Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടെക്നോളജി ഹംസങ്ങൾ

love

കാലം മാറുന്നതിനേക്കാൾ വേഗത്തിൽ സാങ്കേതിക രംഗം മാറിക്കൊണ്ടിരിക്കുമ്പോൾ പ്രണയത്തിനും മാറ്റമുണ്ടാകുന്നുണ്ട്... മരംചുറ്റി പ്രണയത്തിൽനിന്നും മാനംമുട്ടുന്ന പ്രണയത്തിലേക്ക് കാലം മാറി. പ്രണയം സഞ്ചരിച്ച കാലങ്ങളിലൂടെ...

മേഘസന്ദേശം

മേഘത്തിനെ കൊണ്ടു പ്രണയസന്ദേശം പാടിച്ച കാളിദാസന്റെ നാട്ടിൽ ഇന്നു മേഘങ്ങളിലൂടെ ലക്ഷക്കണക്കിനു സന്ദേശങ്ങൾ പാഞ്ഞു നടക്കുന്നുണ്ടാകും.. ഇലക്ട്രോണിക് സിഗ്നലുകളായിട്ടായിരിക്കും എന്നു മാത്രം. 

കത്തുകളിലൂടെ പ്രണയാഭ്യർഥനകളും തീവ്രാനുരാഗവും പിണക്കങ്ങളും പ്രതീക്ഷകളുമെല്ലാം കൈമാറിയിരുന്ന കാലഘട്ടത്തിൽ ആ കത്തുകൾ തന്റെ ഇണയുടെ പക്കൽ എത്തിക്കുക എന്നതുപോലും കഠിനമായിരുന്നു. സുഹൃത്തുക്കളുടെ കൈവശവും. ലൈബ്രറി പുസ്തകങ്ങൾക്കിടയിൽ ഒളിപ്പിച്ചുമെല്ലാം കൈമാറിയിരുന്ന ആ പ്രണയസന്ദേശങ്ങൾക്കു മാറ്റു കൂടുതലായിരുന്നുവെന്ന് പഴയ തലമുറ പലപ്പോഴായി വീരവാദം മുഴക്കാറുണ്ട്. ശരിയായിരുന്നോ എന്നു പല കഥകളും വായിക്കുമ്പോൾ നമുക്കും തോന്നിപ്പോകാറുമുണ്ട്..

കത്തിനു ശേഷം ‘കറക്കുന്ന’ ഫോണുകളായിരുന്നു താരം. എല്ലാ വീട്ടിലും ഫോൺ ഇല്ലാതിരുന്നതു കൊണ്ടും ഉണ്ടെങ്കിൽ തന്നെ വീട്ടിൽ എല്ലാവരുടയെം സാന്നിധ്യമുള്ള മുറിയിൽ വച്ചിരുന്നതുകൊണ്ടും അത് അത്രവലിയ പ്രണയഹംസം ആയിരുന്നെന്നു പറയാനാകില്ല. മൊബൈൽ ഫോണും ഇന്റർനെറ്റും വന്നതോടെ പ്രണയസന്ദേശം കൈമാറൽ ഒരു വിഷയമേ അല്ലാതായി.. എപ്പോൾ വേണമെങ്കിലും സംസാരിക്കുന്ന രണ്ടുപേർക്കിടയിൽ പ്രണയവേദന തുളുമ്പുന്ന കത്തുകൾ ഉണ്ടാകുമെന്നു കരുതാനാകില്ലല്ലോ... ഇന്നിപ്പോൾ വിഡിയോ കോളും മെസെഞ്ചർ സർവീസുകളുമെല്ലാമായി പ്രണയിതാക്കളുടെ വിനിമയോപാധി. ഫോണിലൂടെയല്ലാതെ നേരിട്ടു കണ്ടാൽ സംസാരിക്കാൻ ഒന്നുമില്ലാത്ത പ്രണയിതാക്കൾ വരെയായി.

പ്രണയദിന സമ്മാനം

നാരങ്ങ മിഠായിയും കരിവളയും പ്രണയിനിക്കു കൈമാറിയിരുന്ന കാലത്തു നിന്ന് ബ്രാൻഡഡ് വസ്ത്രങ്ങളും ആഭരണങ്ങളും ഫോണുമൊക്കെ സമ്മാനമായി നൽകുന്ന കാലത്തേയ്ക്കു മാറി നാം. മിഠായി മധുരമുള്ളതാകണമെങ്കിൽ സിൽക്ക് ലിമിറ്റഡ് എഡിഷൻ തന്നെ വേണം എന്നാണ് പ്രണയിതാക്കളുടെ മനസിലിരുപ്പ്. ഓൺലൈൻ ഷോപ്പിങ് സൈറ്റുകളിലൂടെയാണു പ്രണയദിന സമ്മാനം കൈമാറുന്നതെന്ന് അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു സർവേ ഫലത്തിലുണ്ടായിരുന്നു. പ്രണയദിന സ്പെഷൽ ഓഫറുകളും സമ്മാനം എത്തിക്കാനുള്ള സൗകര്യവുമെല്ലാം ഈ വഴി തിരഞ്ഞെടുക്കാൻ കാരണമെന്നു പറയുന്നു. ആരും കാണാതെ പനിനീർപൂവു കൈമാറിയിരുന്നവർക്ക് ഇന്നായിരുന്നെങ്കിൽ എളുപ്പമായിരുന്നു. ഓൺ ലൈൻ വഴി ഓഡർ ചെയ്താൽ പൂവും മിഠായിയും എന്നു വേണ്ട എന്തു സമ്മാനവും എത്തിക്കാം.. പ്രണയാഭ്യർഥനയ്ക്കിടെ അടി കിട്ടുമെന്ന പേടിയും വേണ്ട.

ആഘോഷം, സർപ്രൈസ്

എങ്ങനെ പ്രണയദിനം ആഘോഷിക്കണമെന്നു പണ്ട് ആലോചിച്ചു തല പുണ്ണാക്കിയിരുന്നവർ ഏറെയായിരുന്നു. ഇന്ന് അതും മാറി. പ്രണയം ദിനം എങ്ങനെ ആഘോഷിക്കണം, എന്തു സമ്മാനിക്കണം, എവിടേയ്ക്കു യാത്ര പോകണം, സർപ്രൈസുകൾ എന്തൊക്കെ തുടങ്ങി എല്ലാം വിശദമായി ഇന്റർനെറ്റ് പറഞ്ഞു തരും. ട്രാവൽ ബുക്കിങ് സൈറ്റുകൾ മുതൽ സോഷ്യൽ മീഡിയ വരെ പ്രണയദിന ആഘോഷങ്ങൾ പൊലിപ്പിക്കാനുള്ള മാർഗങ്ങളും ഓഫറുകളും നൽകി തകർക്കുകയാണ് പ്രണയദിന വിപണിയിൽ.

രഹസ്യമേ അല്ല

പണ്ട് പ്രണയിക്കുന്നതു രഹസ്യമായി സൂക്ഷിക്കാനായിരുന്നു പലർക്കും ഇഷ്ടം. പുറത്തറിഞ്ഞാലുള്ള പുകിലുകളായിരുന്നിരിക്കണം കാരണം. ഇന്നു പ്രണയിച്ചു തുടങ്ങുമ്പോഴേ ഫേസ്ബുക്കിൽ സ്റ്റാറ്റസ് മാറ്റും. ഫേസ്ബുക്കിൽ സിംഗിൾ സ്റ്റാറ്റസ് മാറ്റാത്തതിനു പിരിഞ്ഞ പ്രണയജോടികൾ പോലുമുണ്ട് നാട്ടിൽ. പണ്ട് പ്രണയ പങ്കാളിയുടെ ഫോട്ടോ കിട്ടണമെങ്കിൽ ചില്ലറ ബുദ്ധിമുട്ടൊന്നുമായിരുന്നില്ലത്രേ. കോളജ് ഗ്രൂപ്പ് ഫോട്ടോയും ബ്ലാക്ക് ആൻഡ് വൈറ്റ് തലപ്പടങ്ങളുമെല്ലാം കിത്താബിൽ സൂക്ഷിച്ചു നടന്നിരുന്ന ആ കാലത്തു നിന്ന് മിനിട്ടിൽ പത്തു സെൽഫിയെങ്കിലുമെടുത്ത് അതിൽ രണ്ടെണ്ണം വാട്സാപ് സ്റ്റാറ്റസ് ആക്കിയും ഫീലിങ് ലൗവ്ഡ് എന്നു ഫേസ് ബുക്ക് സ്റ്റാറ്റസ് ആക്കിയും നടക്കുന്ന കാലത്തെത്തി. ഒപ്പം ഇൻഷോർട്ടിൽ എഡിറ്റ് ചെയ്ത രണ്ടു വിഡിയോയും കൂടിയുണ്ടെങ്കിൽ സംഗതി ഉഷാർ. പ്രണയിക്കാത്തവരുടെ ഭാഷയിൽ പറഞ്ഞാൽ ‘വെറുപ്പിക്കൽസ്’

എല്ലാം ഫോർവേഡ്

അടുത്ത സുഹൃത്തിനോട് പ്രണയം തോന്നിയാൽ അതു പറയണോ വേണ്ടയോ എന്ന ആശങ്കയിൽ ഒരിക്കലും അതു പറയാതെ പോയ ഒരുപാടുപേരണ്ടാകും. അത്തരത്തിലുള്ളവർക്കായി ഏതോ വിരുതന്റെ തലയിൽ ഉദിച്ച തന്ത്രമാണ് ഫോർവേഡ് മെസേജ്. ഐ ലവ് യു എന്നു സുഹൃത്തിനു മേസേജ് അയച്ച്, അവരുടെ പ്രതികരണം മോശമാണെങ്കിൽ ഉടനെ അടുത്ത മേസേജ് അയക്കും. ഐ ലവ് യു എന്നു 10 പേർക്കു ഫോർവേഡ് ചെയ്യു, പ്രണയദിനം സുഹൃത്തുക്കളുടേതുമാണ്. ആഹാ,, എത്ര എളുപ്പമായി കാര്യങ്ങൾ അല്ലേ. പണ്ടാണെങ്കിൽ കത്ത് കൊടുക്കണം, അതു കാമുകൻ അല്ലെങ്കിൽ കാമുകി രഹസ്യമായി ഒറ്റയ്ക്ക് ഒരിടത്ത് പോയി വായിക്കണം, തിരിച്ച് മറുപടി കത്ത് രഹസ്യമായി എഴുതണം, അതു രഹസ്യമായി കൈമാറണം. ഫോർവേഡ് ഇല്ലാത്തതിന്റെ ഓരോരോ ബുദ്ധിമുട്ടുകളേ..