Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നികുതി വിഹിതം നിർണയിക്കാൻ കേന്ദ്രസംഘം

Goods and services tax - GST

ന്യൂഡൽഹി ∙ കേരളത്തിന് 2020 – 2025 കാലയളവിൽ കേന്ദ്ര നികുതികളിൽനിന്നു ലഭിക്കേണ്ട വിഹിതം നിശ്ചയിക്കാൻ എൻ.കെ.സിങ് അധ്യക്ഷനായുള്ള പതിനഞ്ചാം ധന കമ്മിഷൻ ഏപ്രിലിൽ കേരളത്തിലെത്തും. അഞ്ചംഗ കമ്മിഷൻ മുഖ്യമന്ത്രിയും മറ്റുമായും ചർച്ച നടത്തും.  കേരളത്തിലെ ചരക്ക്, സേവന നികുതി (ജിഎസ്ടി) നടപ്പാക്കിയശേഷമുള്ള വരുമാനവർധന, നികുതിപിരിവ്, എക്സൈസ് തീരുവ, സേവന നികുതി വരുമാനം തുടങ്ങിയവ കമ്മിഷൻ വിലയിരുത്തും. നഗരസഭകളുടെയും പഞ്ചായത്തുകളുടെയും പ്രതിനിധികളെയും കമ്മിഷൻ കാണും. രാഷ്ട്രീയകക്ഷി നേതാക്കൾ, സാമ്പത്തിക വിദഗ്ധർ, അക്കാദമിക പ്രതിനിധികൾ, ഗവേഷണ സ്ഥാപന പ്രതിനിധികൾ തുടങ്ങിയവരുമായും യോഗം ചേരും.

കഴിഞ്ഞ നവംബറിലാണു പതിനഞ്ചാം ധന കമ്മിഷൻ രൂപീകരിച്ചത്. ജോർജ്ടൗൺ സർവകലാശാലയിലെ സാമ്പത്തികശാസ്ത്ര പ്രഫസർ അനൂപ് സിങ്, മുൻ കേന്ദ്ര ധന സെക്രട്ടറി ശക്തികാന്ത് ദാസ്, നിതി ആയോഗ് അംഗവും കാർഷിക വിദഗ്ധനുമായ രമേഷ് ചന്ദ്, കേന്ദ്ര ധനമന്ത്രിയുടെ മുൻ ഉപദേശകൻ അശോക് ലാഹിരി എന്നിവരാണു കമ്മിഷനിലെ മറ്റ് അംഗങ്ങൾ. 

സംസ്ഥാനങ്ങൾ മുഴുവൻ സന്ദർശിച്ചു വിവരം സമാഹരിച്ചശേഷം കേന്ദ്ര ധനമന്ത്രിയുമായി കൂടിയാലോചന നടത്തി 2019 ഒക്ടോബറോടെ റിപ്പോർട്ട് സമർപ്പിക്കും. 2020 ഒക്ടോബറിൽ പുതിയ സർക്കാരിന്റെ ആദ്യ ബജറ്റിൽ ഇതനുസരിച്ചുള്ള പ്രഖ്യാപനങ്ങളുണ്ടാവും. 

കമ്മിഷന്റെ പരിഗണനാ വിഷയങ്ങളിൽ സംസ്ഥാനങ്ങളുടെ കേന്ദ്രനികുതി വിഹിതം ഇപ്പോഴത്തെ 42% ആയി തുടരണമോ എന്നതുമുണ്ട്. പ്രതിരോധം, ആഭ്യന്തരസുരക്ഷ, വിദേശകാര്യം, കേന്ദ്രപദ്ധതികൾ, ദുരന്തനിവാരണം, കാലാവസ്ഥാ വ്യതിയാനം തുടങ്ങി വൻ ചെലവുള്ള ഒട്ടേറെ കാര്യങ്ങൾ കേന്ദ്ര സർക്കാരിന്റെ ചുമതലയായതുകൊണ്ടു കേന്ദ്രവിഹിതം വർധിപ്പിക്കണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്. ജിഎസ്ടി നടപ്പാക്കിയത് സംസ്ഥാനങ്ങൾക്കു ഗുണകരമായോ എന്നും ജനകീയ പദ്ധതികൾക്കായുള്ള ഫണ്ട് ഫലപ്രദമായി വിനിയോഗിക്കപ്പെടുന്നുണ്ടോ എന്നും പരിശോധിക്കും.