Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‌‌‌നോട്ട് അസാധുവാക്കൽ അടുത്ത ഘട്ട ദുരന്തങ്ങൾ വൈകില്ലെന്ന് ചിദംബരം

ramesh-chidambaram രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡവലപ്മെന്റ് സ്റ്റഡീസ് തിരുവനന്തപുരത്തു സംഘടിപ്പിച്ച പ്രഭാഷണത്തിനെത്തിയ മുൻ കേന്ദ്രമന്ത്രി പി.ചിദംബരം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോടൊപ്പം വേദിയിൽ തമാശ പങ്കിടുന്നു.

തിരുവനന്തപുരം∙ ഈ ദശാബ്ദത്തിലെ ഏറ്റവും വലിയ സാമ്പത്തിക ദുരന്തമാണു നോട്ട് അസാധുവാക്കലെന്നു മുൻ കേന്ദ്ര ധനമന്ത്രി പി.ചിദംബരം. വഴിവിട്ട ഈ നടപടിയുടെ അടുത്ത ഘട്ട ദുരന്തങ്ങൾ വരാനിരിക്കുന്നതേയുള്ളൂവെന്ന് അദ്ദേഹം മുന്നറിയിപ്പു നൽകി. കെപിസിസി നേതൃത്വത്തിലുള്ള രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡവലപ്‌മെന്റ് സ്റ്റഡീസ് സംഘടിപ്പിച്ച ചടങ്ങിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

സമസ്ത മേഖലകളെയും നോട്ട് നിരോധനം തളർത്തിയെന്നു ജനം തിരിച്ചറിഞ്ഞു. 400 കോടിയോളം വരുന്ന കള്ളനോട്ട് പിടികൂടാനാണു നോട്ട് നിരോധിച്ചത്. രാജ്യത്തെ മൊത്തം പണത്തിന്റെ 0.002 ശതമാനം മാത്രമാണത്. എലിയെപ്പേടിച്ച് ഇല്ലം ചുടുന്നതിന് ഇതിലും വലിയ ഉദാഹരണമില്ല.

ലോകത്ത് ഏറ്റവും കൂടുതൽ കള്ളനോട്ടുള്ള അമേരിക്ക ചിന്തിക്കുകപോലും ചെയ്യാത്ത കാര്യമാണ് ഇന്ത്യയിലുണ്ടായത്. രാജ്യത്തിന്റെ സാമ്പത്തിക വളർച്ച 6.9 ശതമാനത്തിലേക്കു കൂപ്പുകുത്തുമെന്നാണു റിസർവ് ബാങ്ക് കണക്കാക്കുന്നത്. ഇതേക്കുറിച്ചു ധനമന്ത്രി ബജറ്റിൽ മൗനം ഭജിക്കുന്നു.മതിയായ കൂടിയാലോചന ഇല്ലാതെ പ്രധാനമന്ത്രി ഒറ്റയ്ക്കു സ്വീകരിച്ച തീരുമാനമായിരുന്നു നോട്ട് നിരോധനം. റിസർവ് ബാങ്ക് ചട്ടം അനുസരിച്ചു നോട്ട് റദ്ദാക്കാനുള്ള അവകാശം ആർബിഐക്കു മാത്രമാണ്. ഇത് അട്ടിമറിച്ച് ഒരു വ്യക്തിയുടെ തീരുമാനം രാജ്യത്ത് അടിച്ചേൽപിക്കുകയായിരുന്നു.

കള്ളപ്പണം തടയൽ, കള്ളനോട്ട് പിടികൂടൽ, ഭീകരവാദത്തിനു പണം ഒഴുകുന്നതിനു തടയിടൽ തുടങ്ങിയ പ്രഖ്യാപിത ലക്ഷ്യങ്ങളൊന്നും അതു നേടിയില്ല. കറൻസിരഹിത സമ്പദ് വ്യവസ്ഥ സൃഷ്ടിക്കാനാണു ശ്രമം എന്നു പ്രധാനമന്ത്രി അടവു മാറ്റി. അതു നടപ്പാക്കാനുള്ള അടിസ്ഥാന സൗകര്യങ്ങളൊന്നും രാജ്യത്തില്ല. നേരിട്ടുള്ള പണം ഇടപാട് പൗരന്റെ അവകാശമാണ്. അതിൽ ഒരാളുടെ സ്വകാര്യതയുമുണ്ട്.

ഡിജിറ്റൽ ഇടപാട് ഇടപാടുകാരനു വൻ നഷ്ടവും ഇടനിലക്കാർക്കു കൊള്ളലാഭവും ഉണ്ടാക്കും. ഇപ്പോഴത്തെ സ്ഥിതിയിൽ 1500 കോടി രൂപയാണു കമ്മിഷൻ ഇനത്തിൽ മൂന്നാമതൊരാളുടെ പക്കൽ ഒരുദിവസമെത്തുന്നത്.രഹസ്യം സൂക്ഷിക്കാനെന്ന പേരിൽ റിസർവ് ബാങ്ക് ഉദ്യോഗസ്ഥരെയും കേന്ദ്രമന്ത്രിമാരെയും മണിക്കൂറുകളോളം തടവിൽ വച്ചു  തികച്ചും നിയമവിരുദ്ധ നടപടികളിലൂടെയാണു നോട്ട് നിരോധനം പ്രഖ്യാപിച്ചത്.

കേന്ദ്ര ധനമന്ത്രിയുമായോ മുൻ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ മൻമോഹൻസിങ്ങുമായോ ഇക്കാര്യം ആലോചിക്കാതിരുന്നത് അവർക്കു രാജ്യ രഹസ്യം സൂക്ഷിക്കാനാവില്ലെന്നു കണ്ടിട്ടാണോ? ധന, ബാങ്കിങ് സെക്രട്ടറിമാർ, പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഡോ. അരവിന്ദ് സുബ്രഹ്മണ്യം തുടങ്ങിയവരോടുപോലും കൂടിയാലോചിച്ചില്ല. തന്റെ പ്രവൃത്തി ശരിയാണെന്നു വാദിക്കാനാണു രാഷ്ട്രീയ പ്രചാരകൻ കൂടിയായ പ്രധാനമന്ത്രി ഇപ്പോഴും പണിപ്പെടുന്നതെന്നു ചിദംബരം പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അധ്യക്ഷത വഹിച്ചു.

Your Rating: