Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നയിക്കാൻ വീണ്ടും അരുന്ധതി

Arundhati Bhattacharya

വായനയിലും പുസ്തകങ്ങളിലും താൽപര്യമുള്ള ബംഗാളിപ്പെൺകുട്ടി. ആ ഇഷ്ടമാണ് ഇംഗ്ലീഷ് സാഹിത്യത്തിലേക്ക് പഠനം തിരിച്ചുവിട്ടത്. അങ്ങനെ ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. പരീക്ഷ കഴിഞ്ഞിരിക്കുന്ന കാലത്താണ് കോളജിലെ കൂട്ടുകാരികളെല്ലാം ബാങ്ക് ടെസ്റ്റ് എഴുതാൻ പോകുന്നെന്ന് കേട്ടത്. അവർക്കൊപ്പം കൂടി ഒരു രസത്തിന് എഴുതിയ  ടെസ്റ്റ് പാസായി. 1977 ൽ 22ാം വയസ്സിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ പ്രൊബേഷനറി ഓഫിസറായി. എസ്ബിഐയിൽ വനിതാ ജീവനക്കാർ 20 ശതമാനത്തിൽ താഴെ മാത്രമായിരുന്ന കാലത്ത് ജോലിയിൽ പ്രവേശിച്ച ആ പെൺകുട്ടി വർഷങ്ങൾക്കിപ്പുറം 2013ൽ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കിന്റെ നേതൃത്വം ഏറ്റെടുത്ത് പുതിയ ചരിത്രമെഴുതി. രണ്ട് നൂറ്റാണ്ടിലധികം നീളുന്ന എസ്ബിഐ ചരിത്രത്തിലെ ഏക വനിതാ സാരഥിയെന്ന തലപ്പൊക്കവും അരുന്ധതി ഭട്ടാചാര്യ എന്ന ആ പേരിനു സ്വന്തം.

മെഡിസിൻ വേണ്ടെന്നുവെച്ച് സാഹിത്യത്തിന്റെ വഴിയിൽ

ബാങ്കുദ്യോഗത്തിന്റെ മാനദണ്ഡമായി കരുതുന്ന കൊമേഴ്സ്, എംബിഎ ബിരുദങ്ങളോ ഏതെങ്കിലും വിധത്തിലുള്ള മാനേജ്മെന്റ് പഠനത്തിന്റെ പിന്തുണയോ ഇല്ലാതെയാണ് ഒരു മിഡിൽക്ലാസ് പെൺകുട്ടിയിൽ നിന്ന് അരുന്ധതി ഭട്ടാചാര്യ അസാധാരണമായ നേട്ടത്തിലേക്ക് ചുവടുവെച്ചത്. കഠിനാധ്വാനത്തോടൊപ്പം വെള്ളം ചേർക്കാത്ത നിശ്ചയ ദാർഢ്യവുമായിരുന്നു  കൈമുതൽ.
പ്രോദ്യുത്കുമാർ മുഖർജിയുടെയും കല്യാണി മുഖർജിയുടെയും മകളായി കൊൽക്കത്തയിലാണ് അരുന്ധതി ജനിച്ചത്. സെയിലിൽ മെക്കാനിക്കൽ എൻജിനീയറായ അച്ഛനും ഹോമിയോ ഡോക്ടറായ അമ്മയ്ക്കും ഒപ്പം ഭിലായിയിലും ജാർഖണ്ഡിലെ ബൊക്കാറോയിലുമായിരുന്നു കുട്ടിക്കാലം. സയൻസും സാഹിത്യവും ഇഷ്ടവിഷയങ്ങളായിരുന്നു. കൊൽക്കത്ത മെഡിക്കൽ കോളജിൽ മെഡിസിന് പ്രവേശനം കിട്ടിയെങ്കിലും നക്സൽ പ്രശ്നങ്ങളാൽ കലാപ കലുഷിതമായ അന്നത്തെ അന്തരീക്ഷവും അച്ഛന്റെ റിട്ടയർമെന്റും മൂലം അത് വേണ്ടെന്നുവെച്ചു. അത്രയ്ക്കും തന്നെ പ്രിയപ്പെട്ട സാഹിത്യത്തിലേക്കു വഴിതിരിഞ്ഞത് അങ്ങനെയാണ്. കൊൽക്കത്തയിലെ ലേഡി ബ്രാബോൺ കോളജിലും ജാദവ്പൂർ സർവകലാശാലയിലുമായി കോളജ് പഠനം.

