Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐടിഐയും കോറിയന്റും ധാരണാപത്രം ഒപ്പിട്ടു

പാലക്കാട് ∙ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഐടിഐ പാലക്കാട് യൂണിറ്റ് യുഎസിലെ കോറിയന്റ് ടെക്നോളജീസുമായി ധാരണാപത്രം ഒപ്പുവച്ചു.  ഒപ്റ്റിക്കൽ ട്രാൻസ്‌പോർട്ട് നെറ്റ്‌വർക്ക് (ഒടിഎൻ) ഉൽപന്നങ്ങൾ നിർമിക്കാൻ ഉദ്ദേശിച്ചുള്ളതാണിത്. ഫോൺവിളി മുറിയുന്ന പ്രശ്നത്തിനു (കോൾ ഡ്രോപ്) ചെലവു കുറഞ്ഞ പരിഹാരം ലഭ്യമാക്കാൻ ഒടിഎൻ സഹായിക്കുമെന്നാണു പ്രതീക്ഷ. 

ഇന്റർനെറ്റ് പ്രോട്ടോക്കോൾ ബേസ്ഡ് മാനേജ്ഡ് ലീസ്ഡ് ലൈൻ നെറ്റ്‌വർക്ക് (ഐപിഎംഎൽഎൽഎൻ), വിഡിയോയും ഡേറ്റകളും അതിവേഗം കൈമാറാൻ ശേഷിയുള്ള ഡെൻസ് വേവ്‌ ലങ്ത് ഡിവിഷൻ മൾട്ടിപ്ലക്സിങ് (ഡിഡബ്ല്യുയുഡിഎം) തുടങ്ങിയ സാങ്കേതികവിദ്യകൾക്ക് ആവശ്യമുള്ള ഉൽപന്നങ്ങൾ ഐടിഐയിൽ നിന്ന് വാങ്ങാൻ കോറിയന്റ് ലക്ഷ്യമിടുന്നു. 

കോറിയന്റിന്റെ മുൻ സ്ഥാപനമായ ടെൽലാബുമായി ഐടിഐയ്ക്ക് കരാറുകളുണ്ടായിരുന്നു. ധാരണാപത്രം ഒപ്പുവയ്ക്കുന്ന ചടങ്ങിൽ ഐടിഐ ചെയർമാനും മാനേജിങ് ഡയറക്ടറുമായ എസ്.ഗോപു, കോറിയന്റ് ഏഷ്യ പസഫിക് സൗത്ത് എംഡി വിക്രം വി. ഷാൻബാഗ്, എം.ബി. രാജേഷ് എംപി തുടങ്ങിയവർ പങ്കെടുത്തു.