Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓഹരി വിപണികളിൽ പുലിപ്പേടി; ഡിസംബറിൽ യഥാർഥ പുലി ഇറങ്ങിയാലോ?

Stock Exchange

കേരളം മുഴുവൻ പുലി തരംഗം വന്നപ്പോൾ മുംബൈയിലും ഒരു തരത്തിലുള്ള പുലിപ്പേടിയാണെന്നു പറയാം. പക്ഷേ പേടി വിദേശപ്പുലിയെയാണെന്നു മാത്രം. പുലി വരുന്നേ, പുലി വരുന്നേ... എന്നു കേട്ടു പേടിക്കാൻ തുടങ്ങിയിട്ടു മൂന്നു വർഷം കഴിഞ്ഞെങ്കിലും ഇപ്പോഴും ലോകവിപണികൾക്കെല്ലാം പേടിയാണ് ഈ അമേരിക്കൻ പുലിയെ. അല്ലെങ്കിൽ അമേരിക്കയിലെ തൊഴിലില്ലായ്മ 46 വർഷത്തെ ഏറ്റവും താഴ്ന്ന സ്ഥിതിയിലെത്തി എന്നു കേൾക്കുമ്പോഴേക്കും ലോകവിപണികളുടെ സൂചികകളെല്ലാം തലതാഴ്ത്തി മാളത്തിലൊളിച്ചത് എന്തിനാണ്? കഴിഞ്ഞ ആഴ്ച പുറത്തുവന്ന മിനിട്ട്സിലെ മെച്ചപ്പെട്ട തൊഴിൽ കണക്കുകൾ ഡിസംബറിൽ പലിശ ഉയർത്താൻ പ്രേരിപ്പിച്ചേക്കും എന്ന ഊഹത്തിൻമേലാണു ലോകവിപണികൾ പോയ ആഴ്ച ചോരവീഴ്ത്തിയത്. ഇങ്ങനെ പോയാൽ യഥാർഥ പുലി ഇറങ്ങുന്ന ഡിസംബറിലെ സ്ഥിതി എന്താകും?

∙ നഷ്ടങ്ങളുടെ ആഴ്ച

പകുതി അമേരിക്കയെ പേടിച്ചും ബാക്കി ഐടി വമ്പൻമാരുടെ തകർച്ചയിലും ഇന്ത്യൻ ഓഹരി വിപണികൾക്കു വീഴ്ചകൾ മാത്രം സംഭവിച്ച ആഴ്ചയാണു കടന്നുപോയത്. മുംബൈ സ്റ്റോക്ക് എക്സേഞ്ച് സൂചികയായ സെൻസെക്സ് 27,673 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. 388 പോയിന്റ് അഥവാ 1.3 ശതമാനം നഷ്ടം. നിഫ്റ്റിയും 114 പോയിന്റ് (1.3 ശതമാനം) ഇടിവു രേഖപ്പെടുത്തി. രൂപയ്ക്കും സംഭവിച്ചു ഡോളറിനെതിരെ മൂല്യനഷ്ടം.

∙ ഇളക്കം തട്ടി മിഡ്ക്യാപും സ്മോൾ ക്യാപും

എന്തൊക്കെ സംഭവിച്ചാലും ഇളകില്ലെന്ന പ്രഖ്യാപനത്തോടെ നിന്ന ചെറുകിട–ഇടത്തരം സ്റ്റോക്കുകളും കഴിഞ്ഞയാഴ്ച തല കുനിച്ചു. ആഗോള വീഴ്ചകളുടെ പിന്നാലെ മിഡ്ക്യാപും സ്മോൾ ക്യാപും ഇടിഞ്ഞു. കടുത്ത വിൽപനാ സമ്മർദ്ദമാണ് ചെറുകിട ഓഹരികളിൽ നേരിട്ടത്. ബിഎസ്‌സി മിഡ്ക്യാപ് .9 ശതമാനം ഇിടിവു രേഖപ്പെടുത്തി. സ്മോൾ ക്യാപിൽ .3 ശതമാനമാണ് ഇടിവ്.

∙ഇടിവ് ഇങ്ങനെ

∙ ബിഎസ്‌സി റിയൽറ്റി ഇൻഡെക്സ്– 2.6ശതമാനം
∙ ബിഎസ്‌സി ബാങ്കെക്സ്– 1.9 ശതമാനം
∙ ബിഎസ്‌സി പവർ ഇൻഡെക്സ് –1.3 ശതമാനം
∙ ബിഎസ്‌സി ഓട്ടോ ഇൻഡെക്സ്– 1.3 ശതമാനം
∙ ബിഎസ്‌സി മെറ്റൽ ഇൻഡെക്സ്– .9 ശതമാനം
∙ ബിഎസ്‌സി ഐടി ഇൻഡെക്സ് – .7 ശതമാനം
∙ ബിഎസ്‌സി ഓയിൽ ആൻഡ് ഗ്യാസ്– ശതമാനം
∙ ബിഎസ്‌സി ക്യാപിറ്റൽ ഗുഡ്സ് ഇൻഡെക്സ്– .3 ശതമാനം

നിഫ്റ്റി50 ൽ ഏറ്റവും ഇടിവു നേരിട്ട ഓഹരി സീ എന്റർടൈൻമെന്റാണ്. 7.6 ശതമാനമാണ് ഇടിവ്. ഐഡിയ സെല്ലുലാർ ഓഹരി 6.6 ശതമാനം ഇടിവു രേഖപ്പെടുത്തി. ബാങ്ക് ഓഫ് ബറോഡ ഓഹരിക്കും 6 ശതമാനം നഷ്ടമുണ്ടായി. അദാനി പോർട്സ്, എയർടെൽ തുടങ്ങിയ ഓഹരികളിലും വിൽപ്പനാ സമ്മർദം നേരിട്ടു.

∙ നഷ്ടത്തിലും നേട്ടം

കനത്ത നഷ്ടത്തിലും പിടിച്ചു നിൽക്കുകയും തിരിച്ചു വരവു നടത്തുകയും ചെയ്ത ഓഹരികളുമുണ്ട്. ഗെയ്ൽ ഓഹരി പോയ ആഴ്ചയിൽ നാലു ശതമാനം നേട്ടമുണ്ടാക്കി. അൾട്രാ ടെക് സിമന്റ്സ്, ഏഷ്യൻ പെയിന്റ്സ് ഓഹരികളും തിളങ്ങി.

∙ പേടി എന്തിന്

2008 ലെ പ്രതിസന്ധിയിൽ നിന്നു വിടുതൽ പ്രാപിക്കുന്ന അമേരിക്ക സാമ്പത്തിക വളർച്ചയെ തൂക്കിനോക്കുന്ന അളവുകോലാണ്, രാജ്യത്തു സൃഷ്ടിക്കപ്പെടുന്ന തൊഴിലവസരങ്ങളുടെ എണ്ണവും തൊഴിലില്ലായ്മയും. തൊഴിൽ രഹിതരുടെ എണ്ണത്തിലുണ്ടായ നിർണായക കുറവ് പലിശ നിരക്കുകൾ ഉയർത്തി, രാജ്യത്തെ നിക്ഷേപം മടക്കി കൊണ്ടുവരുന്ന സാഹചര്യമൊരുക്കാനുള്ള തീരുമാനങ്ങളെടുക്കാൻ അമേരിക്കയെ പ്രേരിപ്പിക്കും. പൂജ്യത്തോട് അടുത്തു നിൽക്കുന്ന നിക്ഷേപത്തിനുള്ള പലിശ നിരക്ക് ഉയർത്തിയാൽ നിലവിൽ വിവിധ രാജ്യങ്ങളിൽ നിക്ഷേപം നടത്തിയിട്ടുള്ള വൻ നിക്ഷേപകർ സ്വന്തം രാജ്യത്തേക്കു പിൻവാങ്ങും. ഇതു മറ്റു രാജ്യങ്ങൾക്കുണ്ടാക്കുന്ന ക്ഷീണം ചെറുതായിരിക്കില്ല. തുടർന്നുണ്ടേയാക്കാവുന്ന ഡോളർ പ്രതിസന്ധി എല്ലാ രാജ്യങ്ങളുടെ കറൻസിയുടെ മൂല്യവും ഇടിക്കും.

ഡിസംബറിൽ നടക്കുന്ന ഫെ‍ഡറൽ റിസർവ് യോഗത്തി‍ൽ പലിശ ഉയർത്തൽ പ്രഖ്യാപനമുണ്ടാകുമെന്ന പേടിയാണു കഴിഞ്ഞ ദിവസം ലോക വിപണികളെ ഉലച്ചത്. ജർമ്മനിയും ലണ്ടനും ഏഷ്യൻ രാജ്യങ്ങളുമെല്ലാം ഉലഞ്ഞപ്പോൾ ഇന്ത്യക്കും പിടിച്ചു നിൽക്കാനായില്ല.

∙ വീണ്ടും തളർന്ന് ചൈന

സെപ്റ്റംബറിലെ വ്യാപാരക്കണക്കുകൾ പുറത്തു വന്നപ്പോൾ ചൈനയ്ക്കു വീണ്ടും ക്ഷീണമാണുണ്ടായത്. 10 ശതമാനം കയറ്റുമതി കുറഞ്ഞു. ഉത്പന്ന ഇറക്കുമതി കുറക്കുവാനുള്ള തീരുമാനം ഇന്ത്യ കൂടി എടുത്താൽ ചൈനയുടെ കണക്കുകളിൽ ഇനിയും ചോര പൊടിയും. ചൈനീസ് വിപണികളിലെ തകർച്ച ലോകത്തിലെ എല്ലാ വിപണികളെയും ബാധിക്കുകയും ചെയ്യും. ഇതു കൂടാതെ ബ്രെക്സിറ്റിന്റെ വേദന ആഗോള വിപണികളിൽ നിന്നു മാറിയിട്ടില്ല. ദുഖങ്ങൾ വരുമ്പോൾ ഈ കാരണം കൂടി കണ്ണീരിന്റെ ആളവ് ഓരോ തവണയും കൂട്ടുന്നുമുണ്ട്.

∙ തലകുനിച്ച് ഐടി വമ്പൻമാർ

ഒന്നും രണ്ടും സ്ഥാനങ്ങളിൽ നിൽക്കുന്ന രാജ്യത്തെ ഐടി വമ്പൻമാരായ ടിസിഎസും ഇൻഫോസിസുമാണു കഴിഞ്ഞ ആഴ്ചയിൽ ഇന്ത്യൻ വിപണിയെ കൂടുതൽ നിരാശരാക്കിയത്. രണ്ടാം പാദ ഫലത്തിൽ നേട്ടമായിരുന്നിട്ടുപോലും നിക്ഷേപകർ ഓഹരികളെ കൈവിട്ടു. വരും വർഷത്തെ പ്രതീക്ഷിത വളർച്ചാ ശതമാനം കുറച്ചുകൊണ്ടു രണ്ടാംപാദ ഫലം പ്രഖ്യാപിച്ച ഇൻഫി മേധാവി വിശാൽ സിക്കയുടെ വാക്കുകളെ നിക്ഷേപകർ കണ്ണീരോടെയാണു സ്വീകരിച്ചത്.

∙ പ്രവചനാതീതം ഈ ആഴ്ച

ആഗോള സാഹചര്യങ്ങളെ അനുസരിച്ചയിരിക്കും ഈ ആഴ്ച ഓഹരി വിപണികൾ നീങ്ങുക. എങ്കിലും ആഭ്യന്തര കാര്യങ്ങളും വിപണിയെ സ്വാധീനിക്കും. പനജിയിൽ നടക്കുന്ന ബ്രിക്സ് സമ്മേളനം വിപണികൾക്ക് ആശ്വാസം നൽകിയേക്കാം. ബിഎസ്‌സിയിലെ 98 കമ്പനികളുടെ രണ്ടാംപാദ ഫലങ്ങളാണ് ഈ ആഴ്ച വരാനുള്ളത്. കൂടുതലും ശനിയാഴ്ചയായതിനാൽ വിപണികളിൽ വലിയ ചലനങ്ങൾ പ്രതീക്ഷിക്കേണ്ടതില്ല. വിപ്രോ, മൈൻഡ് ട്രീ, അൾട്രാടെക് തുടങ്ങിയ കമ്പനികളുടെ ഫലങ്ങൾ വിപണിയിൽ ചലനമുണ്ടാക്കും. ഇവയ്ക്കെല്ലാം പുറമേ വിദേശത്തുനിന്നുള്ള നിർണായകമായ മൂന്നു കണക്കുകളും വിപണിയെ സ്വാധീനിക്കും.

1. അമേരിക്കയുടെ വ്യവാസായികോത്പാദന കണക്ക്
2. ചൈനയുടെ ജിഡിപി
3. യൂറോപ്യൻ സെൻട്രൽ ബാങ്കിന്റെ പണനയങ്ങൾ

ഇവയെല്ലാം ഈ ആഴ്ചയിൽ പുറത്തുവരും.

ഈ ആഴ്ച

രാജ്യാന്തര കാര്യങ്ങൾ തന്നെയാകും ഈ ആഴ്ചയും ഓഹരി–നാണ്യ വിപണികളെ നിർണയിക്കുക. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.