Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അബുദാബിയിൽ വെന്റിലേറ്ററിൽ കഴിയുന്ന ഏലിയാസിനെ നാട്ടിലെത്തിക്കാൻ സഹായം തേടുന്നു

Alias അബുദാബിയിൽ വെന്റിലേറ്ററിൽ കഴിയുന്ന ഏലിയാസ് ജോർജ്

കൊച്ചി ∙ അബുദാബിയിൽ വച്ചു പക്ഷാഘാതം വന്നു ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിക്കപ്പെട്ട ഫോർട്ട്കൊച്ചി സ്വദേശിയെ നാട്ടിലെത്തിക്കാൻ സഹായം തേടി ബന്ധുക്കൾ. ഫോർട്ട്കൊച്ചി നസ്രേത്ത് കോയിപ്പറമ്പിൽ വീട്ടിൽ കെ.ഇ.ഫിലോദാസിന്റെ മകൻ ഏലിയാസ് ജോർജി (42) നെ നാട്ടിലെത്തിക്കാനാണു ബന്ധുക്കൾ സഹായം തേടുന്നത്. പക്ഷാഘാതത്തെ തുടർന്ന് അബുദാബി ക്ലീവ്‌ലാൻഡ് ആശുപത്രിയിലെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണു ഏലിയാസ്. തുടർ ചികിൽസയ്ക്കായി നാട്ടിലേക്കു ഏലിയാസിനെ എത്തിക്കണമെങ്കിൽ എയർ ആംബുലൻസ് വേണ്ടി വരുമെന്നതാണു തടസമായി നിൽക്കുന്നത്.

കഴിഞ്ഞ ജൂലൈ 16നു അബുദാബിയിൽ ടാക്സി ഡ്രൈവറായ ഏലിയാസ് ജോർജ് പക്ഷാഘാതത്തെ തുടർന്നു കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്നു സമീപത്തെ ക്ലിനിക്കിൽ എത്തിച്ചു. തലയിൽ രക്തം കട്ടപിടിച്ചതിനാൽ അബുദാബിയിലെ തന്നെ പ്രമുഖ ആരോഗ്യ കേന്ദ്രമായ ക്ലീവ്‌ലാൻഡിലേക്ക് എത്തിക്കുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഏലിയാസിന്റെ നിലയിൽ ഇതുവരെ പുരോഗതിയുണ്ടായിട്ടില്ല. ഇതുവരെ ബോധം തെളിഞ്ഞിട്ടില്ലാത്ത ഏലിയാസ് വെന്റിലേറ്ററിലാണ്. യുഎഇയിൽത്തന്നെ ജോലി നോക്കുന്ന ഏലിയാസിന്റെ സഹോദരൻ ഓസ്റ്റിൻ ബ്രൂസാണു സഹായത്തിനായി ഇപ്പോൾ ആശുപത്രിയിലുള്ളത്. ഏലിയാസിന്റെ ഭാര്യ അഞ്ജു അബുദാബിയിൽ എത്തിയിരുന്നെങ്കിലും വീസാ കാലാവധി കഴിഞ്ഞതിനെത്തുടർന്നു കഴിഞ്ഞ ദിവസം മടങ്ങിപ്പോരേണ്ടി വന്നു.

വെന്റിലേറ്റർ സഹായത്താൽ കഴിയുന്ന ഏലിസാസിനെ സാധാരണ വിമാനത്തിൽ നാട്ടിലേക്കെത്തിക്കാൻ സാധിക്കില്ല. എയർആംബുലൻസിൽ മാത്രമേ ഏലിയാസിനെ നാട്ടിലേക്കെത്തിക്കാൻ സാധിക്കൂ. ഇതിനു കേന്ദ്രസർക്കാരിന്റെ അനുമതി വേണം. ഭീമമായ ചിലവാണു എയർ ആംബുലൻസിനു വേണ്ടി വരുന്നതെന്നതും കുടുംബത്തെ കുഴക്കുന്നു. 35 മുതൽ 40 ലക്ഷം രൂപ വരെയാണു എയർ ആംബുലൻസിന്റെ ചിലവായി വേണ്ടി വരികയെന്നു ബന്ധുക്കൾക്ക് കിട്ടിയ അറിവ്. ഇത്രയും വലിയ തുക സംഘടിപ്പിക്കാൻ ഈ കുടുംബത്തിനു സാധിക്കില്ല. ഭാര്യയും സ്കൂളിൽ പഠിക്കുന്ന രണ്ടു കുട്ടികളുമുള്ള കുടുംബത്തിന്റെ ഏകവരുമാന മാർഗം ഏലിയാസായിരുന്നു.

ആശുപത്രി മാറ്റത്തിനുള്ള മറ്റുനടപടികളെല്ലാം കുടുംബം പൂർത്തിയാക്കിയിട്ടുണ്ട്. നാട്ടിലേക്കെത്തിച്ചാൽ ചികിൽസാ സൗകര്യമൊരുക്കാൻ തയാറെന്നു കാണിക്കുന്ന മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയുടെ കത്തും ബന്ധുക്കൾ നൽകിയിട്ടുണ്ട്. വേണ്ട സൗകര്യത്തോടെയുള്ള ആശുപത്രി മാറ്റത്തിനു ക്ലീവ്‌ലാൻഡ് ആശുപത്രിയും സമ്മതം അറിയിച്ചിട്ടുണ്ട്. സഹായം അഭ്യർഥിച്ച് കേന്ദ്രമന്ത്രി സുഷമാ സ്വരാജിനു ഏലിയാസിന്റെ അച്ഛൻ ഫിലോദാസ് നിവേദനം നൽകിയിരുന്നു. നാട്ടിലേക്കെത്തിച്ചു ചികിൽസിച്ചാൽ ഏലിയാസിന്റെ നിലയിൽ മാറ്റം വരുമെന്നാണു ഇവർ ഉറച്ചു വിശ്വസിക്കുന്നു. അബുദാബിയിൽ എത്തി ഏലിയാസിനെ പരിചരിക്കാൻ സാധിക്കാത്ത വിഷമത്തിലുമാണ് ഇവരെല്ലാവരും. എയർ ആംബുലൻസിന്റെ കാര്യത്തിൽ കേന്ദ്രസർക്കാരിൽ നിന്നും സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബം.

Your Rating: