Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിർമാണച്ചെലവു കുറയ്ക്കാൻ പുതിയ സാങ്കേതികവിദ്യകൾ

house

അസ്തിവാരത്തിന്റെ ആഴവും വണ്ണവും മണ്ണിന്റെ ബലത്തിന് അനുസരിച്ച് ആവശ്യത്തിനുമാത്രം മതി. മണ്ണിനു നല്ല ഉറപ്പുണ്ടെങ്കിൽ അടിസ്ഥാനം പാറച്ചെളി ഉപയോഗിച്ചു കെട്ടാം. എല്ലാ അവസരങ്ങളിലും ഫൗണ്ടേഷൻ കോൺക്രീറ്റ് കൊടുക്കണമെന്നില്ല. ചെങ്കല്ല്, ചുടുകട്ട മുതലായവയും ഉപയോഗിക്കാവുന്നതാണ്. ബേസ്മെന്റ് പാറയോ ചെങ്കല്ലോ ചുടുകട്ടയോ ഉപയോഗിച്ച് കെട്ടാം. ചെളി ഉപയോഗിച്ചു കെട്ടുന്ന അവസരങ്ങളിൽ നല്ല രീതിയിൽ സിമന്റ് ചാന്തുപയോഗിച്ച് പോയിന്റ് ചെയ്യേണ്ടതാണ്.

അസ്തിവാരത്തിനുവേണ്ടി മണ്ണിന്റെ പണി നടക്കുമ്പോൾ തന്നെ വെട്ടിയെടുക്കുന്ന മണ്ണ് മുറിയുടെ ഉൾവശത്ത് ഇടുകയാണെങ്കിൽ ഒരു പരിധിവരെ ബേസ്മെന്റ് ഫില്ലിങ്ങും പ്രത്യേക ചെലവില്ലാതെ തന്നെ പൂർത്തിയാകും. ഉപരിതലത്തിൽ ഉറച്ച പാറക്കെട്ടുള്ള സ്ഥലങ്ങളിൽ അടിസ്ഥാനത്തിന്റെയോ ബേസ്മെന്റിന്റെയോ ആവശ്യമില്ലാതെ ഭിത്തി വരുന്ന ഭാഗങ്ങളിൽ ചെറിയ അനേകം ദ്വാരങ്ങൾ ഉണ്ടാക്കി (zing-zag) അതിൽ ചെറിയ കമ്പിത്തുണ്ടുകൾ ഇറക്കി ഒരു ബെൽറ്റ് മാത്രം പണിതാൽ മതി.

ആർച്ച് രൂപത്തിലുള്ള അടിസ്ഥാനത്തിന്റെ നിർമാണം (arch foundation) നമ്മുടെ പഴക്കം ചെന്ന വീടുകളിൽ കാണാം. ഇവയുടെ ഉപയോഗം സാധാരണയായി ഉറപ്പുള്ളതോ മണൽ നിറഞ്ഞതോ ആയ പ്രദേശങ്ങളിലാണു യോജിക്കുന്നത്. കെട്ടിടങ്ങളുടെ വലുപ്പം അനുസരിച്ച് ആർച്ചിന്റ വലുപ്പത്തിലും കനത്തിലും മാറ്റം വരാം. കൃത്യമായ ആകൃതിയും വലുപ്പവുമുള്ള ഇഷ്ടികയോ കോൺക്രീറ്റ് ബ്ലോക്കുകളോ കരിങ്കൽ കട്ടകളോ ഉപയോഗിച്ച് ഇതു നിർമിക്കാം.

ഉറച്ച മണ്ണ് ലഭ്യമല്ലാത്ത കളിമൺ പ്രദേശങ്ങളിൽ ചെലവു കുറഞ്ഞ മറ്റു മാർഗങ്ങൾ തിരഞ്ഞെടുക്കാം. ചരൽ പൈലുകൾ (sand piling), മുളകൊണ്ടുള്ള പൈലുകൾ (bamboo piling), കോക്കനട്ട് പൈലുകൾ (coconut piling), അടിയിൽ മുഴുപ്പുള്ള കോൺക്രീറ്റ് പൈലുകൾ (under reamed piling), ഗ്രാനുലർ പൈലുകൾ (granular piling), ബോർഡ് കോംപാക്ഷൻ പൈലുകൾ (board compaction piling), പെഡസ്റ്റൽ പൈലുകൾ (pedestal piling), ഹൈപ്പർ ബോളിക് പരാബ്ലോയിക് ഫുട്ടിങ് (hyperbolic parabolic footing), മറ്റു പരമ്പരാഗത മാർഗങ്ങൾ മുതലായവ തിരഞ്ഞെടുത്ത് ഉപയോഗിക്കാം. ഇവയെല്ലാം തന്നെ 20–30 ശതമാനം ഫൗണ്ടേഷൻ കോസ്റ്റ് കുറയ്ക്കും. എന്നാൽ ഇതിനു വിദഗ്ധ മേൽനോട്ടവും ആവശ്യമായ സാങ്കേതിക പഠനങ്ങളും ഉറപ്പുവരുത്തേണ്ടതാണ്.

ഭിത്തിയുടെ നിർമാണം

ഉപയോഗത്തിനനുസരിച്ച് ചുവരുകൾ പലവിധമുണ്ട്. ഓരോന്നും അനുയോജ്യമായ രീതിയിൽ ഡിസൈൻ ചെയ്തു നിർമിക്കുന്നതാണു നല്ലത്. നാടൻ ശൈലികൾ തന്നെയും ശാസ്ത്രീയമായി ഉപയോഗിക്കും. നനയാതെ സൂക്ഷിക്കാൻ കഴിഞ്ഞാൽ ഒറ്റനിലയുള്ള വീടുകളുടെ ചുവരുകൾക്ക് മണ്ണുകൊണ്ടുള്ള കട്ടകൾ മതിയാകും. നാടൻ, ചുടുകട്ട, ചെളി ഉപയോഗിച്ച് കെട്ടി സിമന്റ് ചാന്തുപയോഗിച്ച് പൂശുകയോ, പോയിന്റ് ചെയ്തോ ഉപയോഗിക്കാം. നല്ല ചെങ്കല്ല് രണ്ടുനില വീടുകൾക്ക് സുരക്ഷിതമായി ഉപയോഗിക്കാം. ഒറ്റനില വീടുകൾക്ക് ചെങ്കല്ല് ചെളി ഉപയോഗിച്ച് കെട്ടിയാലും മതിയാകും. എന്നാൽ ചെളി ഉപയോഗിക്കുന്ന സാഹചര്യങ്ങളിൽ ചിതലിന്റെ ശല്യം ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനുവേണ്ട മുൻകരുതലുകൾ കൂടി നിർമാണഘട്ടത്തിൽ സ്വീകരിക്കേണ്ടതാണ്.

ഇഷ്ടിക ചുമരുകൾ ഡിസൈൻ ചെയ്ത് ഉപയോഗിച്ചാൽ മൂന്നുനില വരെയുള്ള കെട്ടിടങ്ങൾക്ക് 9 ഇ‍ഞ്ച് ചുമരു മതിയാകും.

∙ റി ഇൻഫോഴ്സ്ഡ് (Reinforced Brick Work) (കട്ടകൾക്കിടയിൽ കമ്പിയിട്ടു പണിയുന്ന രീതി, ഭൂകമ്പ സാധ്യത പ്രദേശങ്ങളിൽ കൂടുതലായി നിർമിക്കുന്നു), ഗ്രൗട്ടഡ് റീ ഇൻഫോഴ്സ്ഡ് ഇഷ്ടികപ്പണികൾ (grouted reinforced brick work) മുതലായവയും വളരെ ഫലപ്രദമായി ഉപയോഗിക്കാം.

∙ Stabilized Mud Block - സാധാരണ മൺകട്ടകളിൽ 4–5 ശതമാനം സിമന്റോ 4:2 അനുപാതത്തിൽ സിമന്റും കുമ്മായവും ചേർത്തു നിർമിക്കുന്ന മൺകട്ടകൾ 25 ശതമാനം വരെ ചെലവു കുറയ്ക്കുന്നു.

∙ Rubble Filler Block മിച്ചം വരുന്ന പാറക്കഷണങ്ങൾ മോൾഡിൽ നിരത്തി 30–20–15 കനത്തിൽ നിർമിച്ചെടുക്കുന്ന കട്ടകൾ. ഇവയ്ക്ക് 20 ശതമാനത്തോളം വിലക്കുറവുണ്ട്.

∙ Inter Lock Bricks കട്ടകൾക്കു വില കൂടുമെങ്കിലും തേപ്പ് വേണ്ടതില്ലാ എന്നതുകൊണ്ട് മൊത്തത്തിൽ ചെലവു കുറയും.

∙ Lato Blocks ചെങ്കല്ലു പൊടികൊണ്ടു നിർമിച്ചെടുക്കുന്ന കട്ടകൾ. ഈടും ഉറപ്പും കൂടുകയും വില 15 ശതമാനത്തോളം കുറയുകയും ചെയ്യും. (ഇവയെല്ലാം തന്നെ ലഭ്യമായ സ്ഥലങ്ങൾക്ക് അനുസരിച്ചു വില വ്യത്യാസം വരുന്നതുമാണ്.)

ഇതുപോലുള്ള നൂതന നിർമാണവസ്തുക്കൾ ഗുണമേന്മയിൽ മെച്ചവും ചെലവു കുറഞ്ഞതുമാണ്. ചുടുകട്ട ഉപയോഗിച്ച്, non-conventional bond അനുസരിച്ച് ചുവരുകൾ നിർമിച്ചാൽ ചുവരിന്റെ കനം കുറയ്ക്കാൻ കഴിയും. എന്നാൽ അകം പൊള്ളയായ ടെറാകോട്ടാ ഹോളോബ്ലോക്കുകൾ (കളിമൺ കട്ടകൾ), പൊള്ളക്കെട്ട് (rat trap bond), ഹോളോ കോൺക്രീറ്റ് ബ്ലോക്കുകൾ (hollow concrete blocks) മുതലായവ ചുവരിന്റെ ചെലവു കുറയ്ക്കുന്നതോടൊപ്പം ചൂടു നിയന്ത്രിക്കുന്നതിലും സഹായിക്കും.

പ്രീഫാബ്രിക്കേറ്റഡ് ഐറ്റംസ് ആയ ഇഷ്ടിക പാനലുകൾ, യൂണിവേഴ്സൽ കോൺക്രീറ്റ് പാനലുകൾ, ജിപ്സം ബോർഡുകൾ, ബൈസൺ ബോർഡുകൾ തുടങ്ങിയവ ചെലവു കുറയ്ക്കുന്നതിനോടൊപ്പം സമയം ലാഭിക്കുന്നതിനും ഗുണമേന്മ വർധിപ്പിക്കുന്നതിനും ഉത്തമമാണ്. 20–25 ശതമാനം വരെയാണ് ഇവ നൽകുന്ന ലാഭം കണക്കാക്കുന്നത്. വിദഗ്ധരുടെ മേൽനോട്ടത്തിൽ മാത്രമേ ഇത്തരം സാങ്കേതികവിദ്യകൾ തിരഞ്ഞെടുക്കാവൂ.

വാതിലുകളും ജനാലകളും

വാതിലുകൾക്കും ജനലുകൾക്കും വിലകൂടിയ തടിയുടെ ആവശ്യമില്ല. ജനാലകൾക്കുമായി വേണ്ടവണ്ണം സംസ്കരിച്ചെടുത്ത റബർതടി പോലുള്ള സോഫ്റ്റ് വു‍ഡുകളും കതക്, കട്ടിള, ജനൽ റാഫ്റ്റർ, ഫർണിച്ചർ മുതലായവയ്ക്കുവേണ്ടി ഉപയോഗിക്കാവുന്നതാണ്. ഫ്രെയിം ഇല്ലാതെ കതകുകളും ജനലുകളും ഭിത്തിയിൽ ഉറപ്പിക്കാവുന്നതാണ്. കോൺക്രീറ്റ് കട്ടിളകളും ജനലുകളും ഉപയോഗിക്കുന്നതു ചെലവു കുറവുണ്ടാക്കുന്നു. പാർട്ടിക്കിൾ ബോർഡുകളുടെ ഉപയോഗം ലേബർ ചാർജ് കുറയ്ക്കുന്നു. ഫെറോസിമന്റ് ഷട്ടറുകളും ലാഭകരമായി കതകിനുവേണ്ടി ഉപയോഗിക്കാം. ഇവയിൽ നിന്നു 30 ശതമാനം ലാഭം കണക്കാക്കാം.

ലിന്റൽ


കതകുകൾ, ജനലുകൾ, മറ്റു വാതിലുകൾ മുതലായവയുടെ മുകളിൽ സാധാരണയായി ലിന്റലുകളും ലിന്റൽ ബീമുകളും കൊടുക്കേണ്ടതായിട്ടുണ്ട്. ഇതിനു വളരെ ചെലവു വരുന്നതാണ്. ലിന്റൽ ബീമുകൾക്കു പകരം ഇഷ്ടിക ആർച്ചുകൾ കൊടുത്താൽ ലാഭത്തോടൊപ്പം ഭംഗിയും ലഭിക്കും. പ്രീ കാസ്റ്റ് ലിന്റലിന്റെ ഉപയോഗം ഷട്ടറിങ് ചാർജ് കുറയ്ക്കാൻ ഇടയാക്കുന്നു. രണ്ടു ചുടുകട്ട ചെരിച്ചുവച്ചതിനുശേഷം ഇടയ്ക്കുള്ള സ്ഥലത്ത് കമ്പി നിരത്തി കോൺക്രീറ്റ് ചെയ്യുകയാണെങ്കിലും ചെലവു കുറയ്ക്കാം. Lintel cum door window ഉപയോഗിക്കുന്നത് ലിന്റലിന്റെ ചെലവ് ഒഴിവാക്കാൻ ഇടയാക്കും.

മേൽക്കൂര

കെട്ടിടം പണിയുടെ ഏതാണ്ട് 20 ശതമാനം ചെലവ് മേൽക്കൂര നിർമിക്കാൻ ആവശ്യമാണ്. വിവിധതരം ഷീറ്റുകൾ, ഓട് തുടങ്ങിയവ ഉപയോഗിച്ചാലും സീലിങ് ചെയ്യുന്നതിന്റെ ചെലവ് കോൺക്രീറ്റിനൊപ്പം എത്തുന്നതായി കാണാം. ഏറ്റവും ചെലവു കുറഞ്ഞ ഓല, പുല്ല് തുടങ്ങിയവയ്ക്ക് ആദ്യം വേണ്ടിവരുന്ന ചെലവു കുറയുമെങ്കിലും ആവർത്തന ചെലവ് വളരെ കൂടുതലാണ്. എന്നാൽ improved thatch ഉപയോഗിച്ചാൽ ആവർത്തന ചെലവു കുറയും. കോൺക്രീറ്റ് മേൽക്കൂരകളുടെ പ്രസക്തി വളരെ വർധിച്ചിരിക്കുന്ന ഈ അവസരത്തിൽ സിമന്റിന്റെയും ഉരുക്കിന്റെയും വിലവർധന ഇവ സാധാരണക്കാർക്ക് താങ്ങാൻ കഴിയുന്നതിനപ്പുറമായിരിക്കുന്നു.

അതിനാൽ നൂതന സാങ്കേതിക വിദ്യകളിലധിഷ്ഠിതമായിട്ടുള്ള ഫില്ലർ സ്ലാബുകൾ (ഓടുവച്ചു വാർക്കുന്ന രീതി), ഫ്യൂണിക്കുലർ ഷെല്ലുകൾ (കോൺക്രീറ്റ് ഷെല്ലുപോലുണ്ടാക്കി ഒരിഞ്ചു കനത്തിൽ വാർക്കുന്ന രീതി), ബ്രിക്ക് ആർച്ച് റൂഫ്, പ്രീകാസ്റ്റ് കോൺക്രീറ്റ് ചാനൽ യൂണിറ്റുകൾ (ഒരിഞ്ചു കനത്തിൽ സ്ലാബുകൾ നിർമിച്ച് അതു വാർക്കയ്ക്ക് ഉപയോഗിക്കുന്ന രീതി. പുനരധിവാസ പ്രദേശങ്ങളിൽ ഒരുപാടു വീടുകൾ ഒന്നിച്ചു നിർമിക്കുമ്പോൾ ഈ രീതി അവലംബിക്കാറുണ്ട്.), എൽ പാനലുകൾ, ഹുരുഡീസ് യൂണിറ്റുകൾ, ഫോൾഡഡ് പ്ലേറ്റുകൾ (ഓഡിറ്റോറിയം പള്ളി പോലുള്ള സ്ഥലങ്ങളിൽ ബീം കോളം എന്നിവയില്ലാതെ തന്നെ നിർമിക്കാവുന്നത്), ഫൈബർ റീ ഇൻഫോഴ്സ്ഡ് റൂഫിങ് (കയർ, ഗ്ലാസ് മുതലായവ കോൺക്രീറ്റിനൊപ്പം ചേർത്തു ബലപ്പെടുത്തുന്ന രീതി) മുതലായവ വളരെ ലാഭകരമായി ഉപയോഗിക്കാൻ കഴിയും. ശാസ്ത്രീയ പരിശീലനം ലഭിച്ചിട്ടുള്ള സാങ്കേതിക വിദഗ്ധരുടെ സേവനം മേൽപ്പറഞ്ഞ നിർമാണ സങ്കേതങ്ങൾ നടപ്പിലാക്കുമ്പോൾ ഉറപ്പുവരുത്തേണ്ടതാണ്.

ഫ്ലോറിങ്

ചെലവു കുറഞ്ഞതും കൂടുതൽ ആകർഷണീയവുമായ ക്ലേ ഫ്ലോർ ടൈൽസ്, ബ്രിക്ക്, ബ്രിക്ക് ബാറ്റ്സ് മുതലായവ ഫ്ലോറിങ്ങിന് ലാഭകരമായി ഉപയോഗിക്കാം. മൊസെയ്ക് ചിപ്പ്സിനു പകരം സ്റ്റോൺ ചിപ്സ് ഉപയോഗിക്കാവുന്നതാണ്. സിമന്റ്, ഫ്ലൈ ആഷ്, മണൽ ഇവ പ്രത്യേക അനുപാതത്തിൽ ഉപയോഗിക്കുന്നതും ഫ്ലോറിങ്ങിന് ഉചിതമായിരിക്കും. പിവിസി തറയോടുകൾ, സിമന്റ് കോൺക്രീറ്റ് തറയോടുകൾ മുതലായവയും ഫ്ലോറിങ്ങിനു ലാഭകരമായി ഉപയോഗിക്കാം.

പ്രബലിത സിമന്റ് കൂട്ടുകൾ – (ഫെറോ സിമന്റ് യൂണിറ്റുകൾ)


ഇന്ന് ഫെറോ സിമന്റിന്റെ ധാരാളം ഉൽപന്നങ്ങൾ നിലവിലുണ്ട്. ഫെറോ സിമന്റ് ജലസംഭരണികൾ, ഫെറോ സിമന്റ് കഴുക്കോൽ, പട്ടിക, ഫെറോ സിമന്റ് സെപ്റ്റിക് ടാങ്കുകൾ, ഫെറോ സിമന്റ് പാൽ സംഭരണികൾ, ഫെറോ സിമന്റ് കുളിമുറികൾ, കക്കൂസുകൾ, ഫെറോ സിമന്റ് വാതിലുകൾ, ബയോഗ്യാസ് പ്ലാന്റുകൾ, സ്വിമ്മിങ് പൂളുകൾ, മതിലുകൾ, സീലിങ്, ഉദ്യാനശിൽപ്പങ്ങൾ മുതലായവ ഇതിൽ ചിലതാണ്. ഏതാണ്ട് മുപ്പതു ശതമാനത്തോളം ചെലവ് കുറഞ്ഞതുമാകയാൽ ഇവയുടെ സാധ്യത ശരിയായ രീതിയിൽ പ്രയോജനപ്പെടുത്തേണ്ടതാണ്.

അടിയിൽ മുഴുപ്പുള്ള കോൺക്രീറ്റ് പൈലുകൾ (under reamed piling) സാധാരണ പൈലിങ് നടത്തുമ്പോൾ പാറ കിട്ടുന്നതുവരെ പൈലിങ് ഇറക്കും. എന്നാൽ ഈ രീതിയിൽ പൈൽ ചെയ്യുമ്പോൾ മണ്ണിന് ഉറപ്പുള്ള നിലയെത്തുമ്പോൾ (stable zone) ആ ഭാഗത്ത് കോൺക്രീറ്റ് മുഴുപ്പ് ഉണ്ടാക്കുന്നു. ഒരു നിലക്കെട്ടിടങ്ങൾക്ക് ഇതു ധാരാളം മതി. മണ്ണിന്റെ ഘടനയ്ക്കനുസരിച്ചാണ് ഏതു വേണമെന്നു നിർമാണ ഘട്ടത്തിൽ തീരുമാനിക്കുക.

ഗ്രാനുലർ പൈലുകൾ (granular piling) മണലിനുപകരം ഗ്രാവൽ ഇട്ടു സെറ്റ് ചെയ്തെടുക്കുന്നവയാണിവ.

ബോർഡ് കോംപാക്ഷൻ പൈലുകൾ (board compaction piling), പെഡസ്റ്റൽ പൈലുകൾ (pedestal piling), ഹൈപ്പർബോളിക് പരാബ്ലോയിക് ഫൂട്ടിങ് (hyperbolic parabolic footing) തുടങ്ങിയവ മണ്ണിന് ഉറപ്പു കുറഞ്ഞ സ്ഥലങ്ങളിൽ 30 ശതമാനം ചെലവു കുറയ്ക്കാനായി തിരഞ്ഞെടുക്കാം.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.