Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സഹായിക്കാം ഒരു വശം തളർന്ന് കിടപ്പിലായ ഈ ഗൃഹനാഥനെ

charity-babu

തൊടുപുഴ∙ മസ്തിഷ്കാഘാതം സംഭവിച്ച് ഒരു വശം തളർന്ന് കിടപ്പിലായ നിർധനനായ തൊഴിലാളി ചികിത്സക്കായി സഹായം തേടുന്നു. കുമാരമംഗലം അറക്കമലപറമ്പ് മുതിരക്കാട്ടുപറമ്പിൽ ബാബു(42)വാണ് ചികിത്സാ സഹായം തേടുന്നത്. ഉത്സവ പറമ്പുകളിലും മറ്റും മൺപാത്രങ്ങൾ വിൽപന നടത്തുന്നവർക്കൊപ്പം ജോലി ചെയ്തിരുന്ന ബാബുവിനു മൺപാത്രവുമായി ലോറിയിൽ പോകുന്നതിനിടെയാണ് കഴിഞ്ഞ ഫെബ്രുവരി അഞ്ചിനു മസ്തിഷ്ഘാതം ഉണ്ടായത്. അന്നു മുതൽ കളമശേരി രാജഗിരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.

മാസങ്ങളോളം അവിടെ കിടത്തി ചികിത്സ നടത്തിയതിനെ തുടർന്ന് ശരീരത്തിന്റെ ഒരു വശം ഭാഗികമായി ശരിയായെങ്കിലും വലതുവശം തളർന്നു കിടപ്പിലാണ്. പരസഹായമില്ലാതെ എഴുന്നേറ്റ് ഇരിക്കാൻപോലുമാകാത്ത അവസ്ഥയിൽ കഴിയുന്ന ബാബുവിന്റെ ചികിത്സക്കായി ഇതുവരെ അഞ്ച് ലക്ഷത്തോളം രൂപയായി. നിർധന കുടുംബമായ ഇവരുടെ സമ്പാദ്യവും വീട് പണയപ്പെടുത്തിയതും വിവിധ സംഘടനകളും നാട്ടുകാരും മറ്റും സഹായം ചെയ്തുമാണ് ഇതുവരെ ചികിത്സ നടത്തിയത്. മൂത്ത മകളെ വിവാഹം കഴിച്ചയതിന്റെ കടബാധ്യത നിൽക്കുമ്പോഴാണു ബാബുവിനു രോഗം പിടിപെട്ട് കിടപ്പിലായത്.

ആറ് സെന്റ് സ്ഥലം മാത്രമുള്ള ബാബുവിനൊപ്പം അമ്മയും ഭാര്യ മിനിയും രണ്ട് പെൺമക്കളുമാണുള്ളത്. മൂത്ത മകളെ വിവാഹം കഴിച്ച് അയച്ചു. ഭാര്യയും പ്ലസ് വണിനു പഠിക്കുന്ന ഇളയ മകളും അമ്മയുമാണു കിടപ്പിലായ ബാബുവിനെ പരിചരിക്കുന്നത്. ഇപ്പോൾ ഭാര്യ മിനി അയൽവീടുകളിൽ കൂലിവേല ചെയ്താണു വീട്ടുകാര്യങ്ങളും മറ്റും നടത്തുന്നത്. പത്താം ക്ലാസിൽ നല്ല മാർക്കോടെ വിജയിച്ച ഇളയ മകൾക്കു തുടർപഠനത്തിനും ബാബുവിന്റെ ചികിത്സയ്ക്കും പണം കണ്ടെത്താൻ കഴിയാതെ ഈ നിർധന കുടുംബം വിഷമിക്കുകയാണ്.

ബാബുവിനു സ്വന്തം കാര്യങ്ങളെങ്കിലും നോക്കാൻ പ്രാപ്തനാക്കാനുള്ള ചികിത്സക്കായി ഇവർ ഉദാരമതികളിൽ നിന്നും സഹായം അഭ്യർഥിക്കുകയാണ്. ഇതിനായി വാർഡ് മെമ്പർ ഉഷ രാജശേഖരന്റെയും ബാബുവിന്റെ അമ്മ അമ്മിണിയുടെയും പേരിൽ യൂണിയൻ ബാങ്ക് കുമാരമംഗലം ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. നമ്പര്‍– 445402010012111. െഎഎഫ്എസ്‌സി കോഡ് – യുബിെഎ നമ്പർ 544540.