Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളത്തിൽ സാധ്യത ചെറുകിട വ്യവസായങ്ങൾക്ക്: മന്ത്രി മൊയ്തീൻ

DAN വാണിജ്യ വ്യവസായ വകുപ്പ് കൊച്ചിയിൽ നടത്തുന്ന ‘വ്യാപാർ 2017’ ബിസിനസ് സംഗമ ഉദ്ഘാടനവേളയിൽ സ്വാഗതനൃത്തം വീക്ഷിക്കുന്ന സദസ്. കെ.വി. തോമസ് എംപി, മന്ത്രി എ.സി. മൊയ്തീൻ, അഡീഷനൽ ചീഫ് സെക്രട്ടറി പോൾ ആന്റണി, കെഎസ്ഐഡിസി എം.ഡി. എം. ബീന തുടങ്ങിയവർ മുൻനിരയിൽ.

കൊച്ചി ∙ പരിസ്ഥിതി സംബന്ധമായത് ഉൾപ്പെടെയുള്ള പ്രശ്നങ്ങളുള്ളതിനാൽ കേരളത്തിൽ വൻകിട വ്യവസായങ്ങളുടെ സാധ്യത കുറഞ്ഞുവെന്നു മന്ത്രി എ.സി. മൊയ്തീൻ. ജനസാന്ദ്രത കൂടിയ സ്ഥലമായതിനാൽ കേരളത്തിൽ വ്യവസായങ്ങൾ ആരംഭിക്കുന്നതു ജാഗ്രതയോടെ വേണം. ചെറുകിട, ഇടത്തരം വ്യവസായങ്ങൾക്കാണു സാധ്യത. അവ കേരളത്തിന്റെ വളർച്ചയ്ക്കും തൊഴിലവസരങ്ങൾ വർധിക്കുന്നതിനും സഹായിക്കും.

പുതിയ തലമുറയ്ക്കു കേരളത്തിൽത്തന്നെ പരമാവധി തൊഴിലവസരങ്ങൾ ഒരുക്കാൻ ചെറുകിട വ്യവസായങ്ങൾക്കു കഴിയും. ഇത്തരം വ്യവസായങ്ങൾക്ക് അനുമതി ലഭിക്കാനുള്ള ഔദ്യോഗിക നടപടികൾ ലഘൂകരിച്ചു. വിദേശ തൊഴിൽ നഷ്ടപ്പെട്ടു തിരികെയെത്തുന്നവരെക്കൂടി മുന്നിൽക്കണ്ടു കൂടുതൽ വ്യവസായങ്ങൾ തുടങ്ങാൻ പരിശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. വ്യവസായ വകുപ്പു സംഘടിപ്പിച്ച ‘വ്യാപാർ 2017’ ബിസിനസ് സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

തദ്ദേശീയർക്ക് അവസരം നൽകുന്നതിനായി പല വിദേശരാജ്യങ്ങളിലും തൊഴിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനാൽ ഇന്ത്യക്കാർ മടങ്ങിവരേണ്ട സാഹചര്യമുണ്ടാകുന്നു. മുൻപ്, മനുഷ്യവിഭവ ശേഷി കയറ്റുമതി ചെയ്യുന്ന സംസ്ഥാനമെന്നാണു കേരളം അറിയപ്പെട്ടിരുന്നത്. ആ സ്ഥിതി മാറുകയാണ്. തൊഴിൽ വൈദഗ്ധ്യമുള്ള വലിയൊരു വിഭാഗം പ്രവാസികൾ കേരളത്തിലേക്കു മടങ്ങിയെത്തും. ഇവരുടെ സേവനം ഉപയോഗപ്പെടുത്താൻ ചെറുകിട വ്യവസായങ്ങൾക്കു സാധിക്കും. വ്യാപാർ പോലുള്ള മേളകൾ ഈ ദിശയിലേക്കുള്ള ചുവടുവയ്പാണെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ എസ്.ശർമ എംഎൽഎ അധ്യക്ഷത വഹിച്ചു. കെ.വി.തോമസ് എംപി, അഡീഷനൽ ചീഫ് സെക്രട്ടറി പോൾ ആന്റണി, കെഎസ്ഐഡിസി എംഡി: ഡോ.എം. ബീന, വ്യവസായ വകുപ്പ് ഡയറക്ടർ പി.എം. ഫ്രാൻസിസ്, കേരള ബ്യൂറോ ഓഫ് ഇൻഡസ്ട്രിയൽ പ്രമോഷൻ സിഇഒ: വി.രാജഗോപാൽ, മുളവുകാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജി ഷാജൻ, ഫിക്കി കോചെയർമാൻ ദീപക് അസ്വാനി, കെഎസ്എസ്ഐഎ സംസ്ഥാന പ്രസിഡന്റ് ദാമോദർ അവന്നൂർ എന്നിവർ പ്രസംഗിച്ചു.

വ്യവസായ, വാണിജ്യ ഡയറക്ടറേറ്റ് മുഖേന ബിസിനസ് ടു ബിസിനസ് മീറ്റുകളിൽ പങ്കെടുത്ത ഏറ്റവും മികച്ച സെല്ലർക്കുള്ള പ്രഥമ അവാർഡ് ചാലക്കുടിയിലെ റാപോൾ സാനിപ്ലാസ്റ്റിനു മന്ത്രി സമ്മാനിച്ചു. മുൻകൂട്ടി റജിസ്റ്റർ ചെയ്ത സംരംഭകർക്കു മാത്രമാണ് ഇന്നു ബിസിനസ് കൂടിക്കാഴ്ചകൾക്ക് അവസരം.

നാളെ സ്‌പോട് റജിസ്‌ട്രേഷൻ വഴി കേരളത്തിൽ നിന്നുള്ള സംരംഭകർക്കും പങ്കെടുക്കാം. വ്യവസായ, വാണിജ്യ ഡയറക്ടറേറ്റ്, ഹാൻഡ്‌ലൂംസ് ആൻഡ് ടെക്‌സ്റ്റൈൽസ് ഡയറക്ടറേറ്റ്, വ്യവസായ വികസന കോർപറേഷൻ, ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ച്ചർ ഡവലപ്‌മെന്റ് കോർപറേഷൻ എന്നിവയുടെ സഹകരണത്തോടെ നടത്തുന്ന മേളയുടെ സംഘാടനച്ചുമതല കേരള ബ്യൂറോ ഓഫ് ഇൻഡസ്ട്രിയൽ പ്രമോഷനാണ്. ഫിക്കിയാണ് വ്യവസായ, വാണിജ്യ പങ്കാളി.