Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്കാനർ വരുന്നൂ, കണ്ടെയ്നർ സ്വയം സീൽ ചെയ്യാം

കൊച്ചി ∙ കണ്ടെയ്നറുകൾ കയറ്റുമതിക്കാർക്ക് സ്വയം സീൽ ചെയ്യാനുള്ള സംവിധാനം വരുന്നു. കണ്ടെയ്നറുകൾ മൊത്തമായി സ്കാൻ ചെയ്യാ‍ൻ കഴിയുന്ന വലിയ സ്കാനർ ഏർപ്പെടുത്തുന്നതോടെയാണിതെന്നു കസ്റ്റംസ് കമ്മിഷണർ സുമിത് കുമാർ അറിയിച്ചു. കയറ്റുമതിക്കാർക്കു സ്വയം കണ്ടെയ്നർ സീൽ ചെയ്യാനുള്ള അധികാരം ലഭ്യമാവുന്നതു കാലതാമസം കുറയ്ക്കാനും ഇടയാക്കും. എന്നാൽ, സീൽ ചെയ്ത കണ്ടെയ്നറുകളെല്ലാം സ്കാൻ ചെയ്യും. സ്കാൻ ചെയ്യുമ്പോൾ നിയമവിരുദ്ധമായി എന്തെങ്കിലും കണ്ടാൽ മാത്രം തുറന്നുള്ള പരിശോധനകൾ നടത്തും.

കേരളത്തിലെ കസ്റ്റംസ് റെക്കോർഡ് വരുമാനമാണ് നേടിയത്. ഫെബ്രുവരി അവസാനം വരെ 4405 കോടി രൂപ. വിവിധ വിഭാഗങ്ങൾക്കു നൽകേണ്ട റീഫണ്ട് കുറച്ചാലും ആകെ വരുമാനം 4147.4 കോടി രൂപ. മുൻ വർഷത്തേക്കാൾ 50% വളർച്ചയാണിതെന്നു കസ്റ്റംസ് കമ്മിഷണർ അറിയിച്ചു. കസ്റ്റംസ് വരുമാനത്തിൽ നടപ്പു വർഷം 1388.8 കോടി രൂപയുടെ വർധനയാണുണ്ടായത്. കയറ്റിറക്കുമതിക്കാർക്ക് പുതിയ സൗകര്യങ്ങളും സംവിധാനങ്ങളും ഏർപ്പെടുത്തിയതാണ് വരുമാനത്തിലെ വർധനയ്ക്കു കാരണം. ഈ വരുമാനം റെക്കോർഡാണ്.

ഈ വർഷം ഇതുവരെ കസ്റ്റംസ് കൈകാര്യം ചെയ്തത് 39503 ബില്ലുകളാണ്. അതിൽ 1,36517 ഷിപ്പിങ് ബില്ലുകളും ഉൾപ്പെടും. കസ്റ്റംസ് വെട്ടിപ്പിനെക്കുറിച്ചു വിവരം നൽകുന്നവർക്കു നൽകുന്ന സമ്മാനമായി 20.5 ലക്ഷം രൂപ വിതരണം ചെയ്തു. കഴിഞ്ഞ വർഷം 9.6 ലക്ഷം രൂപ മാത്രം കൊടുത്ത സ്ഥാനത്താണിത്.