Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രംപിന്റെ ബൈക്ക് നികുതി ഉണ്ടയില്ലാ വെടി

bike-duty

വാഷിങ്ടൻ ∙ ഹാർലി ഡേവിഡ്സൺ ബൈക്കുകൾക്ക് ഇന്ത്യയിൽ ഇറക്കുമതി തീരുവ വളരെ കൂടുതലാണെന്നും ഇന്ത്യയിൽ നിന്നു യുഎസിലേക്ക് ആയിരക്കണക്കിന് ബൈക്കുകൾ ഒരു നികുതിയുമില്ലാതെ വിൽക്കുന്നു എന്നും കഴിഞ്ഞ ദിവസം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞത് വസ്തുതകളുമായി യോജിക്കുന്നില്ലെന്ന് യുഎസ് പത്രം വാഷിങ്ടൻ പോസ്റ്റ്. 

ഹാർലി ഡേവിഡ്സൺ ഇന്ത്യയിൽ പ്രതിവർഷം വിൽക്കുന്ന ഏതാണ്ട് 4500 ബൈക്കുകളിൽ ബഹുഭൂരിപക്ഷവും ഇന്ത്യയിൽ അസംബിൾ ചെയ്യുന്നവയോ ഏതാണ്ട് പൂർണമായും ഇന്ത്യൻ ഘടകങ്ങൾ ഉപയോഗിച്ച് നിർമിക്കുന്നവയോ ആണ്. വിദേശത്തു പൂർണമായും നിർമിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന ബൈക്കുകൾക്കു മാത്രമാണ് 50% ഇറക്കുമതി നികുതി.

ഇന്ത്യയിലെ ഹാർലി ഡേവിഡ്സൺ ഫാക്ടറിയിൽ നിന്നു പുറത്തുവരുന്ന ബൈക്കുകൾക്ക് ഇത്രയും ഉയർന്ന നികുതിയില്ല. ട്രംപ് ഉയർത്തിയ ഭീഷണി ഇതിനെക്കാൾ അബദ്ധമാണെന്നും പത്രം ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിൽ നിന്നു ‘ആയിരക്കണക്കിന്’ ബൈക്കുകൾ യുഎസിലേക്ക് കയറ്റിയയ്ക്കുന്നില്ല.

റോയൽ എൻഫീൽഡ് ആയിരത്തോളം ബൈക്കുകൾ വിൽക്കുന്നതു മാത്രമാണ് കയറ്റുമതി എന്നു പറയാവുന്ന വ്യാപാരം. ഇന്ത്യൻ സർക്കാരിന്റെ വാണിജ്യ മന്ത്രാലയത്തിന്റെ കയറ്റുമതി പട്ടികയിൽ മോട്ടോർ സൈക്കിൾ എന്ന പരാമർശം പോലുമില്ല.

ട്രംപിന്റെ ഉദാഹരണങ്ങൾ പൊളിഞ്ഞെങ്കിലും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് അദ്ദേഹത്തിന്റെ നിലപാട് ആവർത്തിച്ചു. വിദേശ രാജ്യങ്ങളുമായുള്ള വ്യാപാരത്തിനു തടസ്സമാകുന്ന തീരുവകളും നിയന്ത്രണങ്ങളും കുറയ്ക്കുന്നത് ഇന്ത്യയ്ക്ക് ഗുണം ചെയ്യുമെന്ന് അധികൃതർ പറഞ്ഞു.