Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗുരുതര കരൾരോഗത്തിന്റെ പിടിയിൽ ആറു വയസുകാരി ആദ്യ

Adhya

ആലപ്പുഴ∙ കരൾ രോഗത്തെത്തുടർന്ന് നാലുവർഷമായി ദുരിതമനുഭവിക്കുകയാണ് ആലപ്പുഴ അർത്തുങ്കലൽ സ്വദേശിനിയായ ആറുവയസുകാരി. എഴുപതു ശതമാനത്തോളം പ്രവർത്തനം നിലച്ച കരൾ ഉടൻ മാറ്റിവയ്ക്കണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. എന്നാൽ മകളുടെ ചികിൽസാ ചിലവിന് വഴി കാണാതെ വിഷമിക്കുകയാണ് കൂലിപ്പണിക്കാരനായ അജയനും കുംബവും.

ആദ്യയെന്നാണ് ഇവളുടെ പേര്. ആരോടും മിണ്ടാതെ വീട്ടിൽ ഒതുങ്ങി കൂടുന്ന പ്രകൃതക്കാരിയായിരുന്നില്ല പണ്ട്. ചുറുചുറുക്കോടെ മുറ്റത്ത് ഓടിക്കളിച്ച പൊന്നോമന. രണ്ടുവയസുളളപ്പോൾ വന്ന പനിയിലാണ് തുടക്കം. പിന്നെ കണ്ണിന് മഞ്ഞ നിറമായി. അജയനും ഭാര്യ പ്രജിതയും കുഞ്ഞിനെ കാണിക്കാത്ത ആശുപ്രതികളില്ല. ഒടുവിൽ വെല്ലൂർ മെഡിക്കൽ കോളജിലെത്തി. ബയോപ്സിക്ക് നിർദേശിച്ചെങ്കിലും രക്തം കട്ടപിടിക്കാത്ത അവസ്ഥ കാരണം പരിശോധന നീണ്ടു. നാലു വർഷത്തിനിടക്ക് പതിനഞ്ചു പ്രാവശ്യം ആലപ്പുഴയിൽനിന്ന് വെല്ലൂരെത്തി. ഒടുവിൽ രോഗം കണ്ടുപിടിച്ചു. കരളിൽ കോപ്പറിന്റെ അംശം വളരെക്കൂടുതലാണ്. തന്മൂലം കരളിന് വലിപ്പം കൂടി. നിലവിൽ എഴുപതു ശതമാനത്തോളം പ്രവർത്തനം നിലച്ച അവസ്ഥ. കരൾ മാറ്റിവയ്ക്കലാണ് പോംവഴി. അതിന് ഇരുപതുലക്ഷം രൂപ വേണം. കയർ മേഖലയിലെ കൂലിപ്പണിക്കാരന് അതൊക്കെ വെറും സ്വപ്നം മാത്രം.

രോഗം മൂർച്ഛിച്ചതോടെ ആദ്യയുടെ വയർ വീർത്തുതുടങ്ങി. രണ്ടുകാലിലും നീരുണ്ട്. നന്നായി നടക്കാനാവില്ല. ചിരിയില്ല, കളിയില്ല, സംസാരമില്ല. കരൾ പകുത്തു നൽകാൻ നിറഞ്ഞ സ്നേഹത്തോടെ അമ്മയുണ്ട്. പക്ഷേ ചികിൽസാ ചിലവ് കണക്കുകൂട്ടലുകൾക്കും ഒരുപാട് അകലെ. നാലു വർഷത്തെ ചികിൽസയെത്തുടർന്ന് വീട് പണയത്തിലാണ്. നാട്ടിൽ മുഴുവൻ കടം. അതിനിടയിലും ആദ്യയെ അവളുടെ പഴയ പ്രസരിപ്പുള്ള ജീവിതത്തിലേയ്ക്ക് മടക്കികൊണ്ടുവരാൻ മാതാപിതാക്കൾ ശ്രമിക്കുകയാണ്.

Adya Ajayan A/C No 35834986357
SBI Arthungal branch
IFSC code SBIN 0008593