എല്ലാവർക്കും പരിഗണന, വെല്ലുവിളികൾ പ്രിയം

വെല്ലുവിളികൾ നിറഞ്ഞ ജോലികൾ ഏറ്റെടുക്കുന്നതിലും വിജയം കണ്ടെത്തുന്നതിലും മികവു തെളിയിച്ച നാലു പതിറ്റാണ്ട് നീളുന്ന കരിയറിൽ എസ്ബിഐയുടെ നിർണായകമായ പല നീക്കങ്ങളുടെയും ചാലക ശക്തിയായി അരുന്ധതി മുന്നിൽനിന്നു. എസ്ബിഐ ജനറൽ ഇൻഷുറൻസും എസ്ബിഐ കസ്റ്റോഡിയൻ ഇൻഷുറൻസും മൊബൈൽ ബാങ്കിങ് സർവീസും അവയിൽ ചിലതുമാത്രം.

യുപി മുതൽ ന്യൂയോർക്ക് വരെ നീണ്ട ജോലിക്കാലം. ഫോറിൻ എക്സ്ചേഞ്ച്, ട്രഷറി, റീടെയിൽ രംഗം, ഹ്യൂമൻ റിസോഴ്സ്, ഇൻവെസ്റ്റ്മെന്റ് ബാങ്കിങ് തുടങ്ങി ബാങ്കിങ് മേഖലയുടെ വിവിധ തലങ്ങളിൽ തിളങ്ങി. മികച്ച ടീം പ്ലെയർ എന്നാണ് അരുന്ധതി സ്വയം വിശേഷിപ്പിക്കുന്നത്. 136 രാജ്യങ്ങളിലായി 15,000ൽ അധികം ശാഖകളും രണ്ടരലക്ഷത്തോളം ജീവനക്കാരുമുള്ള ബാങ്കിങ് രംഗത്തെ ഒന്നാംനിര സ്ഥാപനത്തെ വിജയകരമായി മുന്നോട്ടു നയിക്കാൻ ഏറ്റവുമധികം തുണയായതും ഈ ഗുണം തന്നെ. എല്ലാവരെയും ഒന്നിച്ച്, ഒരേ പരിഗണന നൽകി കൊണ്ടുപോകുന്നതിനുള്ള അരുന്ധതിയുടെ അനിതരസാധാരണമായ കഴിവു തന്നെയാണ് മുൻഗാമികളിൽ നിന്ന് അവരെ വ്യത്യസ്തയാക്കുന്നതെന്ന് എതിരാളികൾ പോലും സമ്മതിക്കും.

പുതിയ ദൗത്യങ്ങളിലേക്ക് കരുത്തോടെ വീണ്ടും

കരിയറിലെ ഈ നേട്ടങ്ങൾക്കിടയിൽ അരുന്ധതി ഹൃദയത്തോടു ചേർത്തുപിടിക്കുന്ന ഒരു പേരുണ്ട് - ഐഐടി ഖരഗ്പൂറിലെ പ്രഫസറായിരുന്ന പ്രതിമോയ് ഭട്ടാചാര്യ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അരുന്ധതിയുടെ ജോലിത്തിരക്കുകൾ വളർന്നുകയറിയപ്പോൾ വീട്ടുകാര്യങ്ങൾ ഏറ്റെടുത്ത് ജോലി ഉപേക്ഷിച്ച അരുന്ധതിയുടെ ഭർത്താവ്. അദ്ദേഹം പിന്നീട് സ്വന്തമായി കമ്പനി തുടങ്ങി. ഒരേയൊരു മകളാണ് ഇവർക്ക് - സുകൃത ഭട്ടാചാര്യ.

ഫോബ്സ് മാഗസിൻ പ്രസിദ്ധീകരിച്ച 2016ലെ ലോകത്തെ ഏറ്റവും കരുത്തരായ 100 സ്ത്രീകളുടെ പട്ടികയിൽ അരുന്ധതി ഭട്ടാചാര്യയുമുണ്ട് – 25-ാം സ്ഥാനത്ത്. എസ്ബിഐ ചെയർപെഴ്സൺ എന്ന നിലയിൽ മൂന്നു വർഷത്തെ കാലാവധി ഇക്കൊല്ലം പൂർത്തിയാക്കിയ അരുന്ധതിക്ക് ഒരു വർഷത്തേക്കു കൂടി ചുമതല നീട്ടിനൽകിയിരിക്കുകയാണ്. സ്റ്റേറ്റ് ബാങ്കുകളുടെ ലയനം, ലോകനിലവാരത്തിലുള്ള ആഗോള ഭീമൻ ബാങ്കായി എസ്ബിഐയെ മാറ്റുന്നതിനുള്ള  സുപ്രധാന ചുവടുവെയ്പ് തുടങ്ങിയ കൂടുതൽ നിർണായകമായ പുതിയ ദൗത്യങ്ങളുമായി.

STATE-BANK-INDIA-LOANS/
Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.