Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അതിർത്തിയുടെ തുമ്പിൽ

poonch-river സുരാൻകോട്ട്–പൂഞ്ച് പാതയ്ക്കു സമാന്തരമായി ഒഴുകുന്ന തെളിനീർ അരുവി. ചിത്രം: ജെ. സുരേഷ് ∙ മനോരമ

ഇന്നോവ അഞ്ചാം ഗിയറിലേക്കു കയറി; ഡ്രൈവർ സുരേന്ദറിന്റെ കാലുകൾ ആക്സിലറേറ്ററിൽ അമർന്നു. ജമ്മുവിനെ പിന്നിലാക്കി വണ്ടി കുതിക്കുകയാണ്. ലക്ഷ്യം 240 കിലോമീറ്റർ അകലെയുള്ള പൂഞ്ച്. ഏതു നിമിഷവും പാക്കിസ്ഥാന്റെ ഷെൽ വന്നു വീഴാവുന്ന പൂഞ്ച്! രാത്രി അവിടെ ചെലവഴിക്കാനുള്ള പോക്കാണ്! 

ജമ്മുവിൽ നിന്ന് ശ്രീനഗറിലേക്കു പോകണമെന്നു പറഞ്ഞപ്പോൾ സാരഥി സുരേന്ദർ ഇത്രയും പ്രതീക്ഷിച്ചു കാണില്ല. ജമ്മുവിൽ നിന്ന് ശ്രീനഗറിലേക്കു നേരിട്ടു വഴിയുള്ളപ്പോൾ, അതു വേണ്ട നമുക്ക് പൂഞ്ച് വഴി പോകാമെന്നു ഞങ്ങൾ മറുപടി നൽകി. അതായത്, വളഞ്ഞു മൂക്കിൽ പിടിക്കുക! ജമ്മു ടു പൂഞ്ച്; അവിടെ നിന്ന് ശ്രീനഗർ. 

രാവിലെ എട്ടു മണിയോടെ ജമ്മു വിട്ടു. വൈകുന്നേരത്തോടെ പൂഞ്ചിലെത്തുകയാണു ലക്ഷ്യം. പാക്കിസ്ഥാനു സമാന്തരമുള്ള അതിർത്തി പാതയിലൂടെയാണു യാത്ര. ഇരു രാജ്യങ്ങളും തമ്മിൽ രൂക്ഷ പോരാട്ടങ്ങൾ നടക്കുന്ന ഒട്ടേറെ ഇടങ്ങൾ വഴിയിലുണ്ട്. 

ഇവിടുത്തെ കാറ്റാണ് കാറ്റ്!

സമതല ഭൂമിയാണു ജമ്മുവിലേത്. നന്നായി ടാർ ചെയ്ത രണ്ടു വരി പാതയിലൂടെ ജമ്മുവിൽ നിന്ന് വാഹനം പുറത്തേക്കു നീങ്ങി. കാര്യമായ ട്രാഫിക് ഇല്ലാത്ത വഴിയിലൂടെ സുരേന്ദറിന്റെ ഇന്നോവ കുതിച്ചു. യാത്ര ഉല്ലാസകരമാക്കാൻ പഞ്ചാബി ഗാനങ്ങൾ ഇന്നോവയുടെ സ്റ്റീരിയോയിൽ ഭാംഗ്രയുടെ താളമിട്ടു. ഭാംഗ്രയുടെ താളം തലയ്ക്കു പിടിക്കുമെന്നായപ്പോൾ, സുരേന്ദറിന്റെ നേർക്കു ഫോൺ നീട്ടി. സുരേന്ദർ അത് മ്യൂസിക് സിസ്റ്റത്തിലേക്കു കണക്ട് ചെയ്തു...മല മേലേ തിരിവച്ച്, പെരിയാറിൻ തളയിട്ട്, ചിരിതൂകും പെണ്ണല്ലേ ഇടുക്കി...! ജമ്മുവിലെ അതിർത്തി പാതയിൽ സുന്ദര ശബ്ദമായി ഇടുക്കി നിറഞ്ഞു. അന്യ നാട്ടിൽ മലയാളം കേൾക്കുമ്പോഴുള്ള നൊസ്റ്റാൾജിയയിൽ ജനാല താഴ്ത്തി, കാറ്റടിക്കാൻ പാകത്തിൽ മുഖം വച്ചു. ഹോ! ഇവിടുത്തെ കാറ്റാണ് കാറ്റ്! 

35 കിലോമീറ്റർ അകലെയുള്ള അഖ്നൂറിൽ ഒരു മണിക്കൂറിലെത്തി. അവിടെ നിന്ന് ഭംലയിലേക്ക്. ചെനാബ് നദി കടന്നു വേണം പോകാൻ. ചെനാബ്; പാക്കിസ്ഥാനിലും ഇന്ത്യയിലും ഒഴുകുന്നവൾ. ഈ നദിയിലൂടെ തീവ്രവാദികൾ ഇന്ത്യയിലേക്കു മുൻപ് കടന്നിട്ടുണ്ട്. നദിക്കു മേലുള്ള പാലത്തിൽ നിർത്താൻ ഫൊട്ടോഗ്രഫർ ജെ. സുരേഷ് സുരേന്ദറിനോട് ആവശ്യപ്പെട്ടു. ‘പറ്റില്ല ഭായ്. അതീവ സുരക്ഷാ മേഖലയാണ്. പാലത്തിൽ വാഹനം നിർത്തിയാൽ ഉടനെത്തും പട്ടാളക്കാർ’; സുരേന്ദർ പറഞ്ഞു. 

പാലം കടന്ന ശേഷം സുരേന്ദർ വാഹനം നിർത്തി. സുരേഷ് ചാടിയിറങ്ങി പിന്നോട്ടോടി. പാലത്തിൽ നിന്ന് തലങ്ങും വിലങ്ങും ചെനാബിന്റെ പടമെടുത്തു. ഇനിയെങ്ങാനും വല്ല പാക്കിസ്ഥാൻകാരനും വന്നാലോ എന്ന ഭാവമാണു സുരേഷിന്റെ ക്യാമറയ്ക്ക്! 

ഗൺ പോയിന്റിലേക്ക്

ഭംല കടന്നതോടെ, ഭൂപ്രദേശത്തിന്റെ ഭാവം മാറി. സമതലം കയറ്റിറക്കങ്ങൾക്കു വഴിമാറി. ചുറ്റിനും മല ഉയർന്നു. ഒരു പെയിന്റിങ് പോലെ കൺമുന്നിൽ കാഴ്ചകൾ തലയുയർത്തി നിന്നു. മലയെ പിണഞ്ഞുള്ള വഴിയിലൂടെ വാഹനം മുകളിലേക്കു കയറി. സുന്ദർബനിയിലെ ധാബയിൽ പ്രഭാത ഭക്ഷണം കഴിച്ച ശേഷം അടുത്ത പോയിന്റ് ആയ നൗഷേരയിലേക്ക്. അടുത്ത ‘ഗൺ പോയിന്റ്’ എന്നു പറയുന്നതാവും കൂടുതൽ ഉചിതം! 

രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ വെടിവയ്പും ഷെല്ലാക്രമണവും നിലയ്ക്കാത്ത ഇടം. ചെറിയൊരു നാൽക്കവലയാണു നൗഷേര പട്ടണത്തിന്റെ ഹൃദയഭാഗം. കവലയിൽ വണ്ടി നിർത്തി അവിടെയുള്ള കച്ചവടക്കാരനോടു ചോദിച്ചു; ഇവിടെ എവിടെയാണ് അതിർത്തി? മറുപടി മറ്റൊരു ചോദ്യമാണ് – എവിടെ നിന്നു വരുന്നു? ഡൽഹിയിൽ നിന്ന്. പത്രക്കാരാണ്. മുന്നിലെ വഴിയിലേക്കു വിരൽചൂണ്ടി അദ്ദേഹം പറഞ്ഞു – ‘ഇവിടെ നിന്ന് ആറ് കിലോമീറ്റർ ഉള്ളിലോട്ടുള്ള നോനിഹാലിലാണ് അതിർത്തി’.

പൂഞ്ചിലേക്കുള്ള ഹൈവേ വിട്ട്, വണ്ടി അതിർത്തിയുടെ തുമ്പിലേക്ക്. നോനിഹാലിൽ പ്രൈമറി സ്കൂളിനു മുന്നിൽ വാഹനം പട്ടാളം തടഞ്ഞു. ‘ഇവിടെ നിന്നു മുന്നോട്ടു പോകാനാവില്ല. അതിർത്തിയിൽ ഷെല്ലാക്രമണം നടക്കുകയാണ്’; തോക്ക് കയ്യിലേന്തിയ സൈനികൻ പറഞ്ഞു. അപ്പോൾ അതിർത്തിയിലെ ആളുകൾ? അവരെല്ലാം ഇവിടെയുണ്ട് – സ്കൂളിലേക്കു ചൂണ്ടി അദ്ദേഹം പറഞ്ഞു. സംഘർഷം രൂക്ഷമാകുമ്പോൾ അതിർത്തി നിവാസികളെ സ്ഥിരമായി മാറ്റിപ്പാർപ്പിക്കുന്നത് ഇവിടേക്കാണ്. സ്കൂളിന്റെ വരാന്തയിലിരുന്നാൽ അകലെ, മലമുകളിൽ തങ്ങളുടെ വീടിരിക്കുന്ന സ്ഥലം ഇവർക്കു കാണാം. അവിടെ ഷെൽ വീണു പുകയുയരുന്നതു കാണുമ്പോൾ ഇവരുടെ ചങ്കിൽ തീയാണ്. ക്ലാസ് മുറിയിലാണു നാട്ടുകാർ താമസിക്കുന്നത്. ഇതാണ് ശരിക്കും റസിഡൻഷ്യൽ സ്കൂൾ! 

സൈനിക വാഹനങ്ങൾക്കു സല്യൂട്ട്

നൗഷേര വിട്ടാൽ അടുത്ത പ്രധാന ഇടമാണു രജൗരി. നൗഷേര – രജൗരി അകലം 43 കിലോമീറ്റർ. ഏറ്റവുമധികം സൈനിക വാഹനങ്ങൾ കണ്ടത് ഈ വഴിയിലാണ്. നിലയ്ക്കാത്ത പ്രവാഹമായി നീങ്ങുകയാണു സൈനിക വാഹനങ്ങൾ. കാൽനടയായും സൈനികർ നീങ്ങുന്നതു പലയിടത്തും കണ്ടു. ഇടയ്ക്ക്, ആയുധങ്ങൾ കൊണ്ടുപോകുന്ന സൈനിക വാഹനം എതിരെ വന്നപ്പോൾ ഇന്നോവ നിർത്തിയിടാൻ സൈനികർ ഞങ്ങളോട് ആവശ്യപ്പെട്ടു. അതീവ സുരക്ഷയിൽ, വൻ വാഹനവ്യൂഹത്തിന്റെയും ആയുധധാരികളായ സൈനികരുടെയും അകമ്പടിയോടെയാണ് ആയുധ വാഹനങ്ങൾ നീങ്ങുന്നത്.  നൗഷേരയിൽ നിന്ന് ഒന്നര മണിക്കൂറിൽ രജൗരിയിലെത്തി. രജൗരിയിൽ നിന്ന് ബിംബർഗലി, സുരാൻകോട്ട് വഴി പൂഞ്ചിലേക്ക്. ആകെ 90 കിലോമീറ്റർ. പൂഞ്ചിലേക്കടുക്കുന്തോറും സൈന്യത്തിന്റെ പരിശോധനകളുടെ എണ്ണവും കൂടി. വഴിയിൽ പലയിടത്തായി സൈന്യം ഞങ്ങൾക്കു കൈ കാട്ടി. തിരിച്ചറിയൽ രേഖകൾ കാട്ടിയ ശേഷം യാത്ര തുടർന്നു. സുരാൻകോട്ടിൽ വഴി രണ്ടായി തിരിയും. ഒന്ന്, മുഗൾ റോഡ് വഴി ശ്രീനഗറിലേക്ക്. മറ്റൊന്നു പൂഞ്ചിലേക്ക്. ഞങ്ങൾ പൂഞ്ച് ലക്ഷ്യമാക്കി നീങ്ങി. സുരാൻകോട്ട് – പൂഞ്ച് പാതയിലുടനീളം സമാന്തരമായി ഒഴുകുന്ന തെളിനീർ അരുവി കൂട്ടിനുണ്ട്. അൽപം ഉയരത്തിലുള്ള പാതയിൽ നിന്നു വലതു വശത്തേക്കു നോക്കിയാൽ, താഴെ, ഉരുളൻ കല്ലുകളിൽ തഴുകി ഒഴുകുന്ന അരുവിക്കാഴ്ച കാണാം. 

തോക്കിൻമുനയിൽ പൂഞ്ച്

പൂഞ്ചിൽ പ്രാദേശിക മാധ്യമപ്രവർത്തകനായ ഭൂപീന്ദർ സിങ് ഞങ്ങളെ കാത്തുനിൽക്കുന്നുണ്ടായിരുന്നു. അതിർത്തി സംഘർഷങ്ങൾ ദിവസേന റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകനു കനത്തിലൊരു കൈ കൊടുത്തു. മൂന്നു വശവും പാക്കിസ്ഥാനാൽ ചുറ്റപ്പെട്ട ഇടമാണ് പൂഞ്ച്. പാക്കിസ്ഥാനിലേക്ക് ഇറങ്ങിക്കിടക്കുന്ന ഇന്ത്യൻ ഗ്രാമം! പൂഞ്ചിലെ കവലയിൽ നിന്ന് ആറു കിലോമീറ്റർ സഞ്ചരിച്ചാൽ, നിയന്ത്രണ രേഖയായി. ആ സ്ഥലത്തിന്റെ പേര് ചക്കാന്ദാബാഗ്. ബതാർ എന്ന നദി കടന്നു വേണം ചക്കാന്ദാബാഗിലെത്താൻ. നദിയിലേക്കു ചൂണ്ടി ഭൂപീന്ദർ പറഞ്ഞു – ‘ഈ നദി പാക്കിസ്ഥാനിൽ ഉൽഭവിച്ച്, പാക്കിസ്ഥാനിൽ അവസാനിക്കുന്നു. അതിന്റെ വഴിയിൽ ഇടയ്ക്ക് ഇന്ത്യ കടന്നുവരുന്നു’. 

ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ഒൗദ്യോഗികമായി വ്യാപാരം നടത്തുന്ന ഇടമാണു ചക്കാന്ദാബാഗ്. ഇവിടെ പൊതു ചന്ത സജ്ജമാക്കിയിട്ടുണ്ട്. ഇരു രാജ്യങ്ങളും തങ്ങളുടെ പ്രദേശത്തു നിന്നുള്ള സാധനസാമഗ്രികൾ ഇവിടെയെത്തിക്കും. ഗ്രാമവാസികൾക്ക് ആഴ്ചയിൽ ഒരു ദിവസം ഇവിടെയെത്തി സാധനങ്ങൾ വാങ്ങാം. ഏതു നിമിഷവും പാക്ക് ബുള്ളറ്റ്, ഷെൽ എന്നിവ തീതുപ്പിയെത്താവുന്ന സ്ഥലത്തു നിന്നപ്പോൾ മുന്നോട്ടു നോക്കി. കൺമുന്നിൽ ഇതാ പാക്കിസ്ഥാൻ! 

ഇരുട്ടു വീണാൽ പൂഞ്ച് ഏറെക്കുറെ നിശബ്ദമാകും. രാത്രിയുടെ ഇരുട്ടിൽ അതിർത്തിയിൽ പതിക്കുന്ന ഷെല്ലുകളുടെ ശബ്ദം ഇടയ്ക്കിടെ നിശബ്ദതയെ മുറിക്കുന്നു. ഇവിടുത്തുകാർക്ക് അതു താരാട്ടു പാട്ടാണ്. പൂഞ്ചിലെ കവലയിലുള്ള ഹോട്ടലിൽ ഭൂപീന്ദർ ഞങ്ങൾക്കായി മുറി ബുക്ക് ചെയ്തിരുന്നു. ആ രാത്രി പാക്കിസ്ഥാന്റെ മടിത്തട്ടിൽ, ഷെൽ പ്രകമ്പനങ്ങളുടെ വിറയലിൽ കിടന്നുറങ്ങി.