Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തേങ്ങ തിരിച്ചുവരുന്നു

coconut

കൊച്ചി ∙ നാളികേരത്തിന് നല്ലകാലം! തേങ്ങാപ്പീര ഉൾപ്പെടെ മൂല്യവർധിത ഉൽപന്നങ്ങളുടെ കയറ്റുമതിയും വെളിച്ചെണ്ണയുടെ വർധിച്ച ഉപയോഗവും വ്യാപകമായ കരിക്കു വിൽപനയും നീര ഉൽപാദനവും തേങ്ങയ്ക്കു വില കയറ്റി. നാളികേര കൃഷിയിൽനിന്നു പിൻമാറിയ കർഷകർ വീണ്ടും തെങ്ങിൻതൈ നടുന്നതിലേക്കു തിരിഞ്ഞിരിക്കുകയാണ്. കയറ്റുമതി 2000 കോടി രൂപ കവിഞ്ഞു.

മിക്ക നഗരവിപണികളിലും നാടൻ തേങ്ങയ്ക്കു ദൗർലഭ്യമുണ്ട്. പകരം തമിഴ്നാട്ടിൽ നിന്നുള്ള എണ്ണമയം കുറഞ്ഞ തേങ്ങ വരുന്നു. അതിനാൽ പറമ്പിൽ തേങ്ങയിടാൻ ആളെത്തിയാലുടൻ നാട്ടുകാർ തന്നെ തേങ്ങ മുഴുവൻ വാങ്ങിക്കൊണ്ടു പോകുന്ന സ്ഥിതിയാണു നാട്ടിൻപുറങ്ങളിലും. തൊണ്ടുള്ള തേങ്ങയ്ക്ക് 25–30 രൂപയും കടകളിൽ ഒരു കിലോ തേങ്ങയ്ക്ക് 55–60 രൂപയും കർഷകനു ലഭിക്കുന്നു. കടയിൽ തേങ്ങ വാങ്ങാൻ ചെല്ലുമ്പോൾ ഒരെണ്ണത്തിനു 30 രൂപയിലേറെ വില.

അതിലും കൗതുകം കരിക്കു വിപണിയുടെ വളർച്ചാണെന്ന് കർഷകർ ചൂണ്ടിക്കാട്ടുന്നു. തേങ്ങയിടാൻ തൊഴിലാളികളെ കിട്ടുന്നില്ല എന്ന പ്രശ്നം കരിക്കിന് ഇല്ല. കരിക്കു വാങ്ങുന്നവർ തന്നെ തൊഴിലാളികളുമായി വന്ന് ഇട്ടുകൊണ്ടു പോകുന്നു. കർഷകനു കരിക്ക് ഒന്നിന് 17 രൂപ ലഭിക്കുകയും ചെയ്യുന്നു. പുറത്ത് 35 രൂപയാണു വില. നാളികേര വികസന ബോർഡിന്റെ കണക്കുകളിലും തേങ്ങയുടെ പുഷ്കലകാലം പ്രതിഫലിക്കുന്നുണ്ട്.

ചിരട്ടത്തേങ്ങയായി തന്നെ ഗൾഫ് രാജ്യങ്ങളിലേക്കു കടൽ കടക്കുന്നുണ്ട്. ചെറിയ സ്റ്റോറുകളിലും സൂപ്പർ മാർക്കറ്റുകളിലും വിൽപനയ്ക്കാണ്. തേങ്ങാപ്പീരയാകട്ടെ (ഡെസിക്കേറ്റഡ് കോക്കനട്ട്) ആഫ്രിക്കൻ രാജ്യങ്ങൾ ഉൾപ്പെടെ ലോകമാകെ പോകുന്നു. തേങ്ങാപ്പീര ഉപയോഗിച്ചു വിവിധ തരം ബേക്കറി സാധനങ്ങൾ ഉണ്ടാക്കുന്നതിനാണിത്. വെളിച്ചെണ്ണയ്ക്ക് മുമ്പ് ഉണ്ടായിരുന്ന കൊളസ്റ്ററോൾ അയിത്തം പോയി. ഉരുക്കു വെളിച്ചെണ്ണയാകട്ടെ രണ്ടു സ്പൂൺ കുടിക്കുന്നത് ആരോഗ്യത്തിനു നന്നെന്ന പ്രചാരണമായി. കൊപ്ര സംസ്കരണം നടത്തുന്ന 450 കമ്പനികൾ ഇന്ത്യയിലാകെയുണ്ട്. ഉരുക്കു വെളിച്ചെണ്ണ ഉൽപാദിപ്പിക്കുന്ന മുപ്പതോളം കമ്പനികളും. സോപ്പുണ്ടാക്കാനും കറിക്കായി മലയാളികൾ മാത്രം ഉപയോഗിച്ചിരുന്നതുമായ വെളിച്ചെണ്ണയ്ക്ക് ഇങ്ങനെ മറ്റനേകം ആവശ്യങ്ങളായി.

