Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൂക്കൾ, പനിനീർപ്പൂക്കൾ

rose-day-3

വലന്റൈൻസ് ദിനവും ഫെബ്രുവരി മാസവും പൂക്കളുടെയും ആഹാരത്തിന്റെയും യാത്രയുടെയും ആഘോഷമാണ് ബെംഗളൂരുവിന്. വാലന്റൈൻ ദിനമിങ്ങെത്തിയപ്പോൾ റോഡരികത്തു വിൽക്കുന്ന പനിനീർപ്പൂക്കളിൽ തുടങ്ങി മാളുകളും പബ്ബുകളും വരെ ചുവപ്പണിഞ്ഞ് വിൽപനയ്ക്കൊരുങ്ങി നിൽക്കുകയാണ്. വേറിട്ട പരിപാടികളുമായാണ് പൂന്തോട്ട നഗരം പ്രണയദിനത്തെ വരവേൽക്കുന്നത്. പ്രണയജോടികൾക്കായി വ്യത്യസ്തമായ മൽസര പാക്കേജുകളുമായി പബ്ബുകളും റസ്റ്ററന്റുകളുമൊക്കെ തയാറെടുത്തുകഴിഞ്ഞു. പ്രണയം ഏറ്റവുമധികം വാണിജ്യവൽക്കരിക്കപ്പെടുന്ന ഇന്ത്യൻ നഗരം ഒരുപക്ഷേ ബെംഗളൂരുവായിരിക്കും. 

ഓരോ പ്രണയദിനത്തിലും പനിനീർപ്പൂക്കളുടെ രാജകീയനിറങ്ങളാണ് ഉദ്യാനനഗരത്തിന്റെ നിറച്ചാർത്ത്. ചുവന്ന റോസാപ്പൂക്കളും ഉദ്യാനനഗരിയും തമ്മിലുള്ള ബന്ധത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ റോസാപ്പൂക്കൾ ഉൽപാദിപ്പിക്കുന്ന ബെംഗളൂരുവിൽ ഓരോ പ്രണയദിനത്തിലും കോടികളുടെ വിറ്റുവരവാണ് ഉണ്ടാകുന്നത്. ഉദ്യാനനഗരിയിലെ ആഘോഷത്തിനു പുറമേ വിദേശരാജ്യങ്ങളിലേക്കാണ് റോസാപ്പൂക്കൾ ഏറെയും കയറ്റുമതി ചെയ്യുന്നത്. യൂറോപ്പ്, ഓസ്ട്രേലിയ, സിംഗപ്പൂർ, ന്യൂസീലൻഡ്, ബംഗ്ലദേശ്, ശ്രീലങ്ക, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിലേക്കാണ് ഏറ്റവും കൂടുതൽ റോസാപ്പൂക്കൾ പറക്കുന്നത്.  

താജ്മഹൽ, ഗ്രാൻഡ് ഗാല, ഫസ്റ്റ് റെഡ്, റെഡ് റിബൺ, റോയൽ ക്ലാസ് എന്നീ ഇനങ്ങളാണ് പ്രണയദിന വിപണിയിൽ പ്രണയജോടികളെ ആകർഷിക്കുന്നത്. പൂക്കൾക്കു താഴെയുള്ള തണ്ടിന്റെ നീളത്തിനനുസരിച്ചാണ് വിലയാരംഭിക്കുന്നത്. വില നിർണയിക്കുന്നതിൽ തണ്ടിന്റെ നീളം പ്രധാന ഘടകമാണ്. 45 മുതൽ അൻപതു സെന്റിമീറ്റർ വരെ നീളമുള്ള തണ്ടിൽ വിരിഞ്ഞ പൂവാണെങ്കിൽ ഉയർന്ന വില ലഭിക്കും. പ്രണയദിനാഘോഷത്തിന് താജ്മഹൽ ഇനത്തിലുള്ള റോസാപ്പൂക്കൾക്കാണ് ആവശ്യക്കാരേറെ. ഇതുകൊണ്ടുതന്നെ സീസണിൽ ഒരു പൂവിന് 15 രൂപ മുതൽ 30 രൂപ വരെ വില ഉയരും. 

പ്രണയദിനാഘോഷത്തിൽ വേറിട്ട ആഘോഷച്ചടങ്ങുകളാണ് നഗരത്തിലെ വിവിധയിടങ്ങളിൽ ഒരുക്കിയിരിക്കുന്നത്. പ്രണയജോടികൾക്ക് ആകാശയാത്ര നടത്താൻ താൽപര്യമുണ്ടെങ്കിൽ ജക്കൂരിലെ എയ്റോഡ്രോമിലെത്തിയാൽ മതി. അരമണിക്കൂർ നേരത്തെ യാത്രയ്ക്ക് രണ്ടുപേർക്ക് നിരക്ക് 10,000 രൂപ. വായിൽ കൊതിയൂറുന്ന ബെൽജിയൻ ചോക്ലേറ്റുകൾ മതിവരുവോളം രുചിച്ചറിയാൻ ചോക്ലേറ്റ് ടൂർ പാക്കേജ്, മെഴുകുതിരി വെട്ടത്തിൽ ഭക്ഷണം കഴിക്കാൻ അവസരമൊരുക്കിയുള്ള  കാൻഡിൽ ലൈറ്റ് ഡിന്നർ, വിവിധ ഫ്ലേവറുകളിലുള്ള ബീയറുകൾ തൽസമയം നിർമിച്ച് കുടിക്കാൻ അവസരമൊരുക്കിയുള്ള മൈക്രോ ബ്രൂവവറികൾ തുടങ്ങി ഒട്ടേറെ പാക്കേജുകളാണ് നാളെ മുതൽ 14 വരെയുള്ള ദിവസങ്ങളിലായി ഒരുക്കിയിരിക്കുന്നത്.