Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടിഎപിഐ വാതക പൈപ്പ്‌ലൈൻ: അഫ്ഗാനിലെ പണി ആരംഭിച്ചു

tapi-pipeline-project

ആഷ്‌ഗബത്  ∙ തുർക്ക്‌മെനിസ്‌ഥാനിൽനിന്ന് അഫ്‌ഗാനിസ്ഥാൻ, പാക്കിസ്‌ഥാൻ വഴി ഇന്ത്യയിലെത്തുന്ന വാതക പൈപ്പ്‌ലൈനിന്റെ അഫ്ഗാൻ മേഖലയിലെ പണി ആരംഭിച്ചു. തുർക്ക്‌മെനിസ്‌ഥാൻ, അഫ്‌ഗാനിസ്ഥാൻ, പാക്കിസ്‌ഥാൻ, ഇന്ത്യ എന്നീ നാലു രാജ്യങ്ങളുടെയും പേരിന്റെ ആദ്യഅക്ഷരങ്ങൾ ചേർത്ത് ‘ടിഎപിഐ വാതക പൈപ്പ്‌ലൈൻ’ എന്നറിയപ്പെടുന്ന ഈ പദ്ധതി രാജ്യങ്ങളെ ഒന്നിപ്പിക്കുന്ന മഹത്തായ പദ്ധതിയാണെന്ന് അഫ്ഗാൻ മേഖലയിലെ നിർമാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനച്ചടങ്ങിൽ പ്രസംഗിച്ച അഫ്ഗാനിസ്ഥാൻ പ്രസിഡന്റ് അഷ്റഫ് ഗനി ചൂണ്ടിക്കാട്ടി.

ചടങ്ങിൽ തുർക്‌മെനിസ്‌ഥാൻ പ്രസിഡന്റ് ബെർഡി മുഹമ്മദോവ്, പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹീദ് കഖാൻ അബ്ബാസി, ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി എം.ജെ. അക്ബർ എന്നിവരും പങ്കെടുത്തു.

തുർക്ക്‌മെനിസ്‌ഥാനിലെ ഗാൽക്കൈനിഷിൽ നിന്നുള്ള പ്രകൃതിവാതകം എത്തിക്കുന്ന പദ്ധതിയുടെ ഭാഗമായി 1840 കിലോമീറ്റർ നീളത്തിൽ പൈപ്പിടുന്നതിന് 760 കോടി ഡോളറാണു ചെലവ് കണക്കാക്കിയിരുന്നത്. ഏഷ്യൻ വികസന ബാങ്ക് (എഡിബി) ആണ് പദ്ധതിയുടെ മുഖ്യ പങ്കാളി. 2020 ൽ പദ്ധതി പൂർത്തീകരിക്കാമെന്നാണു കരുതുന്നത്. പൈപ്പ്‌ ലൈനിന്റെ തുർക്‌മെനിസ്‌ഥാൻ മേഖലയിലെ ജോലി അവസാനഘട്ടത്തിലാണെന്നു ബെർഡി മുഹമ്മദോവ് അറിയിച്ചു.

ആഭ്യന്തരയുദ്ധത്തിന്റെ പിടിയിലായ അഫ്ഗാനിൽ പൈപ്പിടുന്നതിന് നിലവിൽ ഭീഷണികളില്ലെന്നും പണിക്കു പൂർണ സുരക്ഷിതത്വം ഉറപ്പു വരുത്തുമെന്ന് അഷ്റഫ് ഗനി പറഞ്ഞു. പദ്ധതിക്കു താലിബാൻ പൂർണ സഹകരണം നൽകുമെന്നു വക്താവ് സബീഹുള്ള മുജാഹിദും വ്യക്തമാക്കി. അഫ്ഗാനിസ്ഥാന്റെ സാമ്പത്തിക വികസനത്തിനു പദ്ധതി ഏറെ സഹായിക്കുമെന്നും താലിബാൻ അധികാരത്തിലിരുന്നപ്പോൾ ഇതു പരിഗണിച്ചിരുന്നതായും സബീഹുള്ള ചൂണ്ടിക്കാട്ടി.