ഇതിനു പുറമേ ഇക്കൊല്ലം നാളികേര ഉൽപാദനത്തിൽ ഇടിവും ഉണ്ടായതാണ് വില കയറാൻ കാരണം. 2016 ഡിസംബർ മുതൽ നാലു മാസം കേരളത്തിലെ നാളികേര വില രാജ്യാന്തര വിലയേക്കാൾ കുറഞ്ഞു നിന്നപ്പോൾ കയറ്റുമതി കുതിച്ചുകയറി. ഇപ്പോഴാകട്ടെ ഇവിടത്തെ തേങ്ങ വില രാജ്യാന്തര വിലയുടെ ഇരട്ടിയാണ്. കയറ്റുമതി ഓർഡറുകളെ ഇതു ബാധിച്ചിട്ടുമുണ്ട്. എന്നാൽ വില കേറി നിൽക്കുന്നത് കർഷകർക്കു ഗുണകരമാവുകയും കേരകൃഷിയിലേക്കു കർഷകരെ ആകർഷിക്കുകയും ചെയ്തിട്ടുമുണ്ട്. റബർ വിലയിടിവു നേരിട്ടവർ കൃഷിത്തോട്ടത്തിൽ തെങ്ങിൻ തൈ നടുന്നു. മൂന്നരവർഷം കൊണ്ടു കായ്ക്കുന്ന മലേഷ്യൻ ഡ്വാർഫ് ഇനത്തിന്റെ തൈ നടൽ വ്യാപകമാണ്.

കോഴിക്കോടിനെ പിന്നിലാക്കി മലപ്പുറം

തേങ്ങ ഉൽപാദനം ഏറ്റവും കൂടുതൽ മലപ്പുറം ജില്ലയിലാണ്. മുമ്പ് ഉൽപാദനത്തിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന കോഴിക്കോട് രണ്ടാം സ്ഥാനത്തായി. 2016–17 കാർഷിക വർഷം (ജൂലൈ മുതൽ ജൂൺ വരെ) 746 കോടി തേങ്ങയാണു കേരളം ഉൽപാദിപ്പിച്ചത്. 2014–15ൽ 649 കോടി ഉൽപാദിപ്പിച്ചതിൽ നിന്നാണു രണ്ടു വർഷം കൊണ്ട് 97 കോടി വർധിച്ചത്. അതനുസരിച്ചു തെങ്ങു കൃഷി ചെയ്യുന്ന സ്ഥലത്തിലും 123000 ഹെക്ടറിന്റെ വർധന വന്നിട്ടുണ്ടെന്നു നാളികേര വികസന ബോർഡിന്റെ കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.

നടപ്പുവർഷം 2017–18 ഇതുവരെ ഉൽപാദനത്തിൽ ഇടിവുണ്ട്. കഴിഞ്ഞ വേനൽക്കാലത്തെ കനത്ത വരൾച്ചയാണു കാരണം. ഉൽപാദനം കുറഞ്ഞതും വിപണിയിൽ വില കൂടാൻ കാരണമായിട്ടുണ്ട്. അങ്ങനെ വില കയറി രാജ്യാന്തര വിലയെ മറികടന്നതിനാൽ വെളിച്ചെണ്ണയുടെ കയറ്റുമതി ഇക്കൊല്ലം കുറഞ്ഞിരിക്കുകയാണ്.

തേങ്ങയിൽ നിന്നുള്ള മൂല്യ വർധിത കയറ്റുമതി ഉൽപന്നങ്ങൾ–ചിരട്ടക്കരി, ഉത്തേജിത ചിരട്ടക്കരി, തോടുള്ള പച്ചത്തേങ്ങ, തോടില്ലാതെ തേങ്ങയുടെ കാമ്പ്, തേങ്ങാപ്പീര, വെളിച്ചെണ്ണ, ഉരുക്കു വെളിച്ചെണ്ണ. 2016–17 കാർഷിക വർഷം  2083.7 കോടിയുടെ ഉൽപന്നങ്ങൾ കയറ്റുമതി ചെയ്തു. ഇക്കൊല്ലം ഒക്ടോബർ വരെ 1049.5 കോടിയുടെ ഉൽപന്നങ്ങൾ കയറ്റുമതി ചെയ്തിട്ടുണ്ട്.