Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓഹരി തിരിച്ചുവരവിന്റെ പാതയിൽ

sensex

മുംബൈ ∙ ഓഹരി വിപണിക്ക് ഇത് ഉണർവിന്റെ ആഴ്ച. സെൻസെക്സ് ഇന്നലെ 322.65 പോയിന്റ് ഉയർന്നതോടെ വീണ്ടും 34,000 കടന്ന് 34,142.15ൽ അവസാനിച്ചു. ഈ മാസം 15ന് ശേഷമുള്ള ഉയർന്ന നിലവാരം കൂടിയാണിത്. നിഫ്റ്റി 108.35 പോയിന്റ് കയറി 10,491.05ൽ എത്തി. ആഭ്യന്തര ധനസ്ഥാപനങ്ങൾ നല്ല തോതിൽ നിക്ഷേപം നടത്തിയതും ഡോളറുമായുള്ള വിനിമയത്തിൽ രൂപ ശക്തി നേടിയതും വിപണിക്ക് ആവേശം പകർന്നു.

ഈ ആഴ്ച സെൻസെക്സിൽ 131.39 പോയിന്റും നിഫ്റ്റിയിൽ 38.75 പോയിന്റും നേട്ടമുണ്ടായി. ഈ ആഴ്ച വിപണി നേരിട്ട ഇടിവിനെ ഏറെക്കുറെ മറികടക്കാനും ഇതുവഴി സാധിച്ചു. ഏഷ്യൻ വിപണികളിലും ഉണർവ് പ്രകടമായി. യുഎസ് ഫെഡ് റിസർവ് ഉടനടി പലിശ നിരക്ക് ഉയർത്തിയെന്ന വെളിപ്പെടുത്തലാണു കാരണം. യൂറോപ്യൻ വിപണിയും നേട്ടമുണ്ടാക്കി.

ആഭ്യന്തര വിപണിയിൽ മെറ്റൽ, ഹെൽത്ത് കെയർ, പവർ, പിഎസ്‌യു, ബാങ്ക്, അടിസ്ഥാന സൗകര്യം തുടങ്ങിയ മേഖലകളാണ് മികച്ചുനിന്നത്. എന്നാൽ പഞ്ചാബ് നാഷനൽ ബാങ്ക് ഓഹരി വിലയിടിവ് തുടർന്നു. വ്യാഴാഴ്ച ആഭ്യന്തര ധനസ്ഥാപനങ്ങൾ 1060 കോടി രൂപയുടെ നിക്ഷേപം നടത്തി. വിദേശ ധനസ്ഥാപനങ്ങൾ വിൽപന നടത്തി.