Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജീവൻ നിലനിർത്താൻ ഈ കുരുന്നിനു വേണം സുമനസുകളുടെ സഹായം

abhinav

മൂലമറ്റം ∙ ഒന്നര വയസ്സിൽ നടത്തിയ ഒരു ശസ്ത്രക്രിയയെ തുടർന്ന് ശരീരം തളർന്ന അഭിവനിന്റെ ജീവൻ പിടിച്ചുനിർത്താൻ ചികിത്സ നടത്താൻ കഴിയാതെ തളരുകയാണ് ഒരു കുടുംബം. അറക്കുളം കാവുംപടി മുളക്കൽ രാജീവിന്റെയും ഭവ്യയുടേയും രണ്ടാമത്തെ മകൻ അഭിനവ് (5)ആണ് വേദന താങ്ങാനാവാതെ ജീവിതം തള്ളിനീക്കുന്നത്. മൂന്നര വർഷമായി ശരീരം തളർന്ന് കിടപ്പിലാണ്. ജനിച്ചപ്പോൾ കുട്ടിക്ക് നാലര തൂക്കമുണ്ടായിരുന്നു. പിന്നീടുള്ള തുടർ പരിശോധനയിൽ ഹൃദയ വാൽവിന് തകരാറുള്ളതായും ഹൃദയത്തിൽ ദ്വാരം ഉള്ളതായും കണ്ടെത്തി. ഹൃദയവാൽവിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെട്ടിരുന്നു. ക്രമേണ ഹൃദയവാൽവിന്റെ ദ്വാരങ്ങൾ അടഞ്ഞു. ഇതേ തുടർന്ന് ശ്വാസോച്ഛ്വാസം പലപ്പോഴും തടസ്സപ്പെടുന്ന അവസ്ഥയിലായി. ശരീരത്തിൽ ഓക്‌സിജന്റെ അളവ് 45 ശതമാനം മാത്രമേയുള്ളൂ. ഓക്‌സിജന്റെ അളവ് കുറയുന്നതിനാൽ ശരീരം മുഴുവനും കടും നീല നിറമാകും.

ഇതേ തുടർന്ന് എറണാകുളം, കോട്ടയം, ബാംഗ്ലൂർ എന്നിവിടങ്ങളിലെ ആശുപത്രികളിൽ ചികിത്സ തേടിയെങ്കിലും ശസ്ത്രക്രിയ വേണമെന്നും എട്ട് ലക്ഷത്തോളം രൂപാ ചിലവാകുമെന്നും ഡോക്ടർമാർ പറഞ്ഞു. എന്നാൽ ഇത് രാജീവിനും ഭാര്യക്കും താങ്ങാവുന്നതിലുമധികമായിരുന്നു. അഭിനവിന്റെ രോഗം പൂർണ്ണമായും മാറണമെങ്കിൽ മൂന്നു ശസ്ത്രക്രിയകൾ നടത്തണം. ഇതിൽ ആദ്യത്തേത് 2013ൽ കോട്ടയം മെഡിക്കൽ കോളേജിൽ വച്ച് നടത്തി. ശസ്ത്രക്രിയക്കിടെ വന്ന പിഴവാണ് ഇപ്പോഴത്തെ അവസ്ഥക്ക് കാരണം. ഇതോടെ ഓടി നടന്ന കുട്ടി കിടപ്പിലായിയെന്ന് രക്ഷിതാക്കൾ പറഞ്ഞു.

ശസ്ത്രക്രിയക്ക് ശേഷം നെഞ്ചിലെ എല്ലുകൾ ശരീരത്തിന് പുറത്തേക്ക് തളളി നിൽക്കുകയാണ്. കമഴ്ന്ന് കിടന്നാൽ തള്ളിനിൽക്കുന്ന എല്ല് പൊട്ടുമെന്നതിനാൽ കഴിഞ്ഞ മൂന്നര വർഷമായി അതിനും കഴിയുന്നില്ല. ശസ്ത്രക്രിയയോട് കൂടി സംസാരശേഷി പൂർണ്ണമായും ഒരു കണ്ണിന്റെ കാഴ്ച ഭാഗികമായും അഭിനവിന് നഷ്ടമായി. കഴിഞ്ഞ മൂന്നര വർഷമായി ഒരേ കിടപ്പിലാണ് അഭിനവ്. ഇടക്കിടെ കടുത്ത ശ്വാസതടസ്സം നേരിടുമ്പോൾ സമീപത്തെ ആശുപത്രിയിലെത്തിച്ച് ഓക്‌സിജൻ സിലിണ്ടർ ഘടിപ്പിച്ചാണ് അഭിനവിന്റെ ജീവൻ നിലനിർത്തുന്നത്. ഇപ്പോൾ കോട്ടയം മെഡിക്കൽ കോളേജ് വൈക്കം ഇൻഡോ അമേരിക്കൻ ഹോസ്പിറ്റൽ എന്നിവിടങ്ങളിലെ മരുന്നാണ് കഴിക്കുന്നത്. അലോപ്പതി മരുന്ന് തുടർച്ചയായി കഴിക്കുമ്പോൾ ഛർദ്ദി പിടിപെടുന്നതിനാൽ തിരുവനന്തപുരത്തു നിന്നും വരുത്തുന്ന ഹോമിയോ മരുന്നാണ് പലപ്പോഴും നൽകുന്നത്.

ഇതു വരെയുള്ള ചികിത്സക്കായി എട്ട് ലക്ഷത്തിലധികം രൂപാ ചിലവായി. ആകെയുണ്ടായിരുന്ന 50 സെന്റ് സ്ഥലം വിറ്റും സ്വർണ്ണം പണയം വച്ചുമാണ് ഇതുവരെയുള്ള ചികിത്സാ ചിലവ് കണ്ടെത്തിയത്. ലക്ഷങ്ങൾ വേണ്ടിവരുന്ന ചികിത്സകൾ കൊണ്ട് അഭിനവിനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാമെന്നാണ് ഡോക്ടർമാർ പറയുന്നത്. കെഎസ്ആർടിസിയിലെ എം പാനൽ ഡ്രൈവറായ രാജീവും വീട്ടമ്മയായ ഭവ്യയും ചികിത്സക്കായി വേണ്ടിവരുന്ന വൻതുകക്ക് മുന്നിൽ പകച്ച് നിൽക്കുകയാണ്. അഭിനവിന്റെ ചികിത്സാ ചിലവിലേക്ക് പണം സ്വരൂപിക്കുന്നതിനായി മൂലമറ്റം സെൻട്രൽ ബാങ്കിൽ അക്കൗണ്ടും തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 3334558329. ഐ.എഫ്.എസ്.സി കോഡ് സിബിഐഎൻ 0280965.

Your Rating: