Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാജധാനി എക്സ്പ്രസ് 5 ദിവസമാക്കും, കേരളത്തിലെ ട്രെയിനുകളിൽ ബയോ ടോയ്‍ലറ്റ് നടപ്പിലാക്കും

തിരുവനന്തപുരം∙ രാജധാനി എക്സ്പ്രസ് ആഴ്ചയിൽ അഞ്ചു ദിവസമാക്കുമെന്നും വെളിയിട വിസർജനരഹിത സംസ്ഥാനമായി പ്രഖ്യാപിച്ചിട്ടുള്ളതിനാൽ കേരളത്തിലെ ട്രെയിനുകളിൽ ബയോ ടോയ്‌ലറ്റ് സംവിധാനം നടപ്പാക്കുമെന്നും കേന്ദ്രമന്ത്രി സുരേഷ് പ്രഭുവിന്റെ ഉറപ്പ്. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്.

റെയിൽവേയുടെ പ്രശ്‌നങ്ങളെക്കുറിച്ചു സമഗ്ര പഠനം നടത്താൻ റൈറ്റ്‌സിനെ ചുമതലപ്പെടുത്തും. ഹരിപ്പാട്- എറണാകുളം, തിരുവല്ല-കുറുപ്പന്തറ റെയിൽപാത ഇരട്ടിപ്പുമായി ബന്ധപ്പെട്ട നടപടികൾ വേഗത്തിലാക്കുമെന്നും സ്ഥലമെടുപ്പിനു പണം അപ്പപ്പോൾ അനുവദിക്കുമെന്നും കേന്ദ്ര മന്ത്രി മുഖ്യമന്ത്രിയെ അറിയിച്ചു. തിരുവനന്തപുരം-നാഗർകോവിൽ-കന്യാകുമാരി പാത വികസനത്തിന് അടുത്ത ബജറ്റിൽ പണം നീക്കിവയ്ക്കും. അങ്കമാലി-എരുമേലി-ശബരി റെയിൽപാതയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കും ബജറ്റിൽ തുക വകയിരുത്തും. കഞ്ചിക്കോട് റെയിൽ ഫാക്ടറി പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ തുടങ്ങാൻ ശ്രമം നടക്കുകയാണ്.

കാലപ്പഴക്കമുള്ളവയ്ക്കു പകരം പുതിയ കോച്ചുകൾ അനുവദിക്കുന്നത് അനുഭാവത്തോടെ പരിഗണിക്കും. റെയിൽവേ സ്റ്റേഷനുകൾ ആധുനികീകരിക്കാനുള്ള നടപടികൾ തുടരുമെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് അതിവേഗ ട്രെയിനുകൾ അനുവദിക്കണമെന്നു മുഖ്യമന്ത്രി അഭ്യർഥിച്ചു. കേരളത്തിലെ ട്രാക്കുകളുടെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങൾ മുഖ്യമന്ത്രി കേന്ദ്ര ശ്രദ്ധയിൽപെടുത്തി. ഉചിതമായ നടപടി ഉണ്ടാകുമെന്നു സുരേഷ് പ്രഭു ഉറപ്പു നൽകി. മന്ത്രി ജി.സുധാകരൻ, ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദ്, അഡീഷനൽ ചീഫ് സെക്രട്ടറി നളിനി നെറ്റോ, ദക്ഷിണ റെയിൽവേ ജനറൽ മാനേജർ വസിഷ്ഠ ജോഹ്‌രി എന്നിവർ സംബന്ധിച്ചു. 

related stories
Your Rating: