Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളത്തിൽ സേവനം വ്യാപിപ്പിക്കാൻ എഫ്ഐഎ

fia-tech

ബാങ്കിങ് സേവനങ്ങൾ താഴേത്തട്ടിലേക്ക് എത്തിക്കുന്ന കമ്പനിയായ എഫ്ഐഎ ടെക്നോളജി കേരളത്തിൽ പ്രവർത്തനം വ്യാപിപ്പിക്കുന്നു. 27 ബാങ്കുകളുമായി ബാങ്കിങ് കറസ്പോണ്ടന്റ് കരാറുള്ള കമ്പനി കേരളത്തിൽ പ്രധാനമായും എസ്ബിഐയുമായി സഹകരിച്ചാവും അക്കൗണ്ട് തുറക്കലും മുദ്ര വായ്പകൾ ലഭ്യമാക്കലും അടക്കമുള്ള സേവനങ്ങൾ ലഭ്യമാക്കുക.

പ്രധാനമായും സ്ത്രീകൾ നയിക്കുന്ന ചെറുകിട സംരംഭങ്ങൾക്കു വായ്പസഹായമെത്തിക്കുകയാണു ലക്ഷ്യമെന്ന് സഹസ്ഥാപകയും സിഇഒയുമായ മലയാളി സീമ പ്രേം പറഞ്ഞു. ആദ്യഘട്ടമായി 25000 സംരംഭങ്ങളിലെത്താൻ ഉദ്ദേശിക്കുന്നു. ഇതിനായി ഇപ്പോഴുള്ള 50 ബാങ്കിങ് കേന്ദ്രങ്ങളുടെ എണ്ണം ഗണ്യമായി ഉയർത്തും. ചെറുപട്ടണങ്ങളിലും ഗ്രാമങ്ങളിലുമാണ് ഫ്രാഞ്ചൈസീ മാതൃകയിലെ കേന്ദ്രങ്ങൾ.തയ്യൽക്കടകൾ, കിയോസ്കുകൾ, റീട്ടെയിൽ ഷോപ്പുകൾ, ചെറിയ കംപ്യൂട്ടർ സെന്ററുകൾ എന്നിങ്ങനെ 5 ജീവനക്കാർ വരെയുള്ള സംരംഭങ്ങൾക്കു സഹായമേകാൻ മുദ്ര വായ്പകൾ ലഭ്യമാക്കുകയാണു ലക്ഷ്യമിടുന്നത്. 

ബാങ്കുകൾക്കു ശാഖാ സാന്നിധ്യമില്ലാത്ത പ്രദേശങ്ങളിൽ പ്രാഥമിക ബാങ്കിങ് സേവനങ്ങളെത്തിക്കാൻ എഫ്ഐഎ കണ്ടെത്തിയ മാതൃക 6 വർഷമായി രാജ്യത്ത് വിജയകരമായി പ്രവർത്തിക്കുന്നു. രാജ്യത്തെ 610 ഗ്രാമങ്ങളിൽ നിലവിൽ സേവനമെത്തിക്കുന്നു.

 ബാങ്കിങ്ങിലേക്കു സാധാരണക്കാരെ എത്തിക്കുന്നതിൽ വലിയ പങ്കുവഹിക്കാനായെന്ന് സീമ പറയുന്നു. പണമടയ്ക്കൽ, പണം കൈമാറ്റം, പണം അയയ്ക്കൽ എന്നിങ്ങനെ വിവിധ സേവനങ്ങൾ എഫ്ഐഎയുടെ സേവന കേന്ദ്രങ്ങളിൽ ലഭ്യമാണ്. പ്രാഥമിക അന്വേഷണവും വായ്പാ അർഹത വിലയിരുത്തലും നടത്തി അപേക്ഷകൾ ബാങ്കുകൾക്കു കൈമാറുന്നതു വഴി ബാങ്കുകളുടെ വായ്പാവിതരണബിസിനസ് അനായാസമാക്കുകയും വളർച്ചയുണ്ടാകുകയും ചെയ്യുന്നുണ്ട്. 

രണ്ടര ലക്ഷം രൂപ വരെയുള്ള വായ്പകളാണു മുഖ്യമായും കൈകാര്യം ചെയ്യുന്നത്. ബാങ്കുകൾ നൽകുന്ന സേവനഫീസ് ആണു കമ്പനിയുടെ വരുമാനം. ഉപയോക്താക്കളിൽനിന്നു ഫീസ് ഈടാക്കുന്നില്ല.

ആധാർ ഉപയോഗിച്ചുള്ള കെവൈസി (തിരിച്ചറിയൽ രേഖ സമർപ്പണം) നിർബന്ധിതമല്ലെന്നു സുപ്രീംകോടതി ഉത്തരവിട്ടതോടെ കടലാസ് രേഖകൾ പരിശോധിച്ചുള്ള തിരിച്ചറിയൽ നടത്തേണ്ടിവരുന്നതുമൂലം ഇപ്പോൾ ഇടപാടുകളിൽ സമയം കൂടുതലെടുക്കുന്നുണ്ട്.  പ്രവർത്തനച്ചെലവും കൂടി. എന്നാൽ ഇതു താൽക്കാലികം മാത്രമാണെന്നു കരുതുന്നതായി സീമ പറ‍ഞ്ഞു.