Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൊത്തോന്നു ചൈന വീഴുമോ..?

chinese-dragon

ചൈനയിലെ ഒരു ജംക്‌ഷനിൽ ഒൻപത് ഫ്ളൈഓവറുകൾ തലങ്ങും വിലങ്ങും താഴേക്കും മുകളിലേക്കും പോകുന്നതു കണ്ടപ്പോൾ മലയാളി നെടുവീർപ്പിട്ടു. നമ്മൾ വൈറ്റിലയിൽ ഒരു ഫ്ളൈഓവർ പണിയാൻ എത്ര കാലമായി ശ്രമിക്കുന്നു! ചൈനയിലാണേൽ നോക്കുന്നിടത്തൊക്കെ മേൽപാലങ്ങളും ഏതു മലമണ്ടയിലും വീതിയുള്ള റോഡുകളും ബുള്ളറ്റ് ട്രെയിനുകളും... പക്ഷേ, ചൈനയെ കണ്ടു പഠിക്കൂ എന്നു പറയാൻ വരട്ടെ, ചൈന വൻ സാമ്പത്തിക പ്രതിസന്ധിയിലേക്കു നീങ്ങുന്നുവെന്നാണ് ഐഎംഎഫിന്റെ പ്രവചനം.

അഞ്ചു വർഷം ചൈനയിൽ ഐഎംഎഫിന്റെ മിഷൻ ചീഫും ഇപ്പോൾ ഏഷ്യപെസിഫിക് വിഭാഗം ഡയറക്ടറുമായ മാർക്കസ് റോഡ്‌ലവെറാണ് ചൈന തകർച്ചയുടെ വക്കിലാണെന്ന വിവരം ലോകത്തെ അറിയിച്ചത്. തകർച്ച വന്നാൽ ലോകസാമ്പത്തിക രംഗം ആപ്പിലാവുമെന്ന് ചില ഹാർവഡ് ഇക്കണോമിക്സ് പ്രഫസർമാരും പറഞ്ഞു. ഹാർവഡ് പ്രഫസർമാർക്കാണല്ലോ സാമ്പത്തിക ശാസ്ത്ര നൊബേൽ സമ്മാനം കൂടെക്കൂടെ കിട്ടുന്നത്. അതോടെ ലോകസാമ്പത്തിക വിശാരദർക്ക് ഇരിക്കപ്പൊറുതിയില്ലാതായി.

ചൈന പൊളിഞ്ഞതിന്റെ കാരണം കടമെടുത്തു ലക്കുംലഗാനുമില്ലാത്ത വികസനമാണത്രെ. ഓക്സ്ഫഡ് സർവകലാശാലയുടെ ബിസിനസ് സ്കൂളിന്റെ പഠനം അനുസരിച്ച് ചൈനയിലെ അടിസ്ഥാന സൗകര്യ നിക്ഷേപത്തിൽ പാതിയും നഷ്ടമാണ്. എന്നു വച്ചാൽ വൻ തോതിൽ പണം ചെലവഴിച്ചുണ്ടാക്കിയ സൗകര്യങ്ങൾ കാര്യമായ സാമ്പത്തിക പ്രയോജനം ഉണ്ടാക്കുന്നില്ല. ഒന്നു വേണ്ടിടത്ത് ഇന്നാ പിടിച്ചോ ഒൻപത് എന്ന ലൈനിലാണു വികസനം. ഒരുതരം ഭ്രാന്തുപിടിച്ച വളർച്ച.

ഇതിനു പുറമേയാണ് കിട്ടാക്കടങ്ങളുടെ പെരുകൽ. ഇന്ത്യയിൽ ആകെ കടം ആഭ്യന്തര ഉൽപാദനത്തിന്റെ 70% മാത്രമെങ്കിൽ ചൈനയിൽ 350 ശതമാനമാണ്. അങ്ങനെ കടമെടുത്ത് വാരിക്കോരി ചെലവഴിച്ചിട്ട് തിരിച്ചടയ്ക്കാൻ മാർഗമില്ല. നമ്മൾ വേവലാതിപ്പെടുന്ന ഇന്ത്യയുടെ കിട്ടാക്കടം എത്രയാണെന്നറിയാമോ? സുമാർ ആറു ലക്ഷം കോടി രൂപ. ചൈനയുടെ കിട്ടാക്കടം അതിന്റെ പത്തിരട്ടിയിലേറെ. ഒരു ട്രില്യൺ ഡോളർ– 65 ലക്ഷം കോടി രൂപയാണു ചൈനയുടെ കിട്ടാക്കടം!! ആകെ കടത്തിന്റെ 20% വരെ അവിടെ കിട്ടാക്കടമാണ്. മുടിയാൻ അധിക കാലമില്ലെന്നതു വ്യക്തമല്ലേ..??

