Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാങ്കിങ്– ധനകാര്യ രംഗം ഉയരങ്ങളിലേക്ക്

Banking-Financial-Services

കൊച്ചി ∙ പ്രതിസന്ധികളുടെ ഗ്രഹണം കഴിഞ്ഞ് ബാങ്കിങ്–ധനകാര്യ രംഗം പ്രകാശമാനമായ കാലത്തിലേക്കു നീങ്ങുന്നു. ബാങ്കിങ്–ധനകാര്യ സ്ഥാപനങ്ങളുടെ ഓഹരികൾ മുകളിലേക്കാണ്. നിക്ഷേപകരും വിശകലന വിദഗ്ധരും ബാങ്ക്–ധനകാര്യ ഓഹരികളെക്കുറിച്ചു ‘ബുള്ളിഷ്’ ആയിരിക്കുന്നു. ബ്ലേഡ് കമ്പനികളുടെ ചൂഷണത്തിൽ നിന്നു മുക്തമായി ജനസംഖ്യയുടെ വലിയൊരു ഭാഗം ഔപചാരിക ബാങ്കിങ് രംഗത്തേക്കു വരുന്നതാണു പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്.

കഴിഞ്ഞ ആറു മാസത്തിനിടെയാണ് സ്വകാര്യ–പൊതുമേഖലാ ബാങ്കുകളുടെ ഓഹരികൾ കുതിക്കുന്ന ദൃശ്യം വ്യക്തമായത്. അതിനു മുമ്പുള്ള ആറു മാസം കിട്ടാക്കടങ്ങളുടെ വേലിയേറ്റത്തിൽ ഇത്തരം ഓഹരികൾ വൻ തകർച്ച നേരിട്ടിരുന്നു. പിന്നീട് കിട്ടാക്കടങ്ങൾ കുറച്ച് മിക്ക ബാങ്കുകളുടെയും ബാലൻസ് ഷീറ്റുകൾ ക്ലിയറായി. ഇതേ കാലഘട്ടത്തിൽ തന്നെ റിസർവ് ബാങ്ക് അടിസ്ഥാന പലിശ നിരക്കുകൾ പടിപടിയായി കുറയ്ക്കുകയും ചെയ്തതോടെ ബാങ്ക് വായ്പകളുടെ പലിശ നിരക്കുകളും താഴേക്കു വന്നു.

അതോടെ ഓഹരി വിപണി അനലിസ്റ്റുകൾ ബാങ്കിങ്–ധനകാര്യ ഓഹരികൾ ശുപാർശ ചെയ്തു തുടങ്ങി. കഴിഞ്ഞ ആറു മാസത്തിനിടെ ബാങ്ക് നിഫ്റ്റി 29 ശതമാനവും പിഎസ്‌യു ബാങ്ക് സൂചിക 35.5 ശതമാനവും കയറിയത് ഇതിന്റെ ഭാഗമായിട്ടാണ്.

എന്നാൽ ആധാർകാർഡും പാൻകാർഡും സ്മാർട് ഫോണും ഫിൻടെക് കമ്പനികളും വ്യാപകമായതാണ് ബാങ്കിങ്–ധനകാര്യ വിപ്ലവത്തിലേക്കു വഴിവച്ചതെന്നു ധനകാര്യ വിദഗ്ധർ ചൂണ്ടിക്കാട്ടി. ഓരോ വ്യക്തിയുടെയും വായ്പാ യോഗ്യത നിർണയിക്കുന്ന ഫിൻടെക് കമ്പനികൾ വന്നു. ഓരോ വ്യക്തിയുടേയും വരുമാനവും മുമ്പ് എടുത്തിട്ടുള്ള വായ്പകളുടെ തിരിച്ചടവിന്റേയും മറ്റും അടിസ്ഥാനത്തിൽ വായ്പാ യോഗ്യത നിർണയിച്ച്, എത്ര തുക സുരക്ഷിതമായി വായ്പ നൽകാം എന്നു കണ്ടെത്തുന്ന സോഫ്റ്റ്‌വെയർ അൽഗോരിതങ്ങൾ ഉണ്ടായി. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും അവയുടെ സേവനം ഉപയോഗപ്പെടുത്താനും തുടങ്ങി.

ബാങ്കുകളും സേവനം ഓൺലൈനാക്കാനും ഫോൺ–നെറ്റ് ബാങ്കിങ് പ്രോൽസാഹിപ്പിക്കാനും ആരംഭിച്ചു. അതിനുള്ള സെർവറുകളും മറ്റു സാങ്കേതിക ക്രമീകരണങ്ങളും നടത്തി. ഇന്ന് ഓരോ ബാങ്കറും തന്റെ ബാങ്ക് എത്രകണ്ടു ഡിജിറ്റലായി എന്ന വസ്തുതയിൽ അഭിമാനിക്കുന്നു. ഇതിന്റെ അനന്തര ഫലം വായ്പയ്ക്ക് അപേക്ഷിച്ചാൽ  മണക്കൂറുകൾക്കകം നിങ്ങളുടെ അക്കൗണ്ടിൽ തുക എത്തുന്നു എന്നതാണ്. അതിന് ഫിൻടെക്ക് കമ്പനികളും വായ്പായോഗ്യത നിർണയവും സഹായകമാവുന്നു.

അതോടെ രാജ്യത്താകെ അനൗപചാരിക ബാങ്കിങ്ങിനെ (ബ്ലേഡ് കമ്പനികൾ, പണയവായ്പകൾ തുടങ്ങിയവ) ആശ്രയിച്ചിരുന്നവർ ഔപചാരിക ബാങ്കുകളിലേക്കു വരാൻ തുടങ്ങി. പലിശയിലെ ഇടിവും അതിനു സഹായകമായി. വൻ പലിശയുടെ ചൂഷണം ഉണ്ടെങ്കിലും ചോദിച്ചാലുടൻ ഈടില്ലാതെ ലഭിക്കും എന്നതായിരുന്നു ബ്ലേഡ് കമ്പനികളുടെ ആകർഷണം. ചോദിച്ചാലുടൻ ഈടില്ലാതെ ബാങ്ക് വായ്പയും കിട്ടിത്തുടങ്ങിത് മാറ്റത്തിനു വഴിവച്ചു. ഗ്രാമങ്ങളിൽ മൈക്രോ ഫിനാൻസ് കമ്പനികളും ത്വരിത വളർച്ചയുടെ പാതയിലായി.

ഉപഭോക്തൃവായ്പയും വ്യക്തിഗത വായ്പയും വൻ തോതിൽ വളരുകയാണ്. ഫ്രിജ്, ടിവി തുടങ്ങി ഏത് ഉപഭോക്തൃ ഉൽപന്നം വേണമെങ്കിലും ഡീലറുടെ ഷോറൂമിൽ ചെന്നാൽ അവിടെ തവണകളായി തിരിച്ചടയ്ക്കാവുന്ന ബാങ്ക്–ധനകാര്യ സ്ഥാപന വായ്പയും ഇന്നു ലഭ്യമാണ്. ഭവന–വാഹന വായ്പകളും വേഗത്തിലായി. മുമ്പ് ബാങ്ക് മാനേജർ അപേക്ഷകനോടു ചോദ്യങ്ങൾ ചോദിച്ച്, രേഖകൾ പരിശോധിച്ച് ദിവസങ്ങളെടുത്ത് അനുവദിക്കുകയോ നിരസിക്കുകയോ ചെയ്തിരുന്ന രീതിയിൽ നിന്ന് ഫിൻടെക് കമ്പനികൾ നൽകുന്ന ശുപാർശയുടെ അടിസ്ഥാനത്തിൽ ഉടൻ വായ്പ ലഭിക്കുന്ന രീതിയായി.

ബാങ്കുകൾക്കു റിസർവ് ബാങ്കിന്റെ അസറ്റ് ക്വാളിറ്റി പരിശോധനയും ബോർഡിന്റെ ശക്തമായ നിയന്ത്രണവും ഉള്ളതിനാൽ എല്ലാതരം ഓഹരി നിക്ഷേപകരും അവയെ സുരക്ഷിതമായിട്ടാണു കാണുന്നത്. എന്നാൽ പാക്ക് അതിർത്തിയിൽ സംഘർഷമോ, അമേരിക്കയിലെ ഫെഡറൽ റിസർവ് പലിശ വർധിപ്പിക്കുകയോ ചെയ്താൽ തിരിച്ചടി നേരിടുകയും ചെയ്യാമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ചില ബാങ്കുകളുടെ ഓഹരികൾ മാസങ്ങളോളം ബുള്ളിഷ് ആയി തുടർന്നതിനാൽ നിക്ഷേപകർ ഒഴിവാക്കുകയും ചെയ്യുന്നുണ്ട്.

ഇന്ത്യയുടെ ആഭ്യന്തര ഉൽപാദനത്തിന്റെ 70% മാത്രമാണു ബാങ്ക് വായ്പകൾ. വികസിത രാജ്യങ്ങളിൽ ആഭ്യന്തര ഉൽപാദനത്തിന്റെ 150% വരെ വായ്പകളുണ്ട്. ഇനിയുമേറെ വളരാൻ ഇടമുണ്ട് എന്ന സന്ദേശമാണു ബാങ്കുകൾക്കും ഓഹരി നിക്ഷേപകർക്കും ഈ വസ്തുത നൽകുന്നത്.

online-bank

തിളച്ചവെള്ളം വീണ പൂച്ച

ഏതു മേഖലയിലെയും വായ്പകൾ വളരുന്നത് രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെ സഹായിക്കുന്ന ഘടകമാണ്. വായ്പയെടുത്ത് ഉൽപന്നങ്ങൾ വാങ്ങുമ്പോൾ അവയുടെ ഉൽപാദനം കൂടുന്നു. വ്യവസായ വളർച്ചയ്ക്കും അതുവഴി സാമ്പത്തിക വളർച്ചയ്ക്കും കാരണമാവുന്നു.

പക്ഷേ, ഇന്ത്യയിൽ ഇപ്പോഴും വൻകിട വ്യവസായ വായ്പകൾ മുരടിച്ചു നിൽക്കുകയാണ്. വിജയ് മല്യയ്ക്കു നൽകിയ 8000 കോടി രൂപയോളം നിഷ്ക്രിയ ആസ്തിയായി മാറിയതിന്റെ ആഘാതത്തിൽ നിന്ന് ഇനിയും ബാങ്കിങ് രംഗം മോചിതമായിട്ടില്ല. സ്റ്റീൽ, റിയൽ എസ്റ്റേറ്റ്, ഇൻഫ്രാസ്ട്രക്ചർ തുടങ്ങിയ മേഖലകളിലും കിട്ടാക്കടം പെരുകി. ഇപ്പോഴും നൂറുകണക്കിനു കോടിയുടെ വൻകിട വായ്പകൾ നൽകാൻ ബാങ്ക് മേധാവികൾ മടിക്കുന്നു. തിളച്ച വെള്ളം വീണ പൂച്ച പച്ചവെള്ളം കണ്ടാലും പേടിക്കുമെന്ന പോലെ.

കോർപറേറ്റുകൾക്കും വൻ വായ്പകളെടുക്കാൻ മടിയാണ്. നല്ല നിലയിൽ പോകുന്ന കമ്പനികൾ ഉള്ളപ്പോൾ ഒരു കമ്പനിക്കു വേണ്ടി വൻ വായ്പയെടുത്ത് നഷ്ടത്തിലായി എല്ലാം കളഞ്ഞു കുളിക്കുന്നതെന്തിനെന്ന ചിന്താഗതിയാണ് മല്യയെ ഓർക്കുമ്പോഴുള്ളത്. അങ്ങനെ ബാങ്കർമാരും നിക്ഷേപകരും റിസ്ക്ക് ഒഴിവാക്കുമ്പോൾ സമ്പദ് വളർച്ച സാവധാനമാകുന്നു.

സി.ജെ.ജോർജ് എംഡി ജിയോജിത് ബിഎൻപി പാരിബ

മൊബൈൽഫോണും ആധാർകാർഡും സിബിൽ പോലുള്ള ക്രെഡിറ്റ് നിർണയ ഏജൻസികളും ബാങ്കുകളുടെ ഡിജിറ്റൽ വൽക്കരണവും ചേർന്നുണ്ടാക്കുന്ന വളർച്ചയാണിത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വലിയൊരു ജനവിഭാഗം ഔപചാരിക ബാങ്കിങ് രംഗത്തു വന്നിട്ടേയില്ല. അത്തരം ‘അൺബാങ്ക്ഡ്’ ജനവിഭാഗം ബാങ്കുകളിലേക്കു വരുന്നതു വൻ ബിസിനസ് അവസരമാണു ബാങ്കുകൾക്കു നൽകുന്നത്.

ഗ്രാമങ്ങളിലെ മൈക്രോഫിനാൻസ് സ്ഥാപനങ്ങളും വൻ വളർച്ചാ നിരക്കും നിക്ഷേപവും നേടുന്നു. ചുരുക്കത്തിൽ ഏതു വിശകലനത്തിലും ബാങ്കിങ്–ധനകാര്യ ഓഹരികൾ പോസിറ്റീവ് സന്ദേശമാണു നൽകുന്നത്.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.