ADVERTISEMENT

ന്യൂഡൽഹി ∙ സ്വകാര്യത സംബന്ധിച്ച വാട്സാപ്പിന്റെ പുതിയ നയം കേന്ദ്രസർക്കാർ പരിശോധിക്കുന്നു. നയംമാറ്റത്തിനെതിരെ വിമർശനം ശക്തമായതോടെയാണു കേന്ദ്ര ഐടി മന്ത്രാലയത്തിന്റെ നീക്കം. ഫെയ്സ്ബുക്കുമായി അക്കൗണ്ട് വിവരങ്ങൾ പങ്കുവയ്ക്കാൻ അനുമതി നൽകാത്ത ഉപയോക്താക്കളുടെ വാട്സാപ് അക്കൗണ്ട് ഡിലീറ്റ് 

ചെയ്യുമെന്ന വാട്സാപ് നിലപാട് ഏറെ വിവാദമായിട്ടുണ്ട്. ഫെബ്രുവരി 8നു നടപ്പിൽ വരുമെന്നു വ്യക്തമാക്കുന്ന നയത്തിന്റെ വിശദാംശങ്ങൾ ഐടി മന്ത്രാലയം ചർച്ച ചെയ്തു. വാട്സാപ് അധികൃതരോട് ഇതുവരെ വിശദീകരണം തേടിയിട്ടില്ലെങ്കിലും ഇക്കാര്യത്തിൽ തീരുമാനം ഉടനുണ്ടാകുമെന്നാണു മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ നൽകുന്ന വിവരം.

40 കോടിയിലേറെ ഉപയോക്താക്കളുള്ള ഇന്ത്യ, വാട്സാപ്പിന്റെ ഏറ്റവും വലിയ വിപണികളിലൊന്നാണ്. വാട്സാപ്പിലൂടെയുള്ള ഡിജിറ്റൽ പണമിടപാടിനു അടുത്തകാലത്താണ് അംഗീകാരം നൽകിയത്. രാജ്യത്തു വാട്സാപ്പിനും ഫെയ്സ്ബുക്കിനും നിരോധനം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് (സിഎഐടി) കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദിനു കത്തെഴുതിയിട്ടുണ്ട്. 

വിശദീകരണവുമായി വാട്സാപ് മേധാവി

ന്യൂഡൽഹി ∙ ഉപയോക്താക്കളുടെ സ്വകാര്യത ലംഘിക്കപ്പെടുന്നില്ലെന്നും ചാറ്റുകളും ഫോൺ സംഭാഷണങ്ങളും വാട്സാപ്പോ ഫെയ്സ്ബുക്കോ നിരീക്ഷിക്കില്ലെന്നും വാട്സാപ് മേധാവി വിൽ കാത്കാർട്. വാട്സാപ്പിന്റെ പുതിയ സ്വകാര്യതാ നയം വിവാദമായതിനു പിന്നാലെയാണു വിശദീകരണം. സർക്കാരിന്റെ എന്തു ചോദ്യങ്ങൾക്കും മറുപടി നൽകാൻ തയാറാണെന്നും അദ്ദേഹം വിശദീകരിച്ചു.

വാട്സാപ്പിലൂടെയുള്ള സന്ദേശങ്ങൾ സുരക്ഷിതമാണെന്നു ഉപയോക്താക്കളെ അറിയിക്കാൻ ശ്രമം തുടരും. തങ്ങൾ സമാഹരിക്കുന്ന വിവരങ്ങൾ എത്രത്തോളമുണ്ടെന്നു വാട്സാപ് അക്കൗണ്ട് ഇൻഫർമേഷനിൽനിന്നു ഉപയോക്താക്കൾക്കു തന്നെ അറിയാം. ബിസിനസ് ഇടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങളെയാകും നയംമാറ്റം കൂടുതൽ സ്വാധീനിക്കുക. എന്നാൽ ഇതും സുതാര്യമായിരിക്കും–അദ്ദേഹം വിശദീകരിച്ചു. വാട്സാപ് പേയ്മെന്റിനു പ്രത്യേക സ്വകാര്യതാ നയമാണുള്ളത്. പുതിയ മാറ്റങ്ങൾ അതിനെ ബാധിക്കില്ലെന്നും വിൽ കാത്കാർട് പറഞ്ഞു.

സിഗ്‌നൽ, ടെലിഗ്രാം കുതിക്കുന്നു

പുതിയ നയമാറ്റം വാട്സാപ്പിനു തിരിച്ചടിയാവുമ്പോൾ സിഗ്നൽ, ടെലിഗ്രാം ആപ്ലിക്കേഷനുകളാണു നേട്ടം സ്വന്തമാക്കുന്നത്. ആപ്പിൾ, ഗൂഗിൾ സ്റ്റോറുകളിൽ ഇവയുടെ ഡൗൺലോഡ് കഴിഞ്ഞയാഴ്ച വർധിച്ചു. 5 മുതൽ 12 വരെയുള്ള ആഴ്ച 1.78 കോടി ജനങ്ങൾ ആഗോളതലത്തിൽ സിഗ്നൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തു. അതിനു മുൻപുള്ള ആഴ്ച 2.85 ലക്ഷം മാത്രമായിരുന്നു. 1.57 കോടിപ്പേരാണു കഴിഞ്ഞയാഴ്ച ടെലിഗ്രാം ഡൗൺലോഡ് ചെയ്തത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com