Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൊന്നുമോൾക്കായി ഹ‌ൃദ്രോഗിയായ അമ്മയുടെ പ്രാർഥന

Bindu B Nair

കോട്ടയ‌ം∙ ഹ‌ൃദ്രോഗിയായ ഇന്ദിരാദേവി നെഞ്ചുരുകി പ്രാർഥിക്കുന്നത് ഒറ്റക്കാര്യമാണ്. പൊന്നുമോളുടെ ജീവിതം ഇരുട്ടിലാകരുതേ എന്ന്. ‌ദുർവിധി വിടാതെ പിന്തുടരുന്ന നിർധന കുടുംബത്തിലെ അംഗമായ ബിന്ദുവെന്ന പെൺകുട്ടിയുടെ കണ്ണുകളിൽ ജീവിതത്തിന്റെ നിറമുള്ള സ്വപ്നങ്ങൾ മങ്ങുകയാണ്. ഇരുവൃക്കകളും തകരാറിലായ ബിന്ദുവിന് ഒന്നിടവിട്ട ദിവസങ്ങളിൽ വേണ്ടിവരുന്ന ഡയാലിസിസിനായി സുമനസുകളുടെ സഹായം തേടുകയാണു ഹ‌ൃദ്രോഗിയായ അമ്മ ഇന്ദിര. കഴി‍ഞ്ഞ 20 വർഷത്തോളമായി വേട്ടയാടുന്ന പ്രമേഹത്തിന്റെ ദുരിതങ്ങൾ ബിന്ദുവിന്റെ ഇരുകണ്ണ‍ുകളുടേയും കാഴ്ച പൂർണമായി കവർന്നെടുക്കുന്ന തരത്തിൽ മൂർച്ഛിച്ചിരിക്കുകയാണ്. ഡയാലിസിസിനും മറ്റു മരുന്നുകൾക്കുമായി പ്രതിമാസം പതിനായിരത്തോളം രൂപയാണ് വേണ്ടിവരുന്നത്. ഡോക്ടർമാർ വൃക്ക മാറ്റിവയ്ക്കൽ നിർദേശിച്ചെങ്കിലും ബിന്ദുവിന്റെ ആരോഗ്യനില മോശമായതിനാൽ അതിനും കഴിയാത്ത അവസ്ഥയിലാണ്. എ പോസിറ്റീവ് കിഡ്നിയാണ് ബിന്ദുവിന് വേണ്ടത്.

വാഴൂർ പുളിക്കൽ കവലയിലെ പാറയ്ക്കൽ വീട്ടിലേക്ക് ഇടവിടാതെയാണ് വിധി ക്രൂരമായി പെയ്തിറങ്ങിയത്. പിതാവിന്റെ പെട്ടെന്നുള്ള മരണവും അമ്മയുടെ ഹ‌ൃദ്രോഗവും സഹോദരന‍ുണ്ടായ അപകടവും ക‌ൂടിയായതോടെ ബിന്ദുവിന്റെ ചികിത്സ വഴിമുട്ടി. രോഗപീഢ മൂലം ധനകാര്യ സ്ഥാപനത്തിലെ ജോലി കൂടി ഉപേക്ഷിക്കേണ്ടി വന്നതോടെ ആ വരുമാനമാർഗവും ഇല്ലാതായി. ആദ്യഘട്ട‌ത്തിൽ ആഴ്ചയിൽ ഒരു തവണ ചെയ്തിരുന്ന ഡയാലിസിസ് പിന്നീട് ഒന്നിടവിട്ട ദിവസങ്ങളിലാ‍യതോടെയാണ് ബിന്ദുവിന് ജോലിക്ക് പോകാൻ കഴിയാത്ത അവസ്ഥയിലായത്. രക്തത്തിലെ പഞ്ചസാരയുടെ അളവിൽ പെട്ടെന്ന് ഏറ്റക്കുറച്ചിൽ ഉണ്ടാകുന്നതിനാൽ ദിവസങ്ങളോളം ആശുപത്രിയിൽ അഡ്മിറ്റായി ചികിത്സ തേടേണ്ടി വരാറുണ്ട്. അയൽവാസികളുടെയും നല്ലവരായ നാട്ടുകാരുടേയും അകമഴിഞ്ഞ സഹായത്തോടെയാണ് ആശുപത്രിയിൽ മ‌ിക്കപ്പോഴും ബില്ലടയ്ക്കുന്നത്.

ഹ‌ൃദ്രോഗിയായ അമ്മ ഇന്ദിരയ്ക്കും അപകടത്തിൽ പരുക്കേറ്റ് ഒന്നര വർഷത്തോളമായി ചികിത്സയിൽ കഴിയുന്ന സഹോദരൻ അനീഷിനുമൊപ്പം പണി തീരാത്ത കൊച്ചുവീട്ടിലാണ് ബിന്ദു താമസിക്കുന്നത്. കൂലിപ്പണിയെടുത്ത് കുടുംബം പോറ്റിയിരുന്ന പിതാവ് ബാലകൃഷ്ണൻ മൂന്നു വർഷം മുമ്പ് പ്രമേഹം മൂർച്ഛിച്ച് മരിച്ചതോടെയാണ് ബിന്ദുവിന്റെ ജീവിതം ഇരുളിലായത്. ഏതാണ്ട് അഞ്ചു വർഷത്തോളം പ്രമേഹത്തിനു ചികിത്സ തേടിയ ശേഷമാണ് ബാലകൃഷ്ണൻ വിധിക്ക് കീഴടങ്ങിയത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ കുടുംബത്തിന്റെ ഭാരം ‌ഏറ്റെടുത്ത് അനീഷ് കൂലിപ്പണിക്കിറങ്ങിയെങ്കിലും വിധി പിന്നെയും ക്രൂരത കാട്ടി. കിണർ വൃത്തിയാക്കുന്ന ജോലിക്കിടെ ക‌യറിൽനിന്നു പിടിവിട്ട് ഇരുപതടിയോളം താഴ്ചയിലേക്ക് വീണ് ‌ഇരുകാലുകളും ഒടിഞ്ഞ അനീഷ് കഴിഞ്ഞ ഒന്നര വർഷത്തോളം കിടപ്പിലായിരുന്നു. ഇപ്പോൾ അനീഷ് വീണ്ടും ജോലിക്ക് പോയിത്തുടങ്ങിയെങ്കിലും ബിന്ദുവിന്റെ ആരോഗ്യനില മോശമായതിനാൽ വീടുവിട്ടു നിൽക്കാൻ കഴിയാത്ത അവസ്ഥയിലാണ്. സഹോദരിയുടെയും അമ്മയുടെയും ചികിത്സാച്ചെലവും കുടുംബത്തിന്റെ നിത്യവൃത്തിക്കുള്ള പണവും കണ്ടെത്താനാവാതെ നട്ടംതിരിയുകയാണ് ഇൗ യുവാവ്. ഇരുൾ പടരുന്ന ബിന്ദുവിന്റെ ജീവിതത്തിൽ ഉദാരമതികളുടെ കാരുണ്യം നറുവെട്ടമാകുമെന്ന പ്രതീക്ഷയിലാണ് കൊച്ചുകുടുംബം. ബിന്ദുവിന്റെ പേരിൽ എസ്ബിടി പുളിക്കൽകവല ബ്രാഞ്ചിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 67133714972. ഐഎഫ്എസ്‌സി കോഡ്: എസ്ബിടിആർ 0000953. ഫോൺ: 9562272495, 9745641927