Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രണയദിനത്തിലൊരു സൂപ്പർ സമ്മാനം

gift

സമ്മാനങ്ങളിൽ മാത്രമല്ല, അവ കൈമാറുന്നതിലും കാര്യമുണ്ടെന്നതാണു പുതിയകാലത്തെ പ്രണയദിന സങ്കീർത്തനങ്ങളിലെ ഒരു വാചകം. പ്രണയദിനത്തിൽ സമ്മാനങ്ങളിൽ വ്യത്യസ്തത നിറഞ്ഞുനിൽക്കുന്നതും ഇക്കാരണങ്ങളാൽ തന്നെ. സമ്മാനം അൽപ്പം മോശമായാലും അതു കൈമാറുന്നതിൽ വ്യത്യസ്തത പുലർത്തുന്നവരേറെ. പ്രണയദിന സമ്മാനങ്ങളിലും പുതിയ കൗതുകങ്ങളെത്തുന്നു. 

ബോൺസായ് മുതൽ നായ്ക്കുട്ടി വരെ

ടെഡി ബെയർ പാവയും ഡയമണ്ട് റിങ്ങും പ്രണയദിനത്തിലെ ഹോട്ട് സമ്മാനപ്പട്ടികയിൽനിന്നു വിടവാങ്ങിയിട്ട് കാലമേറെയായി. സമ്മാനപ്പട്ടികയിൽ പുത്തൻ കഥാപാത്രം ബോൺസായ് ചെടികളാണ്. പ്രകൃതിസ്നേഹവും ഒപ്പം പ്രചരിപ്പിക്കാമെന്ന അധികലാഭവും. അഡീനിയം ഉൾപ്പെടെയുള്ള ഒട്ടേറെ ബോൺസായ് ഇന്നു സമ്മാനമായി കൈമാറുന്നു. ഓഫിസ് ടേബിളിലും മുറിയിലുമെല്ലാം സുന്ദരമായി സൂക്ഷിക്കാമെന്നത് പ്രത്യേകത. ഇവ പോലെ ഹരിതാഭമാകട്ടെ നമ്മുടെ പ്രണയമെന്ന സന്ദേശം. 

സമ്മാനങ്ങളിൽ വ്യത്യസ്തത മോഹിക്കുന്നവരാണു വളർത്തുമൃഗങ്ങളിലേക്ക് കണ്ണെത്തിക്കുന്നത്. പഗ്ഗിനെ കണ്ടാൽ ഇഷ്ടംകൂടാത്തവരായി ആരുണ്ട്. കാശൽപ്പം മുടക്കാമെങ്കിൽ വിലകൂടിയ സുന്ദരൻ നായ്ക്കുട്ടികളെ നിങ്ങൾക്കു സമ്മാനിക്കാം. വീട്ടുകാവലിനല്ല ഇവയെന്നു പ്രത്യേകം ഓർമിക്കുക. നിറയെ ഓർമകളുമായി നിങ്ങൾക്കൊപ്പം കൂട്ടുകൂടാനൊരു സമ്മാനം. സിറിയൻ ഹാംസ്റ്റെർ, തത്ത, പൂച്ച, സുന്ദരൻ മൽസ്യങ്ങൾ ഓടിക്കളിക്കുന്ന ചെറു അക്വേറിയം എന്നിവയെല്ലാം സമ്മാനങ്ങളുടെ നിരയിലുണ്ട്. 

