ADVERTISEMENT

കൊച്ചി∙ ഓണസദ്യയുടെ രുചിയും മണവും തനിമയുമൊന്നും കോവിഡ് ആശങ്കകൾ കുറയ്ക്കുന്നില്ല. പ്രതിസന്ധികളുടെ നടുവിലും മലയാളികൾക്ക് മനവും വയറും നിറച്ചുണ്ണാനുള്ള സദ്യ ഒരുക്കാൻ ഹോട്ടലുകളും കേറ്ററിങ് സർവീസുകളും ഒരുങ്ങിക്കഴിഞ്ഞു. ഓണസദ്യയുണ്ണാൻ ഹോട്ടലുകളിൽ ക്യൂ നിൽക്കുന്ന മുൻവർഷത്തെ സാഹചര്യം ഇത്തവണ ഉണ്ടാകില്ല. ഹോട്ടലുകളിൽ കോവിഡ് മാനദണ്ഡങ്ങൾ പൂർണമായി പാലിച്ചാകും സദ്യ വിളമ്പുന്നത്. മാസ്കും ഗ്ലൗസും ഫെയ്സ് ഷീൽഡുമെല്ലാം ധരിച്ചാവും വിളമ്പുകാരെത്തുക.

ശരീര താപനില രേഖപ്പെടുത്തിയും പേരുവിവരങ്ങൾ ശേഖരിച്ചും മാത്രമായിരിക്കും ഹോട്ടലുകളിൽ ആളുകളെ പ്രവേശിപ്പിക്കുന്നത്. ഓരോ ജില്ലയിലും ജില്ലാ കലക്ടർമാ‍ർ നിർദേശിക്കുന്ന തരത്തിലായിരിക്കും ഹോട്ടലുകളിലെ ആളുകളുടെ എണ്ണവും സമയക്രമവും മറ്റും. സദ്യ കൂടുതലായും പാഴ്സലാക്കാനും വീടുകളിൽ എത്തിച്ചു നൽകാനുമുള്ള മുന്നൊരുക്കത്തിലാണ് ഹോട്ടലുകൾ.

ഓണദിവസങ്ങളിലേക്കുള്ള സദ്യയുടെ ബുക്കിങ് പല ഹോട്ടലുകളും ആരംഭിച്ചു. ഹോം ഡെലിവറിയാണ് കൂടുതലെന്ന് ഹോട്ടലുടമകൾ പറയുന്നു. ഏറ്റവും സുരക്ഷിതമായി, വൃത്തിയായി പായ്ക്ക് ചെയ്ത് സദ്യ ഡെലിവറി പൂർത്തിയാക്കാനുള്ള മുന്നൊരുക്കങ്ങൾ ഹോട്ടലുകൾ സ്വീകരിച്ചിട്ടുണ്ട്. സ്റ്റാർ ഹോട്ടലുകളും സദ്യയുടെ ഓൺലൈൻ ഓർഡറുകൾ സ്വീകരിച്ചു തുടങ്ങി. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് സദ്യ വിളമ്പാനുള്ള പരിശീലനം സ്റ്റാർ ഹോട്ടലുകൾ ജീവനക്കാർക്കു നൽകുന്നുമുണ്ട്.

ഓർഡറുകൾ കൂടുതൽ വീടുകളിൽ നിന്ന്

ഓഫിസുകളിലും സ്ഥാപനങ്ങളിലും ഇത്തവണ ഓണസദ്യ ഇല്ലാത്തതിനാൽ വീടുകളിൽ നിന്നുള്ള ഓർഡറുകളാണ് കൂടുതലെന്ന് കേറ്ററിങ് സർവീസുകൾ പറയുന്നു. വലിയ ഓർഡറുകളില്ലെങ്കിലും സീസൺ നഷ്ടമാകാത്ത തരത്തിൽ ഓർഡറുകൾ ലഭിക്കുന്നുണ്ട്. ജിഎസ്ടി 5 ശതമാനമായി കുറഞ്ഞതിനാൽ ഇത്തവണ ഓണസദ്യ കുറഞ്ഞ വിലയ്ക്ക് ഉപഭോക്താക്കൾക്ക് എത്തിക്കാനാകുമെന്ന് ഹോട്ടൽ, കേറ്ററിങ് ഉടമകൾ പറയുന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com