Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിലയുണ്ട്; ഉൽപന്നം തികയുമോ...

Indian man at his vegetable shop

കൃഷി കുറഞ്ഞു, വിഷു വിപണിയിൽ നാടൻ പച്ചക്കറിക്കു വിലയേറും. അടിക്കടിയുണ്ടായ വിലയിടിവിനെ തുടർന്നു പച്ചക്കറി കൃഷിയിൽനിന്നു കർഷകർ പിൻവലിഞ്ഞതോടെ വിപണിയിൽ നാടൻ പച്ചക്കറി ക്ഷാമം രൂക്ഷമായി. ഏത്തക്ക, നാടൻപയർ, പടവലം എന്നിവയല്ലാതെ മറ്റു പച്ചക്കറികൾ ഒന്നും തന്നെ ആവശ്യത്തിനു വിപണിയിലെത്തുന്നില്ല. 

പ്രധാന കാർഷിക വിപണന കേന്ദ്രങ്ങളായ തിരുവാണിയൂർ, എടയ്ക്കാട്ടുവയൽ എന്നിവിടങ്ങളിൽ മുൻ വർഷങ്ങളെക്കാൾ പച്ചക്കറിയുടെ വരവിൽ പകുതിയോളം ഇടിവു വന്നിട്ടുണ്ടെന്നാണു കണക്ക്. വിഷു വിപണിയിലെ താരങ്ങളായ വെള്ളരി, കുമ്പളം എന്നിവയ്ക്കാണ് ഏറെ ക്ഷാമം നേരിടുന്നത്. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള പച്ചക്കറി വരവു കൂടിയതോടെ കഴിഞ്ഞ ജനുവരി മുതൽ വിലയിലുണ്ടായ ഇടിവാണു ക്ഷാമത്തിനു കാരണമെന്നാണു കർഷകർ പറയുന്നത്. 

നല്ലവിളവുണ്ടായ സമയങ്ങളിൽ വെള്ളരി നാലര രൂപയ്ക്കും കുമ്പളം അഞ്ചു രൂപയ്ക്കും പടവലം ഒൻപതു രൂപയ്ക്കുമാണു കാർഷിക വിപണന കേന്ദ്രത്തിൽ നിന്നും വിൽപന നടന്നിരുന്നത്. ഇതോടെ ഇത്തരം കൃഷികളിൽ നിന്നും കർഷകർ പിൻവലിഞ്ഞു. അന്നും ഇന്നും വിലയിൽ കാര്യമായ മാറ്റമില്ലാത്ത പയർ, വഴ എന്നിവ കൃഷി ചെയ്യാനാണു കർഷകർ മുൻകയ്യെടുത്തത്. ഇവ സുലഭമായി ലഭിക്കുന്നുമുണ്ട്.

വിഷു വിപണി സജീവമായതോടെ നാടൻ പച്ചക്കറിക്കു ഡിമാൻഡും കൂടി. എന്നാൽ, ആവശ്യത്തിന് ഉൽപന്നങ്ങളില്ലാത്തതാണു വിപണിയെ ബാധിച്ചിരിക്കുന്നത്. ഡിമാൻഡ് കൂടിയതിനാൽ തിരുവാണിയൂരിലെയും എടയ്ക്കാട്ടുവയലിലെയും കാർഷിക വിപണന കേന്ദ്രങ്ങളിൽ ചെറുകിട കച്ചവടക്കാരുടെ തിരക്കു വർധിച്ചു. ആവശ്യക്കാരേറിയതോടെ വിപണിയിലെത്തുന്ന ഉൽപന്നങ്ങൾക്കെല്ലാം വിലയും കൂടിയിട്ടുണ്ട്. വെള്ളരി-22, പാവയ്ക്ക-60, പയർ- 60, ഏത്തക്ക–45 എന്നിങ്ങനെയായിരുന്നു കഴിഞ്ഞ മാർക്കറ്റ് ദിവസത്തെ വില. വരും ദിവസം വില ഇനിയും കൂടുമെന്ന പ്രതീക്ഷയിലാണു കർഷകർ. ചില്ലറ വിപണിയിലെത്തുമ്പോൾ നാടൻ പച്ചക്കറിയുടെ വിലയിൽ വൻ വർധന ഉണ്ടാകുമെന്നാണു നിലവിലെ കണക്കുകൾ സൂചിപ്പിക്കുന്നത്.