Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റെയിൽ യാത്രക്കാർക്കുള്ള ആധുനിക സൗകര്യങ്ങൾ ഉദ്ഘാടനം ചെയ്തു

rail-facility-inaguration തിരുവനന്തപുരത്തു സംസ്ഥാനത്തെ ട്രെയിൻ യാത്രക്കാർക്കു വേണ്ടിയുള്ള ആറ് ആധുനിക സൗകര്യങ്ങളുടെ ഉദ്ഘാടനച്ചടങ്ങിൽ കേന്ദ്രമന്ത്രി സുരേഷ് പ്രഭുവും മുഖ്യമന്ത്രി പിണറായി വിജയനും. വി.എസ്.ശിവകുമാർ എംഎൽഎ, മന്ത്രി ജി.സുധാകരൻ, സി.പി.നാരായണൻ എംപി, ഒ.രാജഗോപാൽ എംഎൽഎ എന്നിവർ സമീപം. ചിത്രം: മനോരമ.

തിരുവനന്തപുരം∙ സംസ്ഥാനത്തെ റെയിൽ യാത്രക്കാർക്കു വേണ്ടിയുള്ള ആറ് ആധുനിക സൗകര്യങ്ങൾ കേന്ദ്രമന്ത്രി സുരേഷ് പ്രഭുവും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്ന് ഉദ്ഘാടനം ചെയ്തു.

തലസ്ഥാനത്തു വനിതാ സൗഹൃദ സെന്റർ, കൊല്ലം ജംക്‌ഷനിൽ സൗജന്യ വൈഫൈ– എൽഇഡി ഡിസ്പ്ലേ ബോർഡ്– വനിതാ വിശ്രമമുറി, കണ്ണൂർ സ്റ്റേഷനിൽ എസ്കലേറ്റർ, എറണാകുളം ടൗൺ സ്റ്റേഷനിൽ എസി വിശ്രമമുറി എന്നിവയാണു തലസ്ഥാനത്തു നിന്നു വിഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തത്. സംസ്ഥാനവും കേന്ദ്രവും തമ്മിലുള്ള മാതൃകാപരമായ പങ്കാളിത്തത്തിലൂടെ കേരളത്തിൽ റെയിൽവേ വികസനം സാധ്യമാവുമെന്നു സുരേഷ് പ്രഭു പറഞ്ഞു. തിരുവനന്തപുരത്തു റെയിൽവേ മെഡിക്കൽ കോളജ് പദ്ധതി കേന്ദ്ര ആരോഗ്യ മന്ത്രാലയവുമായി ചർച്ച ചെയ്തു പുനരുജ്ജീവിപ്പിക്കുമെന്നും 2016–17ൽ കേരളത്തിലെ റെയിൽ വികസനത്തിന് 1014 കോടി രൂപ ചെലവഴിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഡൽഹിയിൽ നിന്നു പുറപ്പെട്ടു കേരളത്തിൽ എത്തുമ്പോഴേക്കും എല്ലാ ഫണ്ടും അവസാനിക്കുന്ന പോലെയായിരുന്നു മുൻകാല റെയിൽവേ ബജറ്റുകൾ എന്നു സുരേഷ് പ്രഭു പറഞ്ഞു. ഈ രീതിക്കു നരേന്ദ്ര മോദി സർക്കാർ മാറ്റം വരുത്തുകയാണ്. കേന്ദ്രവും സംസ്ഥാനവും വികസനത്തിൽ കൈകോർക്കുന്ന മാതൃകയാണു കേരളത്തിൽ നടപ്പാവുന്നത്. രാജ്യത്തെ 100 റെയിൽവേ സ്റ്റേഷനുകളിൽ സൗജന്യ വൈഫൈ സംവിധാനം ഏർപ്പെടുത്തും.

വിമാനത്താവളങ്ങളെക്കാൾ മികച്ച സൗകര്യങ്ങളുള്ള ടെർമിനലുകൾ വികസിപ്പിക്കുകയാണു റെയിൽവേയുടെ ലക്ഷ്യം. വിവിധ ദേശസാൽകൃത ബാങ്കുകളും ഇതുമായി സഹകരിക്കും. എൽഇഡി ബോർഡുകളിൽ നിന്നു പരസ്യവരുമാനം സൃഷ്ടിക്കുന്നതു പോലെ കൂടുതൽ വരുമാനസ്രോതസുകൾ കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു.

റെയിൽവേയിൽ സ്ത്രീസുരക്ഷയ്ക്കു കൂടുതൽ പരിഗണന നൽകേണ്ടതുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. മന്ത്രി ജി.സുധാകരൻ, സി.പി.നാരായണൻ എംപി, എംഎൽഎമാരായ വി.എസ്.ശിവകുമാർ, ഒ.രാജഗോപാൽ, ദക്ഷിണ റെയിൽവേ ജനറൽ മാനേജർ വസിഷ്ഠ ജോറി, ഡിആർഎം പ്രകാശ് ഭൂട്ടാനി എന്നിവർ പ്രസംഗിച്ചു. 

related stories
Your Rating: