Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിഎസ്എന്‍എല്‍, ആ ആപ് എവിടെ...!

bsnl-logo

കൊച്ചി ∙ ബിഎസ്എൻഎല്ലിനു വൻ മുന്നേറ്റം ഉണ്ടാക്കാവുന്ന ഫിക്സ്ഡ് മൊബൈൽ ടെലിഫോണി (എഫ്എംടി) എന്ന മൊബൈൽ ആപ്ലിക്കേഷൻ പുറം ലോകം കാണാതെ ഒരു വർഷം. കഴിഞ്ഞ മാർച്ചിലാണു ഫിക്സ്ഡ് മൊബൈൽ ടെലിഫോണി ആപ് ബിഎസ്എൻഎൽ ഔദ്യോഗികമായി അവതരിപ്പിച്ചത്.

കഴിഞ്ഞ ഏപ്രിൽ മുതൽ എഫ്എംടി സേവനം ഉപയോക്താക്കൾക്ക് ലഭിക്കുമെന്നാണ് അന്ന് അറിയിച്ചിരുന്നത്. എന്നാൽ വർഷമൊന്നു കഴിഞ്ഞിട്ടും എഫ്എംടി സേവനം ലഭ്യമായിട്ടില്ല. ലാൻഡ്ഫോണിനെ പോക്കറ്റിൽ ആക്കാൻ ബിഎസ്എൻഎൽ ആപ് എന്ന വിശേഷണവുമാണു എഫ്എംടി ആപ് അവതരിപ്പിച്ചത്.

ടെലിഫോൺ എക്സ്ചേഞ്ചുകളുടെ നവീകരണത്തോടെ ബിഎസ്എൻഎല്ലിനു നൽകാൻ സാധിക്കുന്ന സേവനമായിരുന്നു എഫ്എംടി. ഇന്റർനെറ്റ് സേവനങ്ങൾക്കു നൽകുന്ന ഐപി അധിഷ്ഠിത നെക്സ്റ്റ് ജനറേഷൻ നെറ്റ്‌വർക് (എൻജിഎൻ) ടെക്നോളജിയിലേക്കു ടെലിഫോൺ എക്സ്ചേഞ്ചുകൾ മാറ്റുന്നതോടെ ലാൻഡ്ഫോൺ‌, മൊബൈൽ ഫോൺ നെറ്റ്‌‍‌വർക്കുകൾ ഒറ്റ നെറ്റ്‌വർക്കിന്റെ കീഴിലാകും.

ഈ സാധ്യത ഉപയോഗപ്പെടുത്തി ലാൻഡ്ഫോണിൽ വരുന്ന കോളുകൾ മൊബൈൽ ഫോണിലേക്കു പോർട്ട് ചെയ്തെടുക്കുന്ന സംവിധാനമാണ് ആപ് വഴി അവതരിപ്പിക്കാൻ ബിഎസ്എൻഎൽ ഒരുങ്ങിയത്. മൊബൈൽ ഫോണുകളിൽ വരുന്ന കോളുകൾ ലാൻഡ് ഫോണിലേക്കും ഇങ്ങനെ ആപ് ഉപയോഗിച്ചു മാറ്റി നൽകാൻ സാധിക്കും. ലാൻഡ്ഫോണിനെ ഒരു വെർച്വൽ ലാൻഡ്ഫോണാക്കി മാറ്റുകയായിരുന്നു ആപ്പിലൂടെ ബിഎസ്എൻഎൽ ലക്ഷ്യമിട്ടിരുന്നത്. മാസ വാടക ഈടാക്കിയായിരിക്കും സേവനമെന്നും അന്ന് അറിയിച്ചിരുന്നു.

എന്നാൽ ബിഎസ്എൻഎൽ എഫ്എംടി ആപ് പ്രഖ്യാപിച്ചതോടെ സ്വകാര്യ മൊബൈൽ സേവന ദാതാക്കൾ പരാതിയുമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയെ സമീപിച്ചു. എഫ്എംടി ആപ്പിനെക്കുറിച്ചു വിശദീകരണം നൽകാൻ ട്രായി ബിഎസ്എൻഎല്ലിനു നിർദേശവും നൽകി. ആപ് അധിഷ്ഠിത കോളുകൾക്ക് കേന്ദ്രസർക്കാരിന്റെ സുരക്ഷാ അനുമതിയും ആവശ്യമായിരുന്നു. ഈ കടമ്പകൾ കടന്നു ആപ് പുറത്തിറക്കാൻ ബിഎസ്എൻഎൽ ഇതു വരെ നടപടിയെടുത്തിട്ടില്ല.

വിദേശത്തുൾപ്പെടെ പോകുമ്പോൾ സ്വന്ത് ലാൻഡ്ഫോൺ കോളുകൾ ഫോർവേഡ് ചെയ്തു കിട്ടുന്ന നൂതനമായ സംവിധാനമായിരുന്നു എഫ്എംടി വഴി ബിഎസ്എൻഎൽ വിഭാവനം ചെയ്തത്. ആപ് ഉപയോഗിച്ച് ഇൻകമിങ്, ഔട്ട്ഗോയിങ് കോളുകൾ വിളിക്കാൻ സാധിക്കുമെന്നാണ് ബിഎസ്എൻഎല്ലിന്റെ അറിയിപ്പ്.

നെക്സ് ജനറേഷൻ നെറ്റ്‌വർക്കിലേക്കു ബിഎസ്എൻഎൽ നെറ്റ്‌വർക്ക് ശൃംഖല മാറ്റുന്നതു രാജ്യവ്യാപകമായി ഏറെ മുന്നേറിക്കഴിഞ്ഞു. പ്രധാന സെർവർ ലൊക്കേഷനുകളെല്ലാം എൻജിഎൻ സംവിധാനത്തിലേക്കു മാറിക്കഴിഞ്ഞു. സർക്കിളുകളിൽ എൻജിഎൻ നെറ്റ്‌വർക്കിലേക്കു മാറ്റുന്ന ജോലികൾ നടന്നു വരികയാണ്. ഈ വർഷം ഡിസംബറോടെ എല്ലാ ടെലിഫോൺ എക്സ്ചേഞ്ചുകളും എൻജിഎന്നിലേക്കു മാറ്റാനാണു ബിഎസ്എൻഎൽ ലക്ഷ്യമിട്ടിരിക്കുന്നത്.

ഇതോടെ എഫ്എംടി അടക്കമുള്ള ആധുനിക സേവനങ്ങൾ ഏർപ്പെടുത്താൻ ബിഎസ്എൻഎല്ലിനു സാധിക്കും. സെർവറുകൾ ആധുനികവൽക്കരിച്ചതോടെ ഇപ്പോൾത്തന്നെ എൻജിഎന്നിലേക്കു മാറിയ ടെലിഫോൺ എക്സ്ചേഞ്ചുകളുടെ പരിധിയിലുള്ള ഉപയോക്താക്കൾക്കു സേവനം നൽകാവുന്നതേയുള്ളൂ.

ഇതിനിടെ ബ്രോഡ്ബാൻഡ് കണക്‌ഷനുള്ള ഉപയോക്താക്കൾക്കു എഫ്എംടി സേവനത്തിന്റെ ഒരു ഭാഗം നൽകാനുള്ള പദ്ധതി അവതരിപ്പിച്ചിരുന്നു. ബ്രോഡ്ബാൻഡ് കണക്‌ഷനുള്ള ഉപയോക്താക്കൾക്കു സൗജന്യ നിരക്കിൽ ഫോൺ കോളുകൾ ചെയ്യാൻ അനുവദിക്കുന്ന സേവനമായാണ് ഇത് അവതരിപ്പിക്കപ്പെട്ടത്. എന്നാൽ ഇത് എല്ലാവർക്കും ലഭിക്കില്ല.

എൻജിഎന്നിലേക്കു മാറിയ എക്സ്ചേഞ്ചുകളുടെ പരിധിയിലുള്ള ബ്രോഡ്ബാൻഡ് പ്രീമിയം ഉപയോക്താക്കൾക്കാണു സേവനം ലഭ്യമാവുകയുള്ളു എന്നാണു ബിഎസ്എൻഎൽ വിശദീകരിച്ചത്. തങ്ങൾക്ക് അവതരിപ്പിക്കാവുന്ന ഏറ്റവും മികച്ച ഒരു സേവനം സാങ്കേതിക നൂലാമാലകളിൽപ്പെട്ടു കിടക്കുന്നത് ഒരു വർഷമായിട്ടും പരിഹരിക്കാൻ ബിഎസ്എൻഎല്ലിനു സാധിച്ചിട്ടില്ല.

Your Rating: