Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുസ്ഥിര യുഎസ്- ഇന്ത്യ പങ്കാളിത്തം സാമ്പത്തികരംഗത്ത്

kenneth

രാജ്യാന്തര രംഗത്ത് ഏതൊരു ബന്ധത്തെക്കാളും  പ്രസക്തമാണ്  യുഎസ്- ഇന്ത്യ പങ്കാളിത്തം. ഇരു രാജ്യങ്ങളെയും ശക്തിപ്പെടുത്തുന്നതിനും ഇന്തോ–പസിഫിക് മേഖലയിൽ ഗുണകരമായ ചലനങ്ങൾ ഉണ്ടാക്കുന്നതിനും വിഭാവന ചെയ്യപ്പെട്ടിട്ടുള്ളതാണ് ഈ തന്ത്രപരമായ പങ്കാളിത്തം.ഇതു സുസ്ഥിര  പങ്കാളിത്തമാണെന്ന് ഇരുരാജ്യങ്ങളും ഉറപ്പാക്കണം. സ്വതന്ത്രവും സുരക്ഷിതവും സുതാര്യവുമായ ഇന്തോ-പസഫിക്കിനോടുള്ള അമേരിക്കയുടെ ദീർഘകാല പ്രതിബദ്ധത, ഈ മേഖലയുടെ സ്ഥിരതയ്ക്കും സാമ്പത്തിക വളർച്ചയ്ക്കും ആക്കം കൂട്ടിയിട്ടുണ്ട്. 

പ്രതിരോധത്തിലും തീവ്രവാദത്തെ തടയുന്നതിലുമുള്ള സഹകരണം നമ്മുടെ സഹകരണത്തിന്റെ നിർണായകമായ ഒരു തൂണാണ്. സങ്കീർണ പ്രതിരോധ സംവിധാനങ്ങൾക്കായി വിവിധ ഘടകങ്ങൾ നിർമിച്ചുകൊണ്ട് യുഎസ് പ്രതിരോധ കമ്പനികൾ ഇതിനകം തന്നെ ഇന്ത്യയിൽ നിക്ഷേപം ഇറക്കിക്കഴിഞ്ഞിട്ടുണ്ട്.

പ്രതിരോധ രംഗത്തെ ബന്ധത്തിൽ സ്വീകരിച്ച അതേ തന്ത്രപരമായ വീക്ഷണം സാമ്പത്തിക ബന്ധത്തിലും രണ്ടു രാജ്യങ്ങളും പ്രയോഗിക്കണം. മേഖലയിലെ ഏറ്റവും വലിയ വിപണിയായ ചൈനയിൽ ഇടപാടുകൾ നടത്തുന്നതിനു പ്രതിബന്ധങ്ങൾ കൂടിക്കൊണ്ടിരിക്കുന്നതു പല യുഎസ് കമ്പനികളും അറിയിച്ചിട്ടുണ്ട്. തദനുസൃതമായി അവിടത്തെ ഇടപാടുകൾ പല കമ്പനികളും കുറച്ചുകൊണ്ടിരിക്കുകയാണ്, എന്നാൽ മറ്റു പലരും പകരം വിപണികൾ തേടിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. 

ഇന്തോ പസിഫിക് മേഖലയിലെ യുഎസ് ബിസിനസിന്റെ ഹബ് ആയി മാറാനുള്ള ഈ തന്ത്രപരമായ അവസരം വാണിജ്യ, നിക്ഷേപത്തിലൂടെ ഇന്ത്യയ്ക്കു നേടിയെടുക്കാവുന്നതാണ്. സ്ഥായിയായ വഴിയിൽ ഇന്ത്യയുടെ ദീർഘകാല വളർച്ച മെച്ചപ്പെടുത്താനുള്ള പ്രധാനമന്ത്രി മോദിയുടെ ശ്രമങ്ങളെ സഹായിക്കുന്നതും ഊർജമേകുന്നതുമാണു സ്വതന്ത്രവും നീതിപൂർവകവുമായ വാണിജ്യം. ഉപരിയായി, ‘അമേരിക്ക ഫസ്റ്റും’ ‘മെയ്ക് ഇൻ ഇന്ത്യ’യും യോജിക്കാനാവാത്തവയല്ല. മറിച്ച്, പരസ്പരം വിപണികളിൽ നിക്ഷേപിക്കുന്നതു നമ്മുടെ സാമ്പത്തിക ബന്ധങ്ങളും വാണിജ്യത്തിന്റെ തോതും കൂട്ടുകയും വളർന്നുവരുന്ന സാങ്കേതിക വിദ്യകളിലുള്ള സഹകരണത്തിലേക്കു നയിക്കുകയും ഇരുരാജ്യങ്ങളിലും തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുകയും  ചെയ്യും. 

പ്രധാനമന്ത്രി മോദി തുടക്കമിട്ടുകഴിഞ്ഞിട്ടുള്ള സാമ്പത്തിക, റഗുലേറ്ററി പരിഷ്കാരങ്ങൾക്കു വേഗം കൂട്ടുന്നത്,  ഇന്ത്യയെ കൂടുതൽ മികവുറ്റതും സുതാര്യവുമായി നല്ല രീതിയിൽ നടത്തപ്പെടുന്ന വിപണി ആയിക്കാണാൻ സഹായിക്കും. അതു വികസനത്തിന് ഇനിയും ആക്കം കൂട്ടുകയും ചെയ്യും. തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനു കരുത്തുപകർന്ന് ആഗോള സപ്ലൈ ചെയിനിന്റെ ഭാഗമായി ഉടനടി മാറാൻ ഇന്ത്യൻ ഉൽപന്നങ്ങൾക്കു കഴിയുന്നതിന് ഉതകുന്നതുമാണ് നിലവിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പരിഷ്കാരങ്ങളും വാണിജ്യ ഉദാരവൽക്കരണവും.

നമ്മുടെ ഉഭയകക്ഷി സാമ്പത്തിക ബന്ധങ്ങൾ വളർത്തുന്നതിലും മേഖലയിലെ യുഎസ് ബിസിനസ് ഹബായി ഇന്ത്യയെ മാറ്റിയെടുക്കുന്നതിലും നേട്ടങ്ങൾ ഏറെയുണ്ട്. ഒരു രാജ്യത്തിന്റെ സമ്പദ്ഘടനയ്ക്ക് ഇന്നവേഷനുള്ള അനുകൂല സാഹചര്യം ചെലുത്തുന്ന സ്വാധീനത്തിന്റെ പരസ്യപ്രദർശനമാണ് ഈയിടെ ഹൈദരാബാദിൽ നടന്ന ലോക സംരംഭക സമ്മേളനത്തിൽ കണ്ടത്. സംരംഭകത്വത്തിലും ഇന്നവേഷനിലും അമേരിക്ക ഒന്നാമതാണ്. സാങ്കേതിക മേഖലയിൽ ഇന്ത്യയുമായി നിലവിൽ തന്നെ വ്യാപക ബന്ധങ്ങളുണ്ട്. യുഎസുമായി കൂടുതൽ വാണിജ്യത്തിനും നിക്ഷേപത്തിനും ഇന്ത്യൻ വിപണി കൂടുതൽ തുറന്നിടുന്നതു വളർന്നുവരുന്ന യുഎസ്-ഇന്ത്യ സാങ്കേതിക വിദ്യാ സഹകരണം ശക്തമാക്കും. സങ്കീർണ ഉൽപാദന, സൈബർ സെക്യൂരിറ്റി തുടങ്ങിയവയുമായി ബന്ധപ്പെട്ടവയുൾപ്പെടെയുള്ള സമ്പദ്ഘടനകൾക്ക് അതു കുതിപ്പേകുകയും സംരക്ഷിക്കുകയും ചെയ്യും.

കൂടുതൽ യുഎസ് വാണിജ്യവും നിക്ഷേപവും ഒപ്പം ബൌദ്ധിക സ്വത്തവകാശത്തെ സംരക്ഷിക്കുന്ന ശക്തമായ അന്തരീക്ഷവും ഇനിയുമേറെ നിക്ഷേപത്തിന്റെ ഒഴുക്കിലേക്കും ബൗദ്ധിക വിവരാവകാശത്തിന്റെ പങ്കുവയ്ക്കലിലേക്കും നയിക്കും. സാങ്കേതിക വിദ്യ സമഗ്രമാറ്റത്തിന് അവശ്യമായ നിരന്തര അപ്ഗ്രേഡുകൾ ഉണ്ടാകുന്നതു രാജ്യാന്തര സമ്പദ്ഘടനയുടെയും ഡേറ്റയുടെയും നിർബന്ധ ഒഴുക്കിൽ രാജ്യങ്ങൾ പങ്കു ചേരുമ്പോഴാണ്.

യുഎസ് ഉൽപന്നങ്ങളോടും സേവനങ്ങളോടും കൂടുതൽ തുറന്ന സമീപനവും യുഎസ് കമ്പനികളുടെ വ്യാപക സാന്നിധ്യവും, മികച്ച അടിസ്ഥാന ഘടകങ്ങളിലും പൊതു കണക്ടിവിറ്റിയിലും സ്വകാര്യ മേഖലാ നിക്ഷേപത്തെ ഉത്തേജിപ്പിക്കും. ഉദാഹരണത്തിന്, രാജ്യത്തുടനീളം 100 സ്മാർട് സിറ്റികൾ നിർമിക്കാനുള്ള ഇന്ത്യയുടെ സ്വപ്ന പദ്ധതിയെ സഹായിക്കുന്ന നൂതന സാങ്കേതിക വിദ്യകൾ യുഎസ് കമ്പനികൾക്കുണ്ട്.

സഹകരണത്തിനു പാകമായ മറ്റൊരു മേഖലയാണ് ഊർജമേഖല. സമഗ്രമായ ഒരു ഊർജ പങ്കാളിത്തം വാഗ്ദാനം ചെയ്യുന്നതിന് എന്തുകൊണ്ടും അനുയോജ്യ പദവിയിലുള്ളതാണ് യുഎസ്. കൽക്കരി, ക്രൂഡ് ഓയിൽ, പ്രകൃതി വാതകം, ആണവ ഊർജം; കൂടാതെ  ക്ലീൻ ഫോസിൽ ഫ്യൂവൽ, സ്മാർട് ഗ്രിഡ്, എനർജി സ്റ്റോറേജ്, പുനരുൽപാദന ഊർജ സ്രോതസുകൾ എന്നിവയ്ക്കുള്ള സാങ്കേതികവിദ്യ തുടങ്ങി എല്ലാ രൂപത്തിലുമുള്ള ഊർജം ഇതിൽ ഉൾപ്പെടുന്നു. ഇന്ത്യയിലേക്ക് ആദ്യമായി ക്രൂഡ് ഓയിൽ കഴിഞ്ഞ വർഷം യുഎസ് കയറ്റി അയച്ചിരുന്നു.

നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ലോകത്തു സ്ഥായിയായി നിൽക്കുന്ന ഒന്നാണ് യുഎസ്-ഇന്ത്യ പങ്കാളിത്തത്തിന്റെ ശക്തി. ഇന്ത്യയും യുഎസും അവരുടെ സ്വാതന്ത്ര്യവും പരമാധികാരവും ആഘോഷിക്കുമ്പോഴും പങ്കാളിത്തത്തിന്റെ യഥാർഥ മൂല്യം എന്നു പറയുന്നത്, ആഗോള വിഷയങ്ങളെ ക്രിയാത്മകമായി സ്വാധീനിക്കാൻ ഇരു രാജ്യങ്ങളെയും അതു കൂടുതൽ ശാക്തീകരിക്കുമെന്നതും  ജനങ്ങളുടെ സുരക്ഷയും സമൃദ്ധിയും എന്ന വലിയ അഭിലാഷം നേടിയെടുക്കാൻ പ്രാപ്തമാക്കും എന്നതുമാണ്.