുവരെ പോയ ശേഷം  കഴിഞ്ഞദിവസം 6000 ഡോളറിനു താഴെവരെ വന്നു. കഴിഞ്ഞവർഷം ജനുവരി ഒന്നിന് എട്ടു ഡോളറായിരുന്ന എതീറിയത്തിന്റെ വില ഈ വർഷം 1448 ഡോളർ വരെ കയറിയ ശേഷം 600 ഡോളറിലേക്ക് ഇടിഞ്ഞു. ചാഞ്ചാട്ടങ്ങൾ തുടരുന്നു.

charlee-vitaik ചാർലി ലീ, വിറ്റാലിക് ‌ബട്ടറിൻ

അജ്ഞാതനായ സ്രഷ്ടാവ്

ബ്ലോക്ചെയിൻ എന്ന വിപ്ലവകരമായ സാങ്കേതികവിദ്യയിലൂടെ 2009–ൽ സതോഷി നകമോട്ടോ ആണ് ആദ്യത്തെ ക്രിപ്റ്റോ കറൻസിയായ ബിറ്റ്കോയിൻ സൃഷ്ടിച്ചത്. എന്നാൽ നകമോട്ടോ ഒരു വ്യക്തിയാണോ, സംഘമാണോ എന്ന് ഇന്നും വ്യക്തമല്ല. ബിറ്റ്കോയിൻ സൃഷ്ടിച്ച് രണ്ടു വർഷത്തിനു ശേഷം, മറ്റു കാര്യങ്ങളിലേക്കു ശ്രദ്ധ തിരിക്കുന്നു എന്നു പ്രഖ്യാപിച്ച് നകമോട്ടോ സൈബർ ലോകത്തു നിന്നു പിൻവാങ്ങുകയായിരുന്നു. താനാണ് നകമോട്ടോ എന്ന് അവകാശപ്പെട്ട് പിന്നീടു പലരും രംഗത്തുവന്നെങ്കിലും വിശ്വസനീയമായ തെളിവുകൾ ലഭിച്ചിട്ടില്ല. അതേസമയം മറ്റു കറൻസികളുടെയല്ലാം സ്രഷ്ടാക്കൾ രംഗത്തുണ്ട്. ലൈറ്റ്കോയിൻ സൃഷ്ടിച്ച ചാർലി ലീ ഗൂഗിളിലെ മുൻ ഉദ്യോഗസ്ഥാനാണ്. കംപ്യൂട്ടർ പ്രോഗ്രാമറും ബിറ്റ്കോയിൻ മാഗസിൻ സ്ഥാപകരിലൊരാളുമായ വിറ്റാലിക് ബട്ടറിൻ എന്ന റഷ്യൻ യുവാവ് ആണ് എതീറിയം സൃഷ്ടിച്ചത്.

(നാളെ: വിലക്കുകളുടെ ചങ്ങല മുറുകുന്നു)

related stories