ഫ്ലാഷ്മോബും ട്രഷർ ഹണ്ടും

പ്രണയദിനത്തിൽ വെറുതെ കറങ്ങാൻ ഇറങ്ങിയതായിരുന്നു ഇരുവരും. ഷോപ്പിങ് മാളിലെ തിരക്കിൽ പെട്ടെന്ന് അവൻ അപ്രത്യക്ഷനായി. ചുറ്റുപാടും കണ്ണോടിക്കുമ്പോഴാണ് എവിടെ നിന്നോ ഏതാനും പേരെത്തി നൃത്തച്ചുവടുകൾ ആരംഭിച്ചത്. കൗതുകത്തോടെ നോക്കിയപ്പോൾ അവർ തനിക്കു ചുറ്റിലുമാണു നിറഞ്ഞുനിൽക്കുന്നതെന്ന് അവൾക്കൊരു തോന്നൽ. അല്ല അതു ശരിയായിരുന്നു. കൗതുകം ആശ്ചര്യത്തിലേക്ക് വഴിമാറി. എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമായി അവൾ. നൃത്തച്ചുവടുകൾക്കൊടുവിൽ അവനുമെത്തി. കയ്യിൽ റോസാപ്പൂക്കളും മോതിരവുമായി അവൾക്കു മുന്നിൽ അവൻ മുട്ടുകുത്തി. 

എത്ര മനോഹരമായ സ്വപ്നമെന്ന് ആശ്ചര്യപ്പെടാതെ, പ്രണയദിനങ്ങളിൽ പതിവാകുകയാണ് ഇത്തരം സർപ്രൈസുകൾ. ഇവ ഒരുക്കാൻ ഇവന്റ് മാനേജ്മന്റ് സംഘവുമുണ്ട്. അതല്ലെങ്കിൽ ചങ്കുപറിച്ചുനൽകുന്ന സുഹൃത്തുക്കളോട് ഒന്നു സൂചിപ്പിച്ചാൽ മതിയല്ലോ കാര്യം ക്ലീൻ. നഗരത്തിലെ പല ഷോപ്പിങ് മാളുകളിലും ഇത്തരം പ്രണയംപറച്ചിൽ അരങ്ങേറിയിട്ടുണ്ട്. 

സമ്മാനങ്ങളിൽ മാത്രമല്ല, അതു നൽകുന്നതിലും അൽപ്പം കൗതുകം വേണമെന്നു കരുതുന്നവരുടെ ഇടപാടാണ് ട്രഷർ ഹണ്ട്. രാവിലെ കോളജിലെത്തുമ്പോൾ നിങ്ങളുടെ കൂട്ടുകാരി ഒരു പേപ്പർ കൈമാറുന്നു. അതു തുറന്നുനോക്കുമ്പോൾ നിങ്ങളെ കാത്തൊരു സൂചന. അവിടെയുണ്ടാകുന്നു ആകാംക്ഷ. അതിൽ നിന്നു തുടങ്ങുന്ന അന്വേഷണങ്ങൾക്കൊടുവിൽ ഒളിപ്പിച്ചുവച്ചൊരു സമ്മാനവും അതിനൊപ്പം കുറിപ്പും തേടിയെത്തുമ്പോഴുള്ള സന്തോഷത്തിൽ പ്രണയം തളിരിട്ടവരുമുണ്ട്. 

പ്രണയംപറയാൻ പോക്കറ്റ് നിറയെ കാശുണ്ടാകണമെന്ന അവസ്ഥയിലേക്കു മാറിയിട്ടുണ്ടെന്നതാണ് ഒരു വിഭാഗത്തിന്റെ വാദം. കാൻഡിൽ ലൈറ്റ് ഡിന്നർ, അതിനു സുന്ദരമായ സ്ഥലം വേണമെങ്കിലോ കാശു കൂടും. പ്രണയസമ്മാനത്തിലും  അൽപ്പം പുതുമ വേണ്ടേ. ആയിരങ്ങൾ പോരാതെ വരും. പക്ഷേ, ഇതൊന്നുമില്ലാതെ പുസ്തകവും കാർഡും കോളജ് കാന്റീനിലെ ചൂടൻ ചായയും സമൂസയുമായി സുന്ദരമായി പ്രണയിക്കുന്നവരും ഏറെയുണ്ടെന്നതും മറ്റൊരു പ്രണയവാർത്ത.