Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇൻഡിഗോ സർവീസ് നിർത്തണമെന്ന ഹർജി തള്ളി

Representational image

ന്യൂഡൽഹി ∙ തകരാറിനു സാധ്യതയുണ്ടെന്നു കാട്ടി എയർബസ് എ 320 നിയോ മോഡലിലുള്ള ഇൻഡിഗോയുടെ എല്ലാ വിമാനങ്ങളുടെയും സർവീസ് നിർത്തിവയ്ക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി. തകരാറുകൾ പരിഹരിച്ചുവെന്നു കമ്പനി രേഖാമൂലം അറിയിക്കുകയും അക്കാര്യം കേന്ദ്ര വ്യോമയാന ഡയറക്ടറേറ്റ് ജനറൽ (ഡിജിസിഎ) പരിശോധിച്ചു ബോധ്യപ്പെടുകയും ചെയ്യും വരെ സർവീസുകൾ നിർത്തിവയ്ക്കാൻ ഉത്തരവിടണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ യശ്വന്ത് ഷെണോയ് ആണു കോടതിയെ സമീപിച്ചത്.

അമേരിക്കൻ കമ്പനിയായ പ്രാറ്റ് ആൻഡ് വിറ്റ്നിയുടെ (പിഡബ്ല്യു) എഞ്ചിനുകളിൽ തകരാർ കണ്ടെത്തിയതോടെ, അവ ഘടിപ്പിച്ച 14 എ 320 നിയോ മോഡൽ വിമാനങ്ങളുടെ സർവീസ് ഡിജിസിഎ കഴിഞ്ഞ ദിവസം വിലക്കിയിരുന്നു. തകരാറിനു സാധ്യതയുള്ള എഞ്ചിൻ ഘടിപ്പിച്ച വിമാനങ്ങളുടെ സർവീസ് ഇൻഡിഗോ, ഗോ എയർ കമ്പനികൾ കൂട്ടമായി റദ്ദാക്കിയതു യാത്രാനിരക്ക് ഗണ്യമായി ഉയരാൻ വഴിയൊരുക്കും.

ഡൽഹിയിൽ നിന്നു മുംബൈ, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലേക്കുള്ള തിരക്കേറിയ പാതകളിലാണ് ഏറ്റവുമധികം സർവീസുകൾ റദ്ദായത്. സർവീസുകൾ റദ്ദായതിനു പിന്നാലെ ഈ റൂട്ടുകളിൽ നിരക്ക് പത്ത് ശതമാനം വരെ ഉയർന്നു. ഈ മാസം അവസാനത്തോടെ സർവീസുകൾ പുനഃസ്ഥാപിച്ചില്ലെങ്കിൽ ആഭ്യന്തര യാത്രാ നിരക്ക് കുതിച്ചുയരുമെന്നാണു സൂചന.