ADVERTISEMENT

കൊച്ചി ∙ പുതിയ സിനിമകളുടെ റിലീസും വരുമാനവുമില്ലാത്തതിനാൽ സംസ്ഥാനത്തെ 60 % തിയറ്റർ സ്ക്രീനുകളിലും പ്രദർശനം നിലയ്ക്കുന്നു. ആകെയുള്ള 720 സ്ക്രീനുകളിൽ നല്ലൊരു പങ്കും കണ്ണടച്ചതോടെ സിനിമ വളരെക്കുറിച്ചു സ്ക്രീനുകളിലേക്കു ചുരുങ്ങുകയാണ്. ഫലത്തിൽ, കേരളത്തിലെ ചലച്ചിത്ര വ്യവസായം നീങ്ങുന്നതു സാമ്പത്തിക തകർച്ചയുടെ ഇരുട്ടിലേക്ക്. ലോക്ഡൗൺ കാലത്തെ വൈദ്യുതി ഫിക്സഡ് ചാർജ് ഗഡുക്കളായി അടയ്ക്കാൻ സർക്കാർ അനുവദിച്ചിരുന്നെങ്കിലും അതിനുള്ള വരുമാനം പോലും ലഭിക്കാത്ത ദുരവസ്ഥയിലാണു പല തിയറ്റർ ഉടമകളും. 

സെക്കൻഡ് ഷോയില്ല, റിലീസുകളും 

തിയറ്റർ വരുമാനത്തിന്റെ ഗണ്യമായ വിഹിതം സമ്മാനിക്കുന്ന സെക്കൻഡ് ഷോ പ്രദർശിപ്പിക്കാൻ അനുമതിയില്ലാത്ത സാഹചര്യത്തിൽ പുതിയ ചിത്രങ്ങളുടെ റിലീസ് മാറ്റിവയ്ക്കാൻ നിർമാതാക്കളും വിതരണക്കാരും തീരുമാനിച്ചതോടെ പുതിയ ചിത്രങ്ങൾ ലഭിക്കുന്നില്ല. ജനുവരി 13 നാണു 10 മാസത്തെ ഇടവേളയ്ക്കു ശേഷം തിയറ്ററുകൾ പ്രദർശനം പുനരാരംഭിച്ചത്. ആദ്യ റിലീസായി എത്തിയ തമിഴ് ചിത്രം ‘മാസ്റ്റർ’ നേട്ടം കൊയ്തുവെങ്കിലും തിയറ്ററിൽ ആളിരമ്പം സൃഷ്ടിക്കാൻ കഴിയുന്ന സൂപ്പർതാര ചിത്രങ്ങളൊന്നും പിന്നീടു റിലീസ് ചെയ്തില്ല. മമ്മൂട്ടി ചിത്രം ‘ദ് പ്രീസ്റ്റ്’ രണ്ടു തവണ റിലീസ് പ്രഖ്യാപിച്ചെങ്കിലും മാറ്റിവച്ചു. മോഹൻലാൽ ചിത്രം ‘മരക്കാർ: അറബിക്കടലിന്റെ സിംഹം’ ഈ മാസം എത്തുമെന്നായിരുന്നു ആദ്യ പ്രഖ്യാപനമെങ്കിലും പുതിയ സാഹചര്യത്തിൽ റിലീസ് എന്നത്തേക്കുണ്ടാകുമെന്നു വ്യക്തമല്ല. അതേസമയം, കൂടുതൽ ചിത്രങ്ങൾ ഒടിടി പ്ലാറ്റ്ഫോമുകളിൽ റിലീസ് ചെയ്യുമെന്ന ആശങ്കയും തിയറ്ററുകൾക്കു മുന്നിലുണ്ട്. 

വിലക്ക് തിയറ്ററുകൾക്ക് മാത്രം 

കേരളത്തിൽ മറ്റെല്ലാ മേഖലകളിലും നിയന്ത്രണങ്ങൾ നീക്കിയിട്ടും തിയറ്ററുകളോടു മാത്രം അനുഭാവം കാട്ടുന്നില്ലെന്ന നിരാശയിലാണു ചലച്ചിത്ര ലോകം. കോവിഡ് പ്രതിരോധ നിബന്ധനകളുടെ പേരിലാണു കേരളത്തിൽ സെക്കൻഡ് ഷോ വിലക്കിയതെങ്കിലും രാജ്യത്തെ മറ്റു പല സംസ്ഥാനങ്ങളിലും തിയറ്ററുകളിൽ എല്ലാ ഷോയും അനുവദിച്ചിട്ടുണ്ട്. ചില സംസ്ഥാനങ്ങളിൽ 100 % സീറ്റുകളിലും കാണികളെ പ്രവേശിപ്പിക്കാം. എന്നാൽ, പകുതി സീറ്റുകളിൽ പ്രവേശനം നൽകി രാത്രി 9ന് അകം അവസാനിക്കുന്ന വിധത്തിൽ പ്രദർശനം നടത്താനാണു സംസ്ഥാന സർക്കാർ അനുവദിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com