ADVERTISEMENT

കൊച്ചി ∙ 10 മാസം നീണ്ട അടച്ചുപൂട്ടലിനു ശേഷം ഇന്നു കേരളത്തിലെ തിയറ്ററുകളിൽ പ്രദർശനം പുനരാരംഭിക്കുമ്പോൾ മലയാള ചലച്ചിത്ര വ്യവസായം പ്രതീക്ഷിക്കുന്നത് ഒരു ‘മാസ്റ്റർ ഓപ്പണിങ്’. ആദ്യ റിലീസ് തമിഴ് സൂപ്പർ താരം വിജയ് നായകനായ ‘മാസ്റ്റർ.’ വില്ലനായി വിജയ് സേതുപതി കൂടിയെത്തുന്ന ചിത്രം ഗംഭീര പ്രതികരണം സൃഷ്ടിക്കുമെന്ന പ്രതീക്ഷയിലാണു കേരളത്തിലെ തിയറ്റർ വ്യവസായം. മിക്ക തിയറ്ററുകളിലും ടിക്കറ്റ് മുൻകൂട്ടി വാങ്ങാൻ ആളെത്തി. ഓൺലൈൻ ടിക്കറ്റ് ബുക് ചെയ്തവരുമേറെ.
കോവിഡ് നിബന്ധനകൾ പ്രകാരം പകുതി സീറ്റുകളിൽ മാത്രമാണു പ്രവേശനമെന്നതിനാൽ പല സ്ക്രീനുകളും ഇതിനകം ‘ഫുൾ’ ആയിക്കഴിഞ്ഞു.  10 മാസത്തെ ലോക്ഡൗൺ അടിച്ചേൽപിച്ച നഷ്ടങ്ങൾക്കു ചെറിയ പരിഹാരമെങ്കിലും ലഭിക്കണമെങ്കിൽ തിയറ്ററുകളിൽ ആവേശപ്പൂരം വിരിയണം; ഇടവേളകളില്ലാതെ.

 സിനിമയെത്തില്ല, എല്ലാ സ്ക്രീനിലും

കേരളത്തിൽ 720 സ്ക്രീനുകളാണുള്ളത്. അതിൽ, 300 ലേറെ സ്ക്രീനുകളിൽ മാസ്റ്റർ എത്തുമെന്നാണു വിവരം. ശേഷിച്ച സ്ക്രീനുകളിൽ ഇന്നു പ്രദർശനമുണ്ടാകില്ല. അറ്റകുറ്റപ്പണികൾ പലയിടത്തും പൂർണമായിട്ടില്ല. ഈ മാസം 21 മുതൽ മലയാള ചിത്രങ്ങൾ മുൻഗണനാടിസ്ഥാനത്തിൽ റിലീസ് ചെയ്യും. ഇതിനായി നിർമാതാക്കളും വിതരണക്കാരും തിയറ്റർ ഉടമകളും തമ്മിൽ ആശയവിനിമയം തുടരുകയാണ്. മാർച്ച് വരെ റിലീസ് ചെയ്യാൻ 20 ലേറെ ചിത്രങ്ങൾ ലഭ്യമാണ്. മോഹൻലാൽ ചിത്രം ‘മരയ്ക്കാർ: അറബിക്കടലിന്റെ സിംഹം’, മമ്മൂട്ടി ചിത്രം ‘വൺ’ തുടങ്ങിയവയെല്ലാം മാർച്ച് – ഏപ്രിൽ കാലത്തായിരിക്കും എത്തുകയെന്നാണു സൂചനകൾ. ആദ്യ റിലീസുകൾക്കു ലഭിക്കുന്ന തിയറ്റർ പ്രതികരണം കൂടി കണക്കിലെടുത്താകും വൻ ചിത്രങ്ങളുടെ വരവ്.

മാസ്ക്, ഗ്ലൗസ്, സാനിറ്റൈസേഷൻ

സർക്കാർ നിർദേശ പ്രകാരമുള്ള കോവിഡ് നിബന്ധനകൾ പാലിച്ചാണു തിയറ്ററുകൾ ഒരുങ്ങുന്നത്. പകുതി സീറ്റുകളിൽ മാത്രമാണു പ്രവേശനം. രാവിലെ 9 മുതൽ രാത്രി 9 വരെയായി 3 പ്രദർശനം. സെക്കൻഡ് ഷോ ഉണ്ടാകില്ല. തിയറ്റർ ജീവനക്കാർക്കു മാസ്കും കയ്യുറകളും നിർബന്ധം. ഓരോ പ്രദർശനത്തിനും ശേഷം തിയറ്റർ അണുവിമുക്തമാക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com