Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതുവൈപ്പ് എൽപിജി ടെർമിനൽ നിർമാണം പുനരാരംഭിക്കാൻ അനുമതി കാത്ത് ഐഒസി

LNG TERMINAL

കൊച്ചി ∙ 490കോടി രൂപ മുതൽമുടക്കുള്ള പുതുവൈപ്പ് എൽപിജി സംഭരണ ടെർമിനലിനു ദേശീയ ഗ്രീൻ ട്രൈബ്യൂണൽ (എൻജിടി) പച്ചക്കൊട്ടി കാട്ടിയ സാഹചര്യത്തിൽ, നിർമാണം പുനരാരംഭിക്കാൻ സർക്കാർ അനുമതിക്കു കാക്കുകയാണെന്ന് ഇന്ത്യൻ ഓയിൽ കോർപറേഷൻ (ഐഒസി). 

പരിസ്ഥിതി, സുരക്ഷാ ആക്ഷേപങ്ങളെല്ലാം എൻജിടി തള്ളിയ സാഹചര്യത്തിൽ നിർമാണം പുനരാരംഭിക്കാൻ സർക്കാരിന്റെ അനുമതി തേടിയിട്ടുണ്ടെന്ന് ഐഒസി ജനറൽ മാനേജർമാരായ എസ്. ധനപാണ്ഡ്യനും സി.എൻ. രാജേന്ദ്ര കുമാറും പറഞ്ഞു. പദ്ധതി സ്ഥലത്തു പ്രവേശിക്കാൻ പോലും തങ്ങളെ അനുവദിക്കുന്നില്ല. സംസ്ഥാന ഖജനാവിനു  നികുതി ഇനത്തിൽ 300 കോടി രൂപ ലഭ്യമാക്കാൻ കഴിയുന്ന പദ്ധതിയാണു മുടങ്ങിക്കിടക്കുന്നത്. റോഡ് മാർഗമുള്ള എൽപിജി നീക്കം ഒഴിവാക്കാൻ കഴിയുമെന്ന വലിയ നേട്ടം കൂടിയുണ്ടെന്നും അവർ പറഞ്ഞു. 

മൊത്തം ചെലവ് 715 കോടി 

പദ്ധതിയുടെ ഭാഗമായ മൾട്ടി യൂസർ ലിക്വിഡ് ടെർമിനൽ (മൾട്ട് ) ജെട്ടി നിർമാണം ഏറെക്കുറെ പൂർത്തിയായി. െജട്ടിക്കു മാത്രം 225 കോടി രൂപയും സംഭരണ ടെർമിനലിനു 490 കോടി രൂപയുമാണു ചെലവ്; മൊത്തം 715 കോടി. സംഭരണ ടെർമിനൽ നിർമാണം 40 ശതമാനത്തോളം പൂർത്തിയായപ്പോഴാണു  പ്രതിഷേധത്തെത്തുടർന്നു ജോലികൾ നിർത്തിവയ്ക്കേണ്ടിവന്നത്. 

ജെട്ടി പൂർത്തിയായെങ്കിലും സംഭരണ ടെർമിനൽ എങ്ങുമെത്താത്തതിനാൽ കോടികളുടെ നിക്ഷേപം നിഷ്ക്രിയ സ്ഥിതിയിലാണ്. ജെട്ടി രണ്ടു മാസത്തിനുള്ളിൽ കമ്മിഷൻ ചെയ്യാനാകും. ഇറക്കുമതി ചെയ്യുന്ന എൽപിജി സ്വീകരിക്കുന്നത് ഈ ജെട്ടിയിലാണ്. ഇവിടെ നിന്നു മൂന്നര കിലോമീറ്റർ ദൂരെയുള്ള സംഭരണ ടെർമിനലിലേക്കു പൈപ്പു മാർഗം വാതകം എത്തിക്കും. 

പോർട് ട്രസ്റ്റിന് 50 കോടി 

ജെട്ടിയിൽ എൽപിജിക്കു പുറമെ, മറ്റു പെട്രോളിയം ഉൽപന്നങ്ങളായ ക്രൂഡ് ഓയിൽ, പെട്രോൾ, ഡീസൽ തുടങ്ങിയവയും കൈകാര്യം ചെയ്യാനാകും.  4.52 ദശലക്ഷം ടണ്ണാണു വാർഷിക കൈകാര്യ ശേഷി. ഏറ്റവും വലിയ ക്രൂഡ് ഓയിൽ വാഹക കപ്പലുകൾക്കു പോലും നങ്കൂരമിടാൻ കഴിയും വിധം 13.5മീറ്റർ ആഴമാണു കപ്പൽച്ചാലിനുള്ളത്. പോർട് ട്രസ്റ്റ് പാട്ടത്തിനു നൽകിയ സ്ഥലത്താണു ടെർമിനലും ജെട്ടിയും നിർമിക്കുന്നത്. പദ്ധതിയിൽ നിന്നു പോർട് ട്രസ്റ്റിനു പ്രതിവർഷം 50കോടിയോളം രൂപയോളം ലഭിക്കും. വർഷത്തിൽ 189 ദിവസം ജെട്ടി ഇന്ത്യൻ ഓയിൽ കോർപറേഷനും  ശേഷിച്ച ദിവസങ്ങളിൽ പോർട് ട്രസ്റ്റിനും ഉപയോഗിക്കാമെന്നാണു ധാരണ. മറ്റു ദ്രവ ഉൽപന്നങ്ങളുടെ ഇറക്കുമതിക്കും ജെട്ടി ഉപയോഗിക്കാനാകും.

ബുള്ളറ്റ് ടാങ്കറുകൾ ഒഴിവാകും 

മംഗളൂരുവിലെ ഇറക്കുമതി ടെർമിനലിൽ നിന്നു കേരളത്തിലെ വിവിധ ബോട്‌ലിങ് പ്ലാന്റുകളിലേക്ക് എൽപിജിയുമായി ദിനംപ്രതി റോഡ് മാർഗം എത്തുന്നതു മുന്നൂറോളം ടാങ്കർ ലോറികളാണ്. പുതുവൈപ്പ് ടെർമിനൽ സജ്ജമായാൽ ടാങ്കർ യാത്രയും അതുമൂലമുള്ള അപകടസാധ്യതകളും മലിനീകരണവും കുറയും. തമിഴ്നാട്ടിലേക്ക് എൽപിജി എത്തിക്കുന്നതിനായി കൊച്ചി - സേലം എൽപിജി പൈപ് ലൈൻ പദ്ധതി നടപ്പാക്കി വരുകയാണ്. കൊച്ചി - പാലക്കാട് സ്ട്രെച്ചിൽ 70 ശതമാനം ജോലികളും പൂർത്തിയായി. പദ്ധതിയുടെ മുതൽമുടക്ക് 1,112 കോടി രൂപ. പദ്ധതി പൂർത്തിയാകുന്നതോടെ എൽപിജി ബോട്‌ലിങ് പ്ലാന്റുകളെല്ലാം ഈ ലൈനുമായി ബന്ധിപ്പിക്കപ്പെടും.