ചൈനയിലെ ചെറുകിട ബാങ്കുകളിലെ കടങ്ങൾ മിക്കവാറും വ്യാജ വായ്പകളാണ്. ആരൊക്കെയോ വാങ്ങി അതുംകൊണ്ടു മുങ്ങിയിരിക്കുന്നു. പോരാത്തതിന് പൊതുമേഖലാ സ്ഥാപനമെന്ന പേരിൽ അനേകം പൊട്ടിയ കമ്പനികൾ ഇവിടുത്തെ പോലെ അവിടെയുമുണ്ട്. എന്തെങ്കിലും സാമ്പത്തിക പ്രയോജനം ഉണ്ടായിട്ടല്ല, രാഷ്ട്രീയ കാരണങ്ങൾ കൊണ്ടാണു നിലനിർത്തിയിരിക്കുന്നതു തന്നെ. ഈ കമ്പനികൾക്കെല്ലാം വൻ തോതിൽ കടം കൊടുത്തിട്ട് തിരികെ പത്തു പൈസ, സോറി പത്തു യുവാൻ പോലും കിട്ടാത്ത സ്ഥിതിയാണ്.

ഇതു വല്ലതും മിണ്ടാൻ പറ്റുമോ? ഓഹരി വിപണിയിൽ ഇടിവുണ്ടായപ്പോൾ അതെക്കുറിച്ചൊരു വിശകലനം എഴുതിയ പത്രപ്രവർത്തകനെ പിടികൂടി പണി കൊടുത്തിരുന്നു. ഒട്ടും സുതാര്യമല്ലാത്തതിനാൽ എന്തും ചെയ്യാമെന്നാണു സ്ഥിതി. പെട്ടെന്നൊരു ദിവസം എല്ലാം കൂടി ദാ കിടക്കുന്ന സ്ഥിതി വരും. അതാണ് ലോകം ചൈനയെ പേടിക്കുന്നത്.കൂടുതൽ കടം കൊടുക്കാനാവാത്ത സ്ഥിതിയിൽ ചൈനയിൽ ലിക്വിഡിറ്റി വരളും. നിക്ഷേപത്തിനു പണമില്ലാതാകും. ലക്ഷങ്ങൾക്കു തൊഴിൽ നഷ്ടമാകും.

മുൻപ് സമ്പദ് വ്യവസ്ഥ പത്തു ശതമാനത്തിലേറെ വളർന്നുകൊണ്ടിരുന്നപ്പോൾ ഇതൊന്നും പ്രശ്നമായിരുന്നില്ല. ആ വളർച്ച ലോകമാകെ സാമ്പത്തിക വളർച്ചയുണ്ടാക്കി. ലോക സമ്പദ് വ്യവസ്ഥയുടെ മുന്നിൽ കെട്ടിയ കുതിരയാണു ചൈന. ആ കുതിര തളർന്നു വീണാൽ...!

കയറ്റുമതി കുറഞ്ഞു, ഉൽപാദനവും അതനുസരിച്ചു കുറഞ്ഞതിനാൽ ജീവനക്കാരെ വേണ്ടാതായി. ചൈനീസ് നഗരങ്ങളിൽ നിന്ന് ഫാക്ടറി ജീവനക്കാർ നാട്ടിൻപുറങ്ങളിലേക്കു തിരികെ പോകുന്ന കാഴ്ചയാണ്. നഗരത്തിൽ ഗതിപിടിക്കാതെ വരുമ്പോൾ നമ്മളും നാട്ടിൽ ചെന്ന് ഉള്ള കഞ്ഞിയും കുടിച്ച് കഴിയാമെന്നു ചിന്തിക്കുമല്ലോ. ചൈനാക്കാൻ ഉള്ള ന്യൂഡിൽസും ചവച്ചു കഴിയാമെന്നായിരിക്കും വിചാരിക്കുന്നത്.

ഒടുവിലാൻ ∙

കൊച്ചു കേരളത്തിൽ കിഫ്ബി ബോണ്ട് ഇറക്കി അരലക്ഷം കോടി സമാഹരിക്കാൻ പോവുകയാണത്രെ. എന്നിട്ട് നാടുമുഴുക്കെ വികസനത്തോടു വികസനം. പണമൊരു പ്രശ്നമേയല്ല. പക്ഷേ, ബോണ്ട് കാലാവധി തീരുമ്പോൾ പലിശയടക്കം തിരിച്ചു കൊടുക്കണം. അതിനു കാശു കാണുമോ, കിഫ്ബി കൈവിട്ട കളിയാകുമോ..!!

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.