Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിടാതെ പിന്തുടർന്ന് രോഗങ്ങൾ; അനന്തു സുമനസുകളുടെ കനിവ് തേടുന്നു

ananthu

കോട്ടയം ∙ ഒത്തിരി പഠിക്കണം.. നല്ല ജോലി വാങ്ങി അച്ഛനെയും അമ്മയെയും അനിയനെയും നന്നായി നോക്കണം. അവർക്കു നല്ല ഭക്ഷണം കൊടുക്കണം. ഇങ്ങനെ വളരെ ചെറിയ ആഗ്രഹങ്ങൾ മാത്രമേ അനന്തുവിനുള്ളൂ. പക്ഷേ, ജനനം മുതൽ വിടാതെ പിന്തുടരുന്ന രോഗങ്ങൾ അനന്തുവിനെ തളർത്തുകയാണ്. ഇനി അവനു മുന്നോട്ടു പോകണമെങ്കിൽ സുമനസുകൾ കനിയണം.

പെരുവ, കാഞ്ഞിരംകണ്ടത്തിൽ ആനന്ദിന്റെയും പത്മയുടെയും മൂത്ത മകനാണ് അനന്തു. ജനിച്ച് അഞ്ചാം മാസം മുതൽ തലാസിമിയ എന്ന രോഗമാണ് അനന്തുവിനെ വേട്ടയാടുന്നത്. ശരീരത്തിനു രക്തം ഉൽപാദിപ്പിക്കാനുള്ള കഴിവില്ലാത്ത അവസ്ഥയാണ് തലാസിമിയ. ആകെയുള്ള സമ്പാദ്യമെല്ലാം വിറ്റ് മകനെ 15 വർഷം മാതാപിതാക്കൾ ചികിൽസിച്ചു. സ്ഥിരമായി രക്തം മാറ്റേണ്ടി വന്നതിനാൽ ഇപ്പോൾ അയൺ ഓവർലോഡ്, പ്രമേഹം, തൈറോയ്ഡ് തുടങ്ങിയ രോഗങ്ങളും അനന്തുവിനെ ബാധിച്ചിരിക്കുകയാണ്. രോഗം മൂലം ക്ലാസുകൾ പലതും മുടങ്ങിയെങ്കിലും പത്താം ക്ലാസ് പരീക്ഷ ഭംഗിയായി എഴുതി ഫലം കാത്തിരിക്കുകയാണ് അനന്തു.

പ്രതിമാസം ഇരുപതിനായിരത്തോളം രൂപയുടെ മരുന്നാണ് അനന്തുവിനു വേണ്ടത്. പപ്പട നിർമ്മാണ തൊഴിലാളികളായ ആനന്ദിനും പത്മയ്ക്കും താങ്ങാവുന്നതിലും ഏറെയാണ് ഈ ചെലവ്. ചികിൽസയ്ക്കായി പലയിടത്തു നിന്നുമായി വാങ്ങിയ കടം ഇപ്പോൾ തന്നെ തലയ്ക്കു മീതെയായി. ഇനി കനിവുള്ള കരങ്ങൾ മാത്രമാണ് ഇവരുടെ പ്രതീക്ഷ. നല്ല ചികിൽസ ലഭിച്ചാൽ അനന്തുവിന് ജീവിതത്തിലേക്കു തിരികെ വരാനാകും. ചികിൽസാ ധന ശേഖരണത്തിനായി അനന്തുവിന്റെ മാതാവ് പത്മ കണ്ണന്റെ പേരിൽ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ പെരുവ ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. നമ്പർ: 34173 52755. ഐഎഫ്എസ്‌സി – സിബിഐഎൻ‍0281312. ഫോൺ: 86062 22073.