Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എയർസെൽ സ്പെക്ട്രം കൈമാറുന്നത് സുപ്രീം കോടതി തടഞ്ഞു

Supreme Court on spectrum case

ന്യൂഡൽഹി∙ എയർസെല്ലിൽനിന്നു മലേഷ്യൻ കമ്പനി മാക്സിസ് വാങ്ങിയ 2ജി സ്പെക്ട്രം മറ്റാർക്കെങ്കിലും കൈമാറുന്നത് സുപ്രീംകോടതി വിലക്കി. യുപിഎ സർക്കാരിൽ ടെലികോം മന്ത്രിയായിരുന്ന ദയാനിധി മാരൻ, സഹോദരൻ കലാനിധി മാരൻ എന്നിവർ ചെന്നൈ വ്യവസായി സി.ശിവശങ്കരനെ ഭീഷണിപ്പെടുത്തി അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്ന 2ജി ലൈസൻസുകൾ മലേഷ്യൻ കമ്പനിക്കു കൈമാറിയെന്ന കേസ് നേരത്തെതന്നെ നിലവിലുണ്ട്. ഈ കേസിൽ മാക്സിസ് ഉടമയായ മലേഷ്യൻ പൗരൻ ടി. ആനന്ദകൃഷ്ണ‍ൻ ഇതുവരെ ഹാജരാകാത്തതിനെ രൂക്ഷമായി വിമർശിച്ചാണ് സുപ്രീംകോടതി മാക്സിസിന്റെ ഇടപാടുകൾ മരവിപ്പിച്ചത്.

അനധികൃതമായി സ്വന്തമാക്കിയ സ്പെക്ട്രം വിറ്റ് ആയിരക്കണക്കിനുകോടി രൂപ ലാഭമുണ്ടാക്കാനള്ള മാക്സിസിന്റെ നീക്കം തടയണമെന്നാവശ്യപ്പെട്ട് പ്രശാന്ത് ഭൂഷണാണ് കോടതിയെ സമീപിച്ചത്. മാരൻ സഹോദരന്മാർക്കെതിരെ നടപടി വന്നിട്ടും മലേഷ്യൻ കമ്പനിക്കെതിരെ ഒന്നുമുണ്ടായില്ലെന്നും കേസ് നിലനിൽക്കുമ്പോൾത്തന്നെ അവർ എയർടെല്ലുമായും അനിൽഅംബാനിയുടെ റിലയൻസ് കമ്യൂണിക്കേഷന്‍സുമായും സ്പെക്ട്രം വിൽപന ഇടപാടിനു നീക്കം നടത്തുന്നതായും ഹർജിയിൽ ആരോപിച്ചിരുന്നു.

ഇന്ത്യയുടെ നീതിന്യായ വ്യവസ്ഥയെ മാനിക്കാത്ത ആനന്ദകൃഷ്ണനും കൂട്ടാളികളും രാജ്യത്തിന്റെ പ്രകൃതിവിഭവമായ സ്പെക്ട്രം (മൊബൈൽ ടെലികോം സേവനത്തിനാവശ്യമായ റേഡിയോ തരംഗങ്ങൾ) കൈവശപ്പെടുത്തുകയും വൻ ഇടപാടുകൾ നടത്തുകയും ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്നു കോടതി പറഞ്ഞു. രണ്ടാഴ്ചയ്ക്കകം പ്രതികൾ കോടതിയിൽ ഹാജരാകണം.

കേസിന്റെ നടപടികൾ എയർസെൽ വരിക്കാർക്കു ബുദ്ധിമുട്ടാകാതിരിക്കാൻ ടെലികോം വകുപ്പ് നടപടിയെടുക്കണമെന്നും കോടതി നിർദേശിച്ചു. മലേഷ്യയിലെ രണ്ടു പ്രമുഖ പത്രങ്ങളിൽ കോടതി ഉത്തരവു സംബന്ധിച്ചു പരസ്യം നൽകാനും നിർദേശമുണ്ട്.

600 കോടിയുടെ അഴിമതിയാണ് മാരന്മാരുടെ നേതൃത്വത്തിൽ നടന്നതെന്നു സിബിഐ കണ്ടെത്തിയിരുന്നു. സി.ശിവശങ്കരനു(എയർസെൽ) ലഭിച്ച ലൈസൻസ് സാങ്കേതിക കാരണങ്ങൾ പറഞ്ഞു കൈമാറാതിരുന്ന ടെലികോം മന്ത്രി ദയാനിധി മാരൻ, മാക്സിസ് ഗ്രൂപ്പിനു എയർസെലിന്റെ ഉടമസ്ഥത കിട്ടിയ ഉടൻ ലൈസൻസ് നൽകുകയായിരുന്നു. മാരൻ കുടുംബത്തിന്റെ സൺ ഡയറക്ട് ടിവിയിലും സൗത്ത് എഷ്യ എന്റർടെയ്ന്‍മെന്റിലും മാക്സിസ് ഗ്രൂപ്പ് ഓഹരിപങ്കാളിത്തമെടുത്തതിനുള്ള പ്രത്യുപകാരമായാണ് എയർസെലിന്റെ ഉടമസ്ഥതയും 2ജി ലൈസൻസും മാക്സിസിനു വിൽപന നടത്തിച്ചത്. 

related stories