Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹൃദയമാറ്റ ശസത്രക്രിയയ്ക്കു വിധേയനായ ബാലൻ ചികിൽസാ സഹായം തേടുന്നു

balan

കോട്ടയം∙കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിഞ്ഞ ആഴ്ച ഹൃദയം മാറ്റിവച്ച ബാലനും കുടുംബവും കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിൽ. ഹൃദയം മാറ്റിവയ്ക്ക് ശസ്ത്രക്രിയക്ക് വിധേയമായ വയനാട്, പുൽപ്പള്ളി, മുള്ളൻകൊല്ലി, കുന്നത്തുചാലിൽ കെ.കെ. ബാലൻ (51) ജീവിതത്തിലേക്ക് നടന്നുതുടങ്ങിയെങ്കിലും മരുന്നുകളുടെ പിന്തുണയിൽ മാത്രമാണ് മുന്നോട്ട് ജീവിക്കാൻ കഴിയുന്നത്. മരുന്ന് ഒരു നേരം തെറ്റിയാൽ പ്രതീക്ഷയും പ്രാർഥനയും വെറുതെയാകും. ഹൃദയയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് ശേഷം ഒരോ മാസവും 30000 രൂപയുടെ മരുന്നുകളാണ് ബാലന് വേണ്ടത്. ഒരു വർഷം കഴിയുമ്പോൾ മാസം 10000 രൂപയുടെ മരുന്നുകളായി കുറയും. എന്നാൽ നിർധന കുടുംബത്തിലെ ആംഗമായ ബാലന് സർക്കാരിന്റെ കാരുണ്യഫണ്ട് ഉയോഗിച്ചാണ് ശസ്ത്രക്രിയ നടത്തിയത്. തുടർ ചികിൽസയിലൂടെ ബാലന് മുന്നോട്ടു ജീവിക്കണമെങ്കിൽ സുമനസുകളുടെ സഹായം വേണം.

ക്വാറികളിൽ കരിങ്കൽ ജോലികൾ ചെയ്ത് കുടുംബം പുലർത്തിയിരുന്ന ബാലന് ആറു വർഷം മുൻപാണ് ആദ്യമായി ഹൃദയാഘാതം ഉണ്ടായത്. വയനാട്ടിലെ ചികിൽസാ സൗകര്യങ്ങളുടെ അഭാവം മൂലം കോട്ടയം മെഡിക്കൽ കോളജിലേക്ക് ചികിൽസകൾക്കായി കൊണ്ടുവരികയായിരുന്നു. ഏതാനും നാൾ ഇവിടെ മരുന്നുകൾ കഴിച്ച് ചികിൽസയിൽ കഴിഞ്ഞതിനു ശേഷം രോഗം കുറഞ്ഞതോടെ വീട്ടിലേക്ക് തിരിച്ചു പോയി. വീണ്ടും ഒരു വർഷം ജോലിക്ക് പോയി. ഈ സമയത്താണ് രണ്ടാമത്തെ ഹൃദയാഘാതം ഉണ്ടാകുന്നത്. പ്രാഥമിക ചികിൽസകൾക്ക് ശേഷം വീണ്ടും കോട്ടയത്ത് ചികിൽസകൾക്കായി കൊണ്ടുവന്നു. ഇവിടെ നടത്തിയ പരിശോധനകളിൽ ബൈപ്പാസ് ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചു. ശസ്ത്രക്രിയ നിശ്ചയിച്ചിരുന്ന അന്നുരാവിലെ വീണ്ടും ഹൃദയാഘാതമുണ്ടായി. ഇതോടെ ബൈപ്പാസ് ശസ്ത്രക്രിയ ചെയ്യാനാകില്ലെന്ന് ഡോക്ടർമാർ ഉറപ്പിച്ചു. ഹൃദയം മാറ്റിവച്ചാൽ മാത്രമേ മുന്നോട്ടു ജീവിക്കാൻ കഴിയുവെന്നും ഡോക്ടർമാർ പറഞ്ഞതോടെയാണ് ഇവർ ചികിൽസകൾക്കായി കോട്ടയം തൃക്കോതമംഗലത്ത് വാടകവീട് എടുത്ത് താമസം തുടങ്ങിയത്. ഭർത്താവിന്റെ ആരോഗ്യനില മോശമായതോടെ ഭാര്യ ഓമന കൂലിപ്പണിക്കും മകൻ രാംകുമാർ വാഹനമെക്കാനിക്കൽ ജോലികളിൽ സഹായിയായി പോയുമാണ് കുടുംബം പുലർത്തിയിരുന്നത്. ബാലന്റെ ചികിൽസകളെ തുടർന്ന് ഇരുവർക്കും മാസങ്ങളായി ജോലിക്കുപോകാൻ പോലും കഴിഞ്ഞിരുന്നില്ല.

ഇതുവരെ ഒന്നര ലക്ഷത്തോളം രൂപ ബാലന്റെ ചികിൽസകൾക്കായി ഇവർക്ക് ചെലവായി. ആകെ അഞ്ചു സെന്റ് സ്ഥലവും അതിലെ കൊച്ചുവീടും മാത്രമാണ് ഈ കുടുംബത്തിന് സ്വന്തമായുള്ളത്. ഭർത്താവിന്റെ തുടർ ചികിൽസകൾക്ക് എങ്ങനെ പണം കണ്ടെത്തുമെന്ന് അറിയാതെ കഷ്ടപ്പെടുകയാണ് ഈ കുടുംബം. ബാലന്റെ ചികിൽസകൾക്ക് മെഡിക്കൽ കോളജ് വളപ്പിലെ എസ്ബിടിയിൽ മകൻ രാംകുമാറിന്റെ പേരിൽ ചികിൽസാ ധനസഹായ നിധിയും ആരംഭിച്ചിട്ടുണ്ട്. ഫോൺ: 7025794228

ബാങ്ക് അക്കൗണ്ട്

എസ്ബിടി ഗാന്ധനഗർ ബ്രാഞ്ച്, കോട്ടയം

രാം കുമാർ കെ. ബി

അക്കൗണ്ട് നമ്പർ: 67366431503

ഐഎഫ്എസ്കോഡ്: എസ്ബിടിആർ0000111