Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രെയിനുകളുടെ വേഗം 200 കിലോമീറ്ററാക്കാന്‍ 2000 കോടി രൂപ

train

ന്യൂഡൽഹി ∙ ട്രെയിനുകളുടെ വേഗം 200 കിലോമീറ്ററായി വർധിപ്പിക്കുന്നതിനുള്ള പദ്ധതിക്കു 2,000 കോടി രൂപ മാറ്റിവച്ചതായി റെയിൽവേ മന്ത്രി സുരേഷ് പ്രഭു ലോക്സഭയിൽ വെളിപ്പെടുത്തി. റെയിൽവേ ധനാഭ്യർഥന ചർച്ചയ്ക്കു മറുപടി നൽകുകയായിരുന്നു. നിലവിലുള്ള ട്രാക്കുകൾ ബലപ്പെടുത്തുകയും നവീകരിക്കുകയുമാണ് ആദ്യപടി. ഒന്നാം ഘട്ടത്തിൽ ഡൽഹി – കൊൽക്കത്ത, ഡൽഹി – മുംബൈ റൂട്ടുകളിലാണു ട്രാക്ക് ബലപ്പെടുത്തുക. പിന്നീടു മറ്റു പ്രധാന പാതകളും പരിഷ്കരിക്കും. ബുള്ളറ്റ് ട്രെയിൻ പദ്ധതിയും സമാന്തരമായി നടപ്പാക്കും.

മറ്റു രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ രാജ്യത്തു ട്രെയിൻ അപകടങ്ങൾ കുറവാണ്. കൂടുതൽ സുരക്ഷാ സംവിധാനങ്ങളുള്ള കോച്ചുകൾ നിർമിക്കാനും പദ്ധതി തയാറായിട്ടുണ്ട്. ഇതിനു വിദേശ കമ്പനികളുടെ സഹായവും തേടും. ഒരു ലക്ഷം കോടി രൂപയുടെ സുരക്ഷാനിധിക്കാണു രൂപം നൽകിയിരിക്കുന്നത്. കൂടുതൽ ട്രെയിനുകൾ പ്രഖ്യാപിക്കുന്നതിനു പകരം പാളങ്ങളും ‌ട്രെയിനുകളും മെച്ചപ്പെടുത്തുകയാണു ലക്ഷ്യം.

കേരളം ഉൾപ്പെടെയുള്ള തെക്കൻ സംസ്ഥാനങ്ങൾക്ക് എൻഡിഎ സർക്കാർ കൂടുതൽ ബജറ്റ് വിഹിതം നീക്കിവയ്ക്കുന്നുണ്ടെന്നു സുരേഷ് പ്ര‌ഭു അവകാശപ്പെട്ടു. കേരളത്തിന്റെ വിഹിതം 800ൽ നിന്ന് 1200 കോടിയായി ഉയർത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

റെയിൽവേ ബജറ്റ് പൊതു ബജറ്റിന്റെ ഭാഗമാക്കിയതിനെതിരെ കേരളം

ന്യൂഡൽഹി ∙ റെയിൽവേ ബജറ്റ് പൊതു ബജറ്റിന്റെ ഭാഗമാക്കിയതിനെതിരെ കേരളത്തിൽ നിന്നുള്ള അംഗങ്ങൾ ലോക്സഭയിൽ ശബ്ദമുയർത്തി. രാ‌ജ്യത്തെ ഒന്നിപ്പിക്കുന്ന സ്ഥാപനങ്ങളും മൂല്യങ്ങളും ഇല്ലാതാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്ന് അവർ കുറ്റപ്പെടുത്തി. ഭരണഘടനാ നി‌ർമാണസഭയുടെ പ്രമേയം ലംഘിക്കപ്പെട്ടതിനെക്കുറിച്ചു സ്‌പീക്കറുടെ റൂളിങ് ഉണ്ടാവണമെന്നും എംപിമാർ ആവശ്യപ്പെട്ടു.

∙ എം.ബി. രാജേഷ്: പൊതുമേഖലാ റെയിൽവേ എന്ന സങ്കൽപം ഇ‌ല്ലാതാകുന്നതിനു തുടക്കമായി. പ്രത്യേക റെയിൽവേ ബജറ്റ് വേണ്ടെന്നുവച്ചതു പാർലമെന്റിൽ ചർച്ച ചെയ്യാതെ ഏകാധിപത്യ രീതിയിലാണ്. 2016–17ൽ ബജറ്റ് വിഹിതം 12,000 കോടി രൂപ കുറച്ചു. എങ്കിലും റെയിൽവേ ലാഭമുണ്ടാക്കുകയും സർക്കാരിനു ലാഭവിഹിതം നൽകുകയും ചെ‌യ്യുന്നു. അപകടങ്ങൾ തുടർക്കഥ. കേരളത്തിൽ മാത്രം അടുത്തകാലത്തു രണ്ടുവട്ടം ട്രെയിനുകൾ പാളം തെറ്റി. സംസ്ഥാനത്തു 100 കിലോമീറ്ററിനുള്ളിൽ 203 വിള്ളലുകളാണു കണ്ടെത്തിയത്. നിർദിഷ്ട സുര‌ക്ഷാനിധിയിലേക്കു കേന്ദ്രസർ‌‌ക്കാർ 5,000 കോടി രൂപയും റെയിൽവേ 1,000 കോടി രൂപയും മാത്രമാണു നീക്കിവച്ചിട്ടുള്ളത്.

∙ എൻ.കെ. പ്രേമചന്ദ്രൻ: റെയിൽവേ ബജറ്റ് പൊതു ബജറ്റിന്റെ ഭാഗമാക്കിയ നടപടി കീഴ്‌വഴക്കങ്ങളുടെ നഗ്നലംഘനമാണ്. 1949ലെ ഭരണഘടനാ നിർമാണസഭയുടെ പ്രമേയം ഏകപക്ഷീയമായി ലംഘിച്ച നടപടി ക്രമപ്രശ്നമാണ്. ഇക്കാര്യത്തിൽ സ്പീക്കറുടെ റൂളിങ് ഉ‌ണ്ടാവണം. ചെങ്കോട്ട–പുനലൂർ ബ്രോഡ്ഗേജ് പാത പൂർത്തിയാക്കുന്ന സാഹചര്യത്തിൽ സർവീസുകൾ പുനഃസ്ഥാപിക്കണം. ടൂറിസത്തിനും തീർഥാടനത്തിനും പ്രാധാന്യമുള്ള ഈ മേഖലയിൽ പ്രത്യേക സർവീസുകൾ തുടങ്ങണം.

∙ എം.കെ. രാഘവൻ: മംഗളൂരു – ഷൊർണൂർ ഇരട്ടപ്പാതയിൽ വൈദ്യുതീകരണം പൂർത്തിയായ സാഹചര്യത്തിൽ മംഗളൂരു – കോയമ്പത്തൂർ – കൊച്ചി റൂട്ടിൽ മെമു ആരംഭിക്കണം. കോയമ്പത്തൂർ – പാലക്കാട് മെമു മംഗളൂരുവിലേക്കു നീട്ടിയാൽ മൂന്നു സംസ്ഥാനങ്ങൾക്കു പ്രയോജനമുണ്ടാകും. അങ്കമാലി വരെ സർവീസ് നടത്തുന്ന മെമു മംഗളൂരുവിനു നീട്ടുന്നതു വിദ്യാർഥികൾക്കും ടൂറിസ്റ്റുകൾക്കും രോഗികൾക്കും പ്രയോജനപ്പെടും. രാത്രി സർവീസ് നടത്തുന്ന ട്രെയിനുകളിൽ സ്റ്റേഷൻ സംബന്ധിച്ച അറിയിപ്പുകളും ഡിസ്പ്ലേ ബോർഡുകളും നിർബന്ധമാക്കണം. ബെഡ് റോളി‌ന്റെ ഗുണനിലവാരം മെച്ചപ്പെടുത്തണം.

∙ മുല്ലപ്പള്ളി രാമചന്ദ്രൻ: തലശേരി–മൈസുരു പാത യാഥാർഥ്യമാക്കണം. ഈ പാതയുടെ പകുതി ചെലവു വഹിക്കാൻ സംസ്ഥാനം തയാറായിട്ടുണ്ട്. നിലമ്പൂർ–നഞ്ചങ്കോട് പാത നിർമിക്കാനും നടപടിയെടുക്കണം. വടകര പാർലമെന്റ് മണ്ഡലത്തിനു കീഴിലുള്ള 80 കിലോമീറ്റർ റെയിൽപാതയുടെയും 12 സ്റ്റേഷനുകളുടെയും നവീകരണത്തിനും അടിയന്തര നടപടി വേണം.

related stories
Your